റിയാദ്: ഈദുൽഫിത്റുമായി ബന്ധപ്പെട്ട് റിയാദിൽ 25 സ്ഥലങ്ങളിൽ ആഘോഷപരിപാടികൾ. ‘ഹവാമാത് അൽ ഈദ്’ എന്ന പേരിൽ റിയാദ് മുനിസിപ്പാലിറ്റിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പഴയ നജ്ദ് കാലത്തെ പുരാതന നാടോടി കലാപരിപാടികൾ അരങ്ങേറും. ഈദ് ദിവസം വൈകീട്ട് ഏഴ് മുതൽ അർധരാത്രി വരെ 16 സ്ഥലങ്ങളിൽ ‘ഹവാമാത് ഈദ്’ പരിപാടികൾ ആരംഭിക്കും. കൂടാതെ തിരഞ്ഞെടുത്ത നിരവധി പള്ളികളിൽ ഈദ് നമസ്കാരത്തോടനുബന്ധിച്ച് രാവിലെ ഒമ്പത് മുതൽ പരിപാടികൾക്ക് തുടക്കം കുറിക്കും.
അൽ മഅ്ഥർ അൽ ശമാലി, ഹിത്തീൻ, കിങ് അബ്ദുല്ല, അൽ നസീം അൽ ഗർബി, അൽ ആരിദ്, അൽ റബുഅ, അൽ ഹദ, ഖുർതുബ, അൽ നഹ്ദ, അൽ സഹ്റ ശബ്റ, അൽ സലാം, അൽ റയ്യാൻ, കിങ് ഫഹദ്, അൽ മഹ്ദിയ, അൽ ഫൈഹാഅ് എന്നീ ഡിസ്ട്രിക്ടുകളിൽ സയാഹ്ന പരിപാടികൾ അരങ്ങേറും. അൽ സലാം ഡിസ്ട്രിക്ടിലെ അൽ ഇസ് മസ്ജിദ്, അൽ അവ്വാദ് മസ്ജിദ്, ദുൽ-നൂറിൻ മസ്ജിദ്, അൽ ഇസ് ബിൻ അബ്ദുൽ സലാം മസ്ജിദ്, ഇമാം അൽ ദഅ്വ മസ്ജിദ്, അൽ റയ്യാൻ ഡിസ്ട്രിക്ടിലെ തുർക്കി മസ്ജിദ് എന്നിവയിൽ പ്രഭാത പരിപാടികൾ നടക്കും.
‘ഹവാമാത് ഈദ്’ ഒരു പുരാതന നാടോടി പൈതൃകമാണ്. പുരാതന കാലം മുതൽ നജ്ദിൽ അറിയപ്പെടുകയും പിന്നീട് നിരവധി ആചാരങ്ങളും പാരമ്പര്യങ്ങളും പോലെ മിക്ക രാജ്യങ്ങളിലും ഇത് അപ്രത്യക്ഷമാവുകയും ചെയ്തു. അടുത്തിടെ വ്യക്തിഗത സംരംഭങ്ങളുമായി അത് പൈതൃകം, ആധികാരികമായ ആചാരങ്ങൾ, പൈതൃക പാരമ്പര്യങ്ങൾ എന്നിവയോടുള്ള താൽപര്യത്തിന്റെ ഫലമായി അത് വീണ്ടും പടരാനും തിരിച്ചുവരാനും തുടങ്ങിയിരിക്കുന്നു.
കുട്ടികളുടെ ഹൃദയങ്ങളിൽ സന്തോഷം പ്രതിഫലിപ്പിക്കുകയും ദൈവത്തിന്റെ ആചാരങ്ങളോടുള്ള ആദരവും അനുഗ്രഹീതമായ ഈദുൽ ഫിത്റിൽ സന്തോഷവും പകരുകയും ചെയ്യുക എന്നതിൽനിന്നാണ് ഈ മനോഹരമായ പരമ്പരാഗത ആചാരത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ആശയം വീണ്ടും ഉയർന്നുവന്നത്. പെരുന്നാൾ ദിവസങ്ങളിൽ മുൻകാലങ്ങളിൽ നിലനിന്നിരുന്ന ജനകീയ പാരമ്പര്യവും ആചാരങ്ങളും പുനരുജ്ജീവിപ്പിക്കാനുള്ള സംരംഭങ്ങളിലുൾപ്പെടുന്നതാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.