മദീന: വൈദ്യുതിക്കാറുകൾക്കായുള്ള ആദ്യത്തെ അതിവേഗ ചാർജിങ് സേവനത്തിന് മദീന നഗരസഭയിൽ വ്യാഴാഴ്ച തുടക്കമായി. ആദ്യഘട്ടത്തിൽ സുൽത്താന റോഡും ഖാലിദ് ബിൻ അൽവലീദ് റോഡും സന്ധിക്കുന്ന സ്ഥലത്താണ് അതിവേഗ ചാർജിങ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
രാജ്യത്തെ പൗരന്മാരും വിദേശതാമസക്കാരും വൈദ്യുതോർജം ഉപയോഗിക്കാനും അതുവഴി കാർബൺ ബഹിർഗമനം കുറയ്ക്കാനും പാരിസ്ഥിതിക നേട്ടമുണ്ടാക്കാനും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു കേന്ദ്രത്തിന് തുടക്കമിട്ടത്.
സുരക്ഷനിബന്ധനകളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചാണ് പുതിയ സേവനം നൽകുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പരമാവധി എട്ട് മണിക്കൂറിനുള്ളിൽ ഒരു ഇലക്ട്രിക് കാർ പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും.
സെൻട്രൽ മേഖലയിൽ മൂന്ന് പോയന്‍റുകൾ, ഉഹുദ് അവന്യൂ, എയർപോർട്ട് റോഡ്, അൽ അബ്ബാസ് ബിൻ ഉബാദ നടപ്പാത, ഉമറിബ്നുൽ ഖത്താബ് റോഡ് എന്നിവയുൾപ്പെടെ ഏഴ് സ്ഥലങ്ങളിലും അതിവേഗ ചാർജിങ് കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.