ജിദ്ദ: ഈ വർഷത്തെ ഫോർമുല വൺ സൗദി ഗ്രാൻഡ് കാറോട്ട മത്സരത്തിന് ജിദ്ദ കോർണിഷിൽ ഒരുക്കം ആരംഭിച്ചു. കോർണിഷിലെ അതിശയിപ്പിക്കുന്ന അതിവേഗ കാറോട്ട മത്സര ട്രാക്കിലാണ് തയാറെടുപ്പുകൾ പുരോഗമിക്കുന്നത്. കാറോട്ട മത്സര രംഗത്തെ ശ്രദ്ധേയമായ ഫോർമുല വൺ മത്സരം ജിദ്ദയിൽ മാർച്ച് 17 മുതൽ 19 വരെയാണ്. ഇത്തവണ മത്സരം കൂടുതൽ ആവേശകരവും ആകർഷകവുമാക്കാനുള്ള തയാറെടുപ്പുകളാണ് സംഘാടകർ നടത്തുന്നത്. കഴിഞ്ഞ വർഷം മാർച്ച് 27നാണ് കാറോട്ട മത്സരത്തിലെ ലോകചാമ്പ്യന്മാർ അണിനിരന്ന എസ്.ടി.സി ഫോർമുല വൺ ജിദ്ദ കോർണിഷിൽ നടന്നത്. മത്സരം കാണാൻ രാജ്യത്തിനകത്തും പുറത്തുംനിന്ന് നിരവധി മോട്ടോർ സ്പോർട്സ് ആരാധകരാണ് ജിദ്ദയിലെത്തിയത്. മത്സരം ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മികച്ച കാഴ്ച സമ്മാനിക്കാൻ മത്സര ട്രാക്കിെൻറ ആയുസ്സ് വർധിപ്പിക്കുകയും അത് കൂടുതൽ ആവേശകരമാക്കുകയും ചെയ്യാനുള്ള ജോലികളാണ് ഇപ്പോൾ നടന്നുവരുന്നതെന്ന് സൗദി മോട്ടോർ സ്പോർട്സ് കമ്പനി സി.ഇ.ഒ മാർട്ടിൻ വിറ്റേക്കർ പറഞ്ഞു. ജിദ്ദയിൽ ഇനിയുമേറെക്കാലം മത്സരം നടത്താൻ സഹായിക്കുന്ന ട്രാക്ക് സജ്ജീകരിക്കാനാവശ്യമായ പ്രവർത്തനങ്ങളാണ് ഇൻറർനാഷനൽ ഓട്ടോമൊബൈൽ ഫെഡറേഷൻ, ഫോർമുല വൺ എന്നീ സംഘാടകർക്കുകീഴിൽ നടക്കുന്നത്.
ഫോർമുല വൺ, ഇൻറർനാഷനൽ ഓട്ടോമൊബൈൽ ഫെഡറേഷൻ എന്നിവയുമായി സഹകരിച്ച് ഡ്രൈവർമാരുടെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിന് ട്രാക്കിെൻറ മൂലകളിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം കഴിഞ്ഞ 10 മാസത്തിനിടെ ജിദ്ദ കോർണിഷ് ട്രാക്കിൽ നടന്ന ജോലികൾ എന്തെല്ലാമെന്ന് വിശദീകരിച്ചു. പല തിരിവുകളിലും തടസ്സങ്ങൾ നീക്കി. ഇത് മുന്നോട്ടുള്ള കാഴ്ചക്ക് സഹായിക്കുന്നതാണ്. സൗദി ഫോർമുല വൺ സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായിക ഇനങ്ങളിലൊന്നാണ്. ഫോർമുല ഇ, എക്സ്ട്രീം ഇ, സൗദി ഡാക്കർ റാലി എന്നിവയോടുള്ള വർധിച്ച താൽപര്യത്തിനൊപ്പം ഫോർമുല വൺ മത്സരവും കൂടുതൽ സന്ദർശകരെ ആകർഷിച്ചു. ആസൂത്രണം ചെയ്യുന്ന പുതിയ അന്താരാഷ്ട്ര, പ്രാദേശിക മത്സരങ്ങൾ രാജ്യത്ത് നിക്ഷേപം നടത്താൻ ബിസിനസ് മേഖലയുടെയും കാർ നിർമാതാക്കളുടെയും താൽപര്യം വർധിപ്പിച്ചിട്ടുണ്ടെന്നും മാർട്ടിൻ പറഞ്ഞു.
റിയാദിൽ ഫോർമുല വൺ ട്രാക്ക് ഒരുങ്ങുന്നു
റിയാദിൽ നിർമാണം പുരോഗമിക്കുന്ന ഖിദ്ദിയ വിനോദ നഗരത്തിൽ ഫോർമുല വൺ നടത്താൻ അനുയോജ്യമായ ട്രാക്ക് ഒരുക്കുന്നുണ്ടെന്ന് സൗദി മോട്ടോർ സ്പോർട്സ് കമ്പനി സി.ഇ.ഒ മാർട്ടിൻ വിറ്റേക്കർ പറഞ്ഞു. വേറിട്ടതും മികച്ചതുമായ ഡിസൈനിലാണ് ഖിദ്ദിയയിലെ ട്രാക്ക് പ്രവർത്തനം ആരംഭിക്കാൻ പോകുന്നത്. ലോകോത്തര വിനോദപരിപാടികൾക്കുള്ള സൗകര്യങ്ങളും ഇവിടെ ഒരുങ്ങുന്നുണ്ട്. സവിശേഷവും അതിശയകരവുമായ പദ്ധതിയാണ് ഇത്. എല്ലാവരും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമായിരിക്കും ഖിദ്ദിയയെന്നും മാർട്ടിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.