തിങ്കളാഴ്ച പാരിസിൽ നടന്ന ഫ്രാൻസ്-സൗദി ഇൻവെസ്റ്റ്മെൻറ് ഫോറത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ സൗദിനിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് സംസാരിക്കുന്നു
റിയാദ്: തിങ്കളാഴ്ച പാരിസിൽ നടന്ന ഫ്രാൻസ്-സൗദി നിക്ഷേപസംഗമത്തിൽ 24 കരാറുകളിൽ ഒപ്പുവെച്ചത് റിയാദും പാരിസും തമ്മിലുള്ള സാമ്പത്തികബന്ധത്തിന് ഉത്തേജനമാകും. ഊർജം, പ്രതിരോധം, ടെലികമ്യൂണിക്കേഷൻ തുടങ്ങിയ വിവിധ മേഖലകളിലാണ് സൗദിയും ഫ്രഞ്ച് കമ്പനികളും തമ്മിൽ കരാറിൽ ഒപ്പുവെച്ചത്. ഊർജ മേഖലയിലെ നിക്ഷേപാവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫ്രഞ്ച് സ്ഥാപനമായ ‘സ്പൈ’ ഗ്രൂപ്പുമായി ഒപ്പുവെച്ച ധാരണപത്രം ഇതിൽ പ്രധാനപ്പെട്ടതാണ്.
സൗദി അറേബ്യയുടെ നിക്ഷേപ മന്ത്രാലയം ഫ്രഞ്ച് സ്ഥാപനം ‘വല്ലവ്റെക്കു’മായി ഒപ്പിട്ട ധാരണപത്രം ഊർജ വ്യവസായത്തിനായി പ്രത്യേക ഫാബ്രിക്കേഷനുകൾ നിർമിക്കാൻ സൗദിയെ സഹായിക്കും. സൗദി അറേബ്യയുടെ മാലിന്യസംസ്കരണ പരിപാടികളിൽ പങ്കാളികളാകാനുള്ള അവസരമൊരുക്കി ഫ്രാൻസിന്റെ ‘വിയോലിയ’യുമായും മന്ത്രാലയം ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്. സൗദി നിക്ഷേപ മന്ത്രാലയം, ജുമാൻ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെൻറ് കമ്പനി, ഫ്രാൻസിലെ ഗെർഫ്ലർ എന്നിവ തമ്മിൽ ഫ്ലോറിങ്, ടൈൽ വ്യവസായത്തിൽ സംയുക്ത സംരംഭം സൃഷ്ടിക്കുന്നതിനുള്ള ത്രികക്ഷി കരാർ ഒപ്പുവെച്ചു.
സൗദി അറേബ്യൻ മിലിട്ടറി ഇൻഡസ്ട്രീസും സൗദി ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെൻറ് കമ്പനിയും ഫ്രഞ്ച് കമ്പനിയായ ഫിഗെക് എയ്റോയുമായി വിമാനഭാഗങ്ങൾ നിർമിക്കുന്ന മറ്റൊരു സുപ്രധാന ത്രികക്ഷി കരാറിലും ഒപ്പിട്ടു.എലിവേറ്ററുകൾ, എസ്കലേറ്ററുകൾ, ചലിക്കുന്ന നടപ്പാതകൾ എന്നിവ നിർമിക്കുന്നതിനുള്ള കരാർ, ഗ്രീൻ സിമൻറിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമായി ഫ്രാൻസിലെ ഹോഫ്മാൻ ഗ്രീൻ സിമൻറ് ടെക്നോളജീസുമായുള്ള കരാർ എന്നിവയും ഒപ്പിട്ടവയിൽ പ്രധാനമാണ്. ഡെവോടീം മിഡിലീസ്റ്റിന്റെ 40 ശതമാനം ഓഹരി സൗദി ടെലികമ്യൂണിക്കേഷൻസ് ഏറ്റെടുക്കാൻ ധാരണയായി.
സൗദി അൽഫനാർ ഗ്രൂപ്പും ഫ്രാൻസിന്റെ വിയോലിയയും സൗദിയിലെ ജലപദ്ധതികളിൽ സഹകരിക്കും. സൗദി അറേബ്യയുടെ ചെലവുകുറഞ്ഞ വിമാനക്കമ്പനിയായ ഫ്ലൈനാസ് 30 വിമാനങ്ങൾ വാങ്ങുന്നതിനായി ഫ്രഞ്ച് എയ്റോ സ്പേസ് നിർമാതാക്കളായ എയർബസുമായി 1400 കോടി റിയാലിന്റെ കരാറിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.