ജിദ്ദ: ഫലസ്തീൻ ജനതക്കെതിരെ തുടരുന്ന ഇസ്രായയേലിന്റെ വംശഹത്യ നടപടിയെ ശക്തമായി അപലപിച്ച് സൗദി മന്ത്രിസഭ.
ചൊവ്വാഴ്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഫലസ്തീനിൽ തുടരുന്ന വംശഹത്യയെ ശക്തമായ ഭാഷയിൽ അപലപിച്ചത്.
ഗസ്സയിൽ ഉടനടി സുസ്ഥിര വെടിനിർത്തൽ, അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ സാധാരണക്കാരായ ജനങ്ങൾക്ക് സംരക്ഷണം എന്നീ ആവശ്യങ്ങൾ ലോകത്തിന് മുമ്പാകെ മന്ത്രിസഭ ആവർത്തിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും പ്രമേയങ്ങളുടെയും ഇസ്രായേൽ തുടരുന്ന ലംഘനങ്ങളെ സംബന്ധിച്ച് ലോകം ഉണരേണ്ടതും അതിനെതിരെ ഉത്തരവാദിത്ത സംവിധാനങ്ങൾ സജീവമാക്കേണ്ടതിന്റെയും ആവശ്യകത മന്ത്രിസഭ ഊന്നിപ്പറഞ്ഞു.
ജിദ്ദ ചരിത്രമേഖല പുനരുദ്ധാരണ, വികസന പദ്ധതിയുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടുന്നതിനും വ്യവസായ, ധാതു വിഭവ മന്ത്രാലയവുമായി ബന്ധിപ്പിച്ച് ഒരു ദേശീയ ധാതു പദ്ധതി സ്ഥാപിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.
ഇൻറർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയൻ പുറത്തിറക്കിയ 2024ലെ ഐ.സി.ടി വികസന സൂചികയിൽ തുടർച്ചയായി രണ്ടാം തവണയും ജി20 രാജ്യങ്ങളിൽ രണ്ടാം സ്ഥാനം നേടിയ സൗദി അറേബ്യയുടെ നേട്ടത്തെ മന്ത്രിസഭ പ്രശംസിച്ചു.
പ്രാദേശിക, അന്തർദേശീയ രാഷ്ട്രീയ വിഷയങ്ങളും സംഭവവികാസങ്ങളും മന്ത്രിസഭ അവലോകനം ചെയ്തു. അരാജകത്വത്തിനും സംഘർഷങ്ങൾക്കും എതിരെ ശക്തമായ ഒരു രക്ഷാകവചമായി നിലവിലുള്ള അന്താരാഷ്ട്ര സംവിധാനത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം മന്ത്രിസഭ വ്യക്തമാക്കി.
ലോകം സാക്ഷ്യം വഹിക്കുന്ന വെല്ലുവിളികളുടെയും പ്രതിസന്ധികളുടെയും വെളിച്ചത്തിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിനും സമാധാനപരമായ സഹവർത്തിത്വത്തിനും ഒരു ചട്ടക്കൂട് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും യോഗം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.