ജിദ്ദ: ഫോക്കസ് ഇന്റർനാഷനൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് ബുക്ക് ഹറാജ് നാളെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകീട്ട് നാലു മണി മുതൽ ശറഫിയ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അങ്കണത്തിലാണ് പരിപാടി. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ 40ാം വാർഷികത്തിന്റെ ഭാഗമായാണ് ബുക്ക് ഹറാജ് ഉൾപ്പെടെ വിവിധ പരിപാടികളുമായി ലിറ്റ് എക്സ്പോ സംഘടിപ്പിക്കുന്നത്.
വായനയെ ഇഷ്ടപ്പെടുന്ന, പുസ്തകങ്ങളെ സ്നേഹിക്കുന്ന പ്രവാസി സമൂഹത്തിനായി പഴയതും പുതിയതുമായ രണ്ടായിരത്തോളം പുസ്തകങ്ങൾ വിവിധ സ്റ്റാളുകളിലായി ലഭിക്കും. വായന പ്രോത്സാഹിപ്പിക്കാനും വായിച്ച പുസ്തകങ്ങൾ കൈമാറ്റം ചെയ്യാനും അവസരമൊരുക്കിക്കൊണ്ടാണ് ബുക്ക് ഹറാജ് ഒരുക്കുന്നത്. വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ ചെറിയ വിലക്ക് വാങ്ങാൻ അവസരം ലഭിക്കുന്നതോടൊപ്പം രാജ്യാന്തര എഴുത്തുകാരുടെയും പ്രവാസി എഴുത്തുകാരുടെയും പുതിയ പുസ്തകങ്ങൾ സ്റ്റാളുകളിൽ ഉണ്ടായിരിക്കും. കൂടാതെ വിദ്യാർഥികൾക്കായുള്ള അക്കാദമിക് പുസ്തകങ്ങളും ഗൈഡുകളും ബുക് ഹറാജിൽ ലഭ്യമായിരിക്കും.
ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങുന്ന ഫുട്ബാൾ പ്രേമികൾക്ക് 'ഹയ്യ ഹയ്യ' വേൾഡ് കപ്പ് ഹീറ്റ്‌സിൽ സെൽഫി കോർണർ, ലോകകപ്പിലെ മുൻകാല പരിപാടികൾ കോർത്തിണക്കിയ വിഡിയോ പ്രദർശനം, പ്രിയപ്പെട്ട ടീമുകളുടെ ജഴ്‌സിയുമായി സ്നാപ്പുകളെടുക്കാനും ലോകകപ്പ് ക്വിസ് മത്സരത്തിൽ പങ്കെടുത്ത് സമ്മാനം നേടാനുമുള്ള അവസരം എന്നിവയുണ്ടാകും.
കലയെ സ്നേഹിക്കുന്നവർക്കും കാലിഗ്രഫി ഇഷ്ടപ്പെടുന്നവർക്കുമായി കരവിരുതിൽ വിസ്മയം തീർത്ത പെയിന്റിങ്, കാലിഗ്രഫി പ്രദർശനമായ ആർട്ടിബിഷൻ എന്നിവ ഒരുക്കിയിട്ടുണ്ട്. ആധുനിക സമൂഹത്തിന് ഉപകാരപ്പെടുന്ന അറിവുകൾ സമ്മാനിച്ച ലോക മുസ്‍ലിം ചരിത്രത്തിലെ ശാസ്ത്ര സാഹിത്യ പ്രതിഭകളെയും അവരുടെ സംഭാവനകളെയും പരിചയപ്പെടുത്തുന്ന ലെഗസി, വരയിൽ വിസ്മയം തീർക്കാൻ കുട്ടികൾക്കായി ഓപൺ കാൻവാസ്, വായനയുടെയും രുചിയുടെയും ആസ്വാദനവുമായി ബുക്സ്റ്റോറന്റ് തുടങ്ങി വിജ്ഞാനവും വിനോദവും ഉൾപ്പെടുത്തിയ വ്യത്യസ്തങ്ങളായ സ്റ്റാളുകൾ ലിറ്റ് എക്സ്‌പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്നും ഫോക്കസ് ജിദ്ദ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.