യാംബു: സൗദിയിലെ വിശാലമായ പ്രാചീന നഗരങ്ങളിലൊന്നായ അൽ ഉല യിൽ ചലച്ചിത്ര നിർമാണ വ്യവസായത്തെ സഹായിക്കാൻ പ്രത്യേക വകുപ്പ് രൂപവത്കരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ചരിത്രം ഉറങ്ങുന്ന അൽ ഉലയിലെ കേന്ദ്രങ്ങളുടെ നവീകരണം ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. അൽ ഉല പുരാവസ്തു മേഖലയുടെ ബഹുമുഖ വികസനത്തിന് അൽ ഉല റോയൽ കമീഷൻ നേരത്തെ തന്നെ വമ്പൻ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു.
ഏറ്റവും വലിയ ലിവിങ് മ്യൂസിയമാക്കാനുള്ള തയാറെടുപ്പും ഇവിടെ പൂർത്തിയായിവരുന്നു. ഈ സാഹചര്യത്തിൽ ചലച്ചിത്ര നിർമാണ പ്രവർത്തകർക്കും സിനിമ സ്റ്റുഡിയോകൾക്കും പ്രധാന ലക്ഷ്യസ്ഥാനമായി അൽ ഉല നഗരം മാറിക്കഴിഞ്ഞിട്ടുണ്ട്.
പ്രദേശത്തിെൻറ വശ്യമായ പ്രകൃതി ഭംഗിയും ചരിത്ര പ്രാധാന്യവും ഇതിവൃത്തമാക്കി സിനിമ നിർമാണം നടത്തുന്നത് പ്രോത്സാഹിപ്പിക്കാനാണ് അൽ ഉല റോയൽ കമീഷൻ 'ഫിലിം അൽ ഉല' എന്ന പ്രത്യേക വകുപ്പ് രൂപവത്കരിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
അൽ ഉല പ്രദേശത്തെ മനോഹര പ്രകൃതിദൃശ്യങ്ങളും ചരിത്ര സ്മാരകങ്ങളും ഉപയോഗിച്ചുള്ള ഷൂട്ടിങ് ലൊക്കേഷൻ ഒരുക്കുന്നതിനും മറ്റു സംവിധാനങ്ങൾ നൽകാനും 'ഫിലിം അൽ ഉല' വഴി സാധ്യമാക്കാൻ കഴിയും. വിഷൻ 2030 ലക്ഷ്യങ്ങളിലൊന്നായ സാംസ്കാരിക മേഖലയിലെ മുന്നേറ്റത്തിെൻറ ഭാഗമായാണ് പുതിയ വകുപ്പിെൻറ രൂപവത്കരണം. ചലച്ചിത്ര നിർമാണ മേഖലകളിൽ ദേശീയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും പ്രാദേശിക ചലച്ചിത്ര നിർമാണം കാര്യക്ഷമമാക്കാനും പുതിയ വകുപ്പ് വഴിവെക്കും.
അന്താരാഷ് ട്ര ചലച്ചിത്ര നിർമാതാക്കൾ പലരും തങ്ങളുടെ ചില സിനിമകൾക്ക് അൽ ഉല ലക്ഷ്യസ്ഥാനമാക്കാൻ നേരത്തേ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇവർക്ക് സഹായകരമാകാൻ കൂടി പുതിയ വകുപ്പിെൻറ രംഗപ്രവേശം ഫലം ചെയ്യുമെന്ന് വിലയിരുത്തുന്നു. സൗദികൾ തന്നെ നിർമാണവും സംവിധാനവും ചെയ്യുന്ന 'ബെയ്ൻ അൽ റിമ', 'നൂറ' എന്നീ രണ്ട് ചലച്ചിത്രങ്ങൾ അൽ ഉലയിൽ നിന്ന് അടുത്ത് ഷൂട്ടിങ് ആരംഭിക്കാൻ തീരുമാനിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു. 'ദി ആർക്കിടെക്റ്റ്സ് ഓഫ് ആൻഷ്യൻറ് അറേബ്യ' എന്ന പേരിൽ ഡിസ്കവറി ചാനലിൽ അൽ ഉലയുടെ പൗരാണിക ചരിത്രം വിവരിക്കുന്ന ഒരു ഡോക്യുമെൻററി നേരത്തേ പുറത്തിറക്കിയതും ഇതിനകം ശ്രദ്ധേയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.