ജിദ്ദ: കണ്ണമംഗലം മാസ് റിലീഫ് സെൽ സംഘടിപ്പിച്ച അബീർ മെഡിക്കൽ ഗ്രൂപ് വിന്നേഴ്സ് ട്രോഫിക്കും കാഷ് അവാർഡിനും മൂവർണപ്പട ജി.സി.സി റണ്ണേഴ്സ് ട്രോഫിക്കും കാഷ് അവാർഡിനും വേണ്ടിയുള്ള ഒന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ മന്തി ജസീറ രിജാൽ അൽ മഹ ദർബ് ജേതാക്കളായി.
മത്താർ ഗദീം ശബാബിയ്യ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് അഡ്മോൻഡ് എഫ്.സി യെ പരാജയപ്പെടുത്തിയാണ് ടീം ചാമ്പ്യന്മാരായത്. മുഹമ്മദ് അസ്‍ലമാണ് ഇരു ഗോളുകളും സ്കോർ ചെയ്തത്. എട്ട് പ്രഗല്ഭരായ ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഓരോ മത്സരവും മികച്ചതായിരുന്നു. നിശ്ചിത സമയത്തും പെനാൽറ്റിയിലും സമനിലയായതിനാൽ ടോസിലൂടെയാണ് ചില മത്സരങ്ങളുടെ ഫലം തീരുമാനമായത്. അബീർ മെഡിക്കൽ ഗ്രൂപ് എക്സി.ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങൽ വിജയികൾക്കുള്ള ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു.
റണ്ണറപ്പായ അഡ്മോൻഡ് എഫ്.സിക്ക് മൂവർണപ്പടയുടെ കെ.ടി. റസാഖ്, നൗഫൽ, സനൂപ്, സൈഫു എന്നിവർ ചേർന്ന് ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു. ടൂർണമെന്റിലെ അച്ചടക്കമുള്ള ടീമിനുള്ള ഫെയർ പ്ലേ ട്രോഫി ബുഷിയ റോയൽ എഫ്.സി ജിദ്ദ ടീമിന് റിഹേലി പോളിക്ലിനിക് എം.ഡി പി.പി. ബാപ്പുട്ടി സമ്മാനിച്ചു. സിഫ് പ്രസിഡന്റ് ബേബി നിലാമ്പ്ര മുഖ്യാതിഥിയായിരുന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത മന്തി ജസീറയുടെ ഫഹദിനുള്ള ശറഫിയ്യ എയർ ലിങ്ക് കാർഗോ ട്രോഫി മാസ് റിലീഫ് സെൽ കൺവീനർ മജീദ് ചേറൂർ സമ്മാനിച്ചു. മികച്ച ഗോൾകീപ്പറായ ജസീറ മന്തിയുടെ ഷറഫുദ്ദീന് സഹാറ ഗ്രൂപ് എം.ഡി ഉണ്ണീൻ പുലാക്കലും ടൂർണമെന്റിലെ ടോപ് സ്‌കോറർ മുഹമ്മദ് അസ്‍ലമിന് ഒ.ഐ.സി.സി കണ്ണമംഗലം കമ്മിറ്റി നൽകുന്ന ട്രോഫി സ്പോർട്സ് കൺവീനർ കെ.സി. ഷെരീഫും ഏറ്റവും മികച്ച ഡിഫൻഡറായ അഡ്മോൻഡ് എഫ്.സിയുടെ ഷെഫീഖിന് നോഹ ഗ്രൂപ് എം.ഡി മുസ്തഫ കോയിസ്സനും സെമി ഫൈനൽ മത്സരങ്ങളിലെ മാൻ ഓഫ് ദി മാച്ചിന് സ്പോർട്സ് കൺവീനർ അബ്ദുൽ നാസർ കോഴിത്തൊടിയും ഓഡിറ്റർ ഇല്യാസ് കണ്ണമംഗലവും ട്രോഫികൾ നൽകി. ഇതോടൊപ്പം നടന്ന ജൂനിയർ ഫുട്ബാളിൽ സൂറത്ത് ജിദ്ദ ടാലന്റ് ടീൻസ് ചാമ്പ്യന്മാരായി. ഫൈനലിൽ ജെ.എസ്.സി ടീമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അവർ വിജയികളായത്. ചാമ്പ്യന്മാർക്കുള്ള മുബാറക് റസ്റ്റാറന്റ് ആൻഡ് അദ്നാൻ റെഡിമെയ്ഡ് സെന്റർ ഖമീസ് മുഷൈത്ത് നൽകുന്ന ട്രോഫി ഉണ്ണീൻ ഹാജി കല്ലാക്കൻ സമ്മാനിച്ചു. റണ്ണർ അപ്പിനുള്ള ഖലീജ് ഇംത്തിയാസ് എസ്റ്റാബ്ലിഷ്മെന്റ് ഇമ്പോർട്ടിങ് ആൻഡ് മാർക്കറ്റിങ് കമ്പനി നൽകുന്ന ട്രോഫി അസീസ് രാമനാട്ടുകരയും നൽകി. ജൂനിയർ തലത്തിൽ ദാനാ കാർഗോ ഫെയർ പ്ലേ ട്രോഫിക്ക് അർഹരായ അമിഗോസ് ടീമിന് കബീർ കൊണ്ടോട്ടി ട്രോഫി നൽകി. ടാലന്റ് ടീൻസിന്റെ മുഹമ്മദ് അസീൽ മികച്ച കളിക്കാരനായും ടോപ് സ്‌കോററായും തിരഞ്ഞെടുത്തു. ടോപ് സ്കോറർക്ക് അൽ ഹർബി വാച്ചസ് ട്രോഫി അഫ്സൽ പുളിയാളിയും മികച്ച ഗോൾകീപ്പർ മുഹമ്മദ് ഇഹ്‌സാൻ (ടാലന്റ് ടീൻസ്), ബെസ്റ്റ് ഡിഫൻഡർക്കുള്ള ഫുറൂജ് സഹാദാ ട്രോഫി സാദിഖലി കോയിസ്സൻ ഫാദിൽ മുസ്തഫക്കും (ടാലന്റ് ടീൻസ്) നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായാണ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.