റിയാദ്: റിയാദിൽ സമാപിച്ച കിങ് അബ്ദുൽ അസീസ് ഫാൽക്കൺ ഫെസ്റ്റിവലിലെ അന്താരാഷ്ട്ര കോൺഫറൻസിൽ പ്രഭാഷകനായി മലയാളിയും. ഗവേഷകനും കാലിക്കറ്റ് സർവകലാശാല അധ്യാപകനുമായ ഡോ. സുബൈർ മേടമ്മലാണ് കിങ് സഊദ് യൂനിവേഴ്സിറ്റിയും സൗദി ഫാൽക്കൺ ക്ലബും യോജിച്ചു നടത്തിയ പ്രാപ്പിടിയൻ പക്ഷികളെ സംബന്ധിച്ച ശിൽപശാലയിൽ പ്രഭാഷണം നടത്തിയത്. ഫാൽക്കണ്‍ പക്ഷികളുടെ രോഗ നിർണയത്തിൽ ‘നിർമിത ബുദ്ധിയുടെ സാധ്യതകൾ’ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
കൃത്രിമ ബുദ്ധി ഉപയോഗിച്ച് ഫാൽക്കണുകളുടെ രോഗ നിർണയവും രോഗ വർഗീകരണവും നടത്താനാവുമെന്ന് അദ്ദേഹം സമർഥിച്ചു. വൈറസ്, ബാക്റ്റീരിയ, ഫംഗസ്, പ്രോട്ടോസൊവ തുടങ്ങി രോഗാണുക്കൾ മൂലം ഫാൽക്കണുകൾക്കുണ്ടാകുന്ന രോഗങ്ങളെ നിർമിത ബുദ്ധി ഉപയോഗിച്ച് കണ്ടെത്തി പക്ഷികൾക്ക് രോഗപ്രതിരോധ ശക്തിയുള്ളതാക്കി തീർക്കുകയാണ് ലക്ഷ്യമെന്ന് ഡോ. സുബൈർ പറഞ്ഞു.
വിവിധ രോഗങ്ങളുടെ വർഗീകരണവും അതിനനുസരിച്ചു ഫാൽക്കണുകളെ രോഗം വരാതെ സംരക്ഷിക്കാനും പരിരക്ഷിക്കാനും നിർമിതബുദ്ധി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ശിൽപശാലയിൽ ഡോ. സുബൈർ വിശദീകരിച്ചു.
കിങ് സഊദ് യൂനിവേഴ്സിറ്റിയിലെ സെന്റർ ഓഫ് എക്സലൻസ് ബയോടെക്നോളജിയിലെ വിദ്യർഥികളും അധ്യാപകരും കൂടാതെ യൂനിവേഴ്സിറ്റിയിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർഥികളും ശിൽപശാലയിൽ പങ്കെടുത്തു. ലോകത്തിലെ എഴുപതോളം രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ പങ്കെടുത്ത ശിൽപശാലയിൽ ഏക ഇന്ത്യൻ പ്രതിനിധിയായിരുന്നു ഡോ. സുബൈർ മേടമ്മൽ. ഒക്ടോബർ മൂന്ന് മുതൽ 12 വരെ റിയാദിലെ മൽഹമിലുള്ള സൗദി ഫാൽക്കൺ ക്ലബ് ആസ്ഥാനത്താണ് കിങ് അബ്ദുൽ അസീസ് ഫാൽക്കൺ ഫെസ്റ്റിവൽ നടന്നത്. 70 രാജ്യങ്ങൾ പങ്കെടുത്ത ഈ സമ്മേളനത്തിൽ വലിയ ജനപങ്കാളിത്തമാണുണ്ടായത്.
തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയായ ഡോ. സുബൈര്‍ മേടമ്മല്‍ കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ ജന്തുശാസ്ത്ര വിഭാഗത്തിലെ അധ്യാപകനും അന്തർദേശീയ പക്ഷി ഗവേഷണ കേന്ദ്രം കോഓഡിനേറ്ററും കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.