റിയാദ്: നിർമിതബുദ്ധിയുടെ സാധ്യതയും വികാസവും ലോകം സജീവമായി ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ സൗദി അറേബ്യ സംഘടിപ്പിച്ച ആഗോള ആർട്ടിഫിഷ്യൻ ഇന്റലിജൻസ് (ഗെയിൻ) ഉച്ചകോടി ശ്രദ്ധേയമായി.
ത്രിദിന സമ്മേളനം റിയാദ് കിങ് അബ്ദുൽ അസീസ് കോൺഫറൻസ് സെന്ററിൽ വ്യാഴാഴ്ച അവസാനിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽനിന്നും സൗദി അറേബ്യയുടെ വ്യത്യസ്ത പ്രവശ്യകളിൽനിന്നും വിദഗ്ദ്ധരും സംരംഭകരും വിദ്യാർഥികളും ഉച്ചകോടിക്കെത്തിയിരുന്നു.
വ്യത്യസ്ത വിഷയങ്ങളിൽ നടന്ന സെഷനുകളിൽ വിഖ്യാത പ്രഭാഷകരും മന്ത്രിമാരും വകുപ്പ് മേധാവികളും സംസാരിച്ചു. രാജ്യത്ത് നടപ്പാക്കിയ നിർമിതബുദ്ധിയുടെ നേട്ടങ്ങളും ഇനി വരാനിരിക്കുന്ന പദ്ധതികളും സംസാരിച്ചവർ വിശദീകരിച്ചു. പാനലിസ്റ്റുകളുടെ കാഴ്ചപ്പാടുകൾക്കും പങ്കുവെച്ച അറിവുകൾക്കും നിറഞ്ഞ കരഘോഷം സദസ്സ് സമ്മാനിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള വിവിധ ഷോകളും വേദിയിൽ അരങ്ങേറി. നിർമിതബുദ്ധിയുടെ ഉപയോഗം കരുതലോടെ വേണമെന്നും നീതിപൂർവകമായി കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടാകരുതെന്നും സംസാരിച്ചവർ പറഞ്ഞു.
മനുഷ്യരാശിയുടെ നന്മക്കായി നിർമിതബുദ്ധിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രേരണ നൽകുന്നതായിരുന്നു ഉച്ചകോടിയിലെ കാഴ്ചകളും ചർച്ചകളും. നിർമിതബുദ്ധി വ്യവസായത്തിലും ഖനനത്തിലും ഉൾപ്പടെയുള്ള മേഖലകളിലുണ്ടാകുന്ന സാധ്യതകളെക്കുറിച്ച് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽ ഖുറൈഫ് സംസാരിച്ചു. ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും ടൂറിസം രംഗത്തും കായിക, വിനോദ മേഖലകളിലും ഉൾപ്പെടെ വലിയ മാറ്റങ്ങൾക്കാണ് സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്നത്.
രാജ്യത്തിന്റെ അതിവേഗവും ഗുണപരവുമായ വളർച്ചയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൽകുന്ന പങ്ക് ചെറുതല്ലെന്ന് വിദഗ്ദ്ധർ വിലയിരുത്തി. നിരവധി കമ്പനികൾ എ.ഐ സേവന കരാറുകളിൽ ഒപ്പുവെച്ചു.
ധാരണപത്രങ്ങൾ ഒപ്പുവെക്കുന്നതിനായി പ്രത്യേക മേഖല തന്നെ ഒരുക്കിയിരുന്നു. ഉച്ചകോടിയിലെത്തുന്നവർക്ക് ഉല്ലാസവും ഉത്സാഹവും പകരാൻ സംഗീതപരിപാടികളും എ.ഐ ഉപയോഗിച്ചുള്ള വിസ്മയക്കാഴ്ചകളും ഒരുക്കി.
അറബിക് ഖഹ്വ പകരുന്ന റോബോട്ടും അതിഥികൾക്ക് മോജിറ്റോ ഉണ്ടാക്കി നൽകുന്ന എ.ഐ നിർമിത സംവിധാനവുമെല്ലാം സന്ദർശകരിൽ കൗതുകമുണർത്തി. രാജ്യത്തെ ടെക്നോ കമ്പനികളുടെ സ്റ്റാളുകളും പ്രീമിയം റസിഡൻസി ഉൾപ്പെടെയുള്ള സർക്കാർ സേവനങ്ങളുടെ പ്രത്യേക ബൂത്തുകളും സന്ദർശകർക്ക് ഉപകാരപ്രദമായി.
2020-ലും 2022-ലും നടന്ന ഉച്ചകോടിയുടെ മൂന്നാം പതിപ്പാണ് ഈ വർഷത്തേത്. 150 ഓളം സെഷനുകളിലായി വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള 400-ലധികം പ്രഭാഷകർ സംസാരിച്ചു.
20,000 പ്രതിനിധികൾ നേരിട്ട് ഉച്ചകോടിക്കെത്തി. സൗദി അറേബ്യയിൽ നടന്ന ഉച്ചകോടി എ.ഐ മേഖലയിൽ സമൂല മാറ്റത്തിന് നാന്ദി കുറിക്കുന്നതാവുമെന്ന് പങ്കെടുക്കാനെത്തിയ പ്രതിനിധികൾ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് 5.30 ഓടെയാണ് ഐതിഹാസിക ഉച്ചകോടിക്ക് കൊടിയിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.