ജിദ്ദ: സ്വകാര്യ സ്ഥാപനങ്ങൾ അവരുടെ തൊഴിലാളികൾക്ക് ജോലി സംബന്ധമായി നൽകുന്ന പരിശീലനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവ്. അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഉത്തരവ് ബാധകം. മന്ത്രാലയത്തിന്റെ ‘ഖിവ’ പോർട്ടലിൽ എല്ലാ വർഷവും ഈ വിവരങ്ങൾ രേഖപ്പെടുത്തണമെന്നും മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി ഉത്തരവിട്ടു.
സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ പരിശീലന പരിപാടികളുടെ ഗുണമേന്മയും കാര്യക്ഷമതയും ഉയർത്താനും അവരുടെ ജീവനക്കാരുടെ ശേഷിയും പ്രാപ്തിയും വർധിപ്പിക്കാനും വികസനത്തിനും വളർച്ചക്കുമുള്ള അവസരങ്ങൾ നിലനിർത്താനും ലക്ഷ്യമിട്ടാണ് തീരുമാനം.
ദേശീയ തലത്തിൽ പരിശീലന വിവരങ്ങളുടെ വ്യക്തമായ സൂചകങ്ങൾ നൽകാനും തൊഴിലാളികളുടെ പ്രകടനവും ഉൽപാദനക്ഷമതയും മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യംവെക്കുന്നു. തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനും തൊഴിൽ വിപണിയിൽ ആവശ്യമായ വൈദഗ്ധ്യം നൽകുന്നതിനും സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള ദേശീയ പരിപാടിയുടെ ഭാഗമാണിത്.
വർഷാവസാനമാണ് ഓരോ സ്ഥാപനങ്ങളും പരിശീലനം സംബന്ധിച്ച മുഴുവൻ വിവരങ്ങളും നൽകേണ്ടത്. പരിശീലനം ആകെ എത്ര മണിക്കൂർ എന്നതുൾപ്പെടെയുള്ള വിവരങ്ങളാണ് വെളിപ്പെടുത്തേണ്ടത്.
ജീവനക്കാർ, വിദ്യാർഥികൾ, ബിരുദധാരികൾ, തൊഴിലന്വേഷകർ എന്നീ വിഭാഗമായി തിരിച്ച് പരിശീലനം പൂർത്തിയാക്കിയ ട്രെയിനികളുടെ എണ്ണം അതിൽ വ്യക്തമാക്കിയിരിക്കണം. പരിശീലന കാലയളവ് പ്രതിവർഷം ഓരോ ട്രെയിനിക്കും എട്ട് മണിക്കൂറിൽ കുറവായിരിക്കരുത്.
അടുത്ത വർഷത്തേക്കുള്ള പരിശീലന പദ്ധതികൾ, പരിശീലന പ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ, റിപ്പോർട്ടുകൾ, ട്രെയിനികളുടെ എണ്ണം എന്നിവ നിർണയിച്ചിരിക്കുകയും വേണം. തൊഴിൽ വിപണിയിലെ പരിശീലന സൂചകങ്ങളുടെ കൃത്യമായ വിവരം ലഭിക്കുന്നതിന് ഈ തീരുമാനം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ സൂചകങ്ങൾ അനുസരിച്ച് സ്വകാര്യ മേഖലയുമായി സഹകരിച്ച്, തൊഴിലാളികൾക്കുള്ള പരിശീലന പരിപാടികളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്തുന്നതിന് ആവശ്യമായ പ്രോത്സാഹനങ്ങളും ഉചിതമായ നയങ്ങളും പരിപാടികളും വികസിപ്പിക്കാനാകും.
മന്ത്രാലയ വെബ്സൈറ്റിൽ നടപടിക്രമം സംബന്ധിച്ച ഗൈഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൊഴിലുടമകൾക്കും സ്ഥാപനങ്ങൾക്കുമുള്ള വെളിപ്പെടുത്തൽ സംവിധാനം, പരിശീലന ആവശ്യകതകൾ, തീരുമാനം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്ന പിഴകൾ എന്നിവ അതിൽ വിശദീകരിക്കുന്നുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.
തൊഴിൽ വിപണിയിൽ സ്ഥിരതയും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്നതിനും തൊഴിലാളികളുടെ അറിവ്, കഴിവ്, പരിശീലനം എന്നിവയുടെ നിലവാരം മെച്ചപ്പെടുത്താനും മന്ത്രാലയം വിവിധ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. അതിന്റെ തുടർച്ചയാണ് 50ലധികം ആളുകളുള്ള സ്ഥാപനങ്ങൾക്ക് പരിശീലന പരിപാടികൾ വെളിപ്പെടുത്തൽ നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.