ദമ്മാം: ദമ്മാമിലെ സാമൂഹിക പ്രവർത്തകനും വേൾഡ് മലയാളി കൗൺസിൽ ചെയർമാനുമായ മൂസക്കോയ 'ഗർഷോം' അന്താരാഷ്ട്ര പുരസ്കാരത്തിന് അർഹനായി. സ്വപ്രയത്നം കൊണ്ടു കേരളത്തിന് പുറത്തു ജീവിതവിജയം നേടുകയും മലയാളികളുടെ യശ്ശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികൾക്കാണ് ഗർഷോം അവാർഡ് നൽകുന്നത്. ബംഗളൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന് 2002 മുതലാണ് ഗര്‍ഷോം പുരസ്കാരം നൽകിത്തുടങ്ങിയത്.
അസർബൈജാനിൽ ബാക്കുവിലെ പ്രശസ്തമായ ലാൻഡ് മാർക്ക് ഹോട്ടലിൽ നടന്ന ചടങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇന്ത്യൻ ആക്ടിങ് അംബാസഡർ വിനയകുമാറാണ് പുരസ്കാരം മറ്റ് പുരസ്കൃതാക്കൾക്കൊപ്പം മൂസക്കോയക്ക് സമ്മാനിച്ചത്.
ടെട്രാ ഇൻഫർമേഷൻ ടെക്നോളജി കമ്പനിയുടെ സി.ഇ.ഒയും ഗായകനുമായ മൂസക്കോയ ദമ്മാമിലെ സാമൂഹിക സംസ്കാരിക പ്രവർത്തകനുമാണ്. നിരവധി കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും കോവിഡ് കാലങ്ങളിലുൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
അമേരിക്കയിലെ ഫൊക്കാനയുടെ മുൻ ചെയർമാനും ഇന്റർനാഷനൽ അമേരിക്കൻ യൂനിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിൻ പ്രസിഡന്റുമായ കെ.ജി. മന്മഥൻ നായർ, അസർബൈജാനിലെ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റും സാമൂഹികപ്രവർത്തകനുമായ ജേക്കബ് മാത്യു ഐക്കര എന്നിവർക്ക് വ്യക്തിഗത അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു.
ബംഗളൂരുവിലെ മലയാളി സംരംഭമായ ടെൻടാക്കിൾ എയ്റോ ലോജിസ്റ്റിക്സ് മികച്ച സംരംഭത്തിനുള്ള പുരസ്കാരവും ഫ്രാൻസിലെ മലയാളി കൂട്ടായ്മയായ സമ ഫ്രാൻസ് മികച്ച സംഘടനക്കുള്ള പുരസ്കാരവും നേടി. ഓരോ വർഷവും ലോകത്തിന്റെ ഓരോയിടങ്ങളിൽ വെച്ചാണ് ഗർഷോം പുരസ്കാരം സമ്മാനിക്കുന്നത്.
നേരത്തേ ഇന്ത്യ, ജപ്പാൻ, മലേഷ്യ, കുവൈത്ത്, യു.എ.ഇ, നോർവേ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ മുൻ ഗർഷോം പുരസ്കാര സമർപ്പണച്ചടങ്ങുകൾക്ക് അതിഥ്യം അരുളിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.