റിയാദ്/കരിപ്പൂർ: ഓൺലൈൻ ഇംഗ്ലീഷ് അക്കാദമിയിലൂടെ പരിചിതരായ വിവിധ ഗൾഫ് രാജ്യങ്ങളിൽ താമസക്കാരായ കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നുള്ള പ്രവാസികൾ ബാല്യത്തിലേക്കും യൗവനത്തിലേക്കും ഒരു തിരിച്ചുപോക്ക് എന്ന ഉദ്ദേശ്യത്തോടെ വിവിധ തരം കലാകായിക പരിപാടികളോടെ ഒന്നാം വാർഷികം ആഘോഷിച്ചു. എല്ലാവർക്കും ഒത്തുകൂടാൻ സൗകര്യപ്രദമായ കോഴിക്കോട് എയർപോർട്ട് പരിസരത്തുള്ള ടി.പി. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗൃഹാതുരത്വം ഉണർത്തുന്നതായി.
ലുബീന അഫ്സൽ, പ്രേമൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഗെയിംസുകൾ സംഘടിപ്പിച്ചു. പഞ്ചിങ്, അന്താക്ഷരി, മൈൻഡ് സ്ട്രീമിങ്, മ്യൂസിക് വിത്ത് ബലൂൺ ആക്ടിങ്, മധുരം മലയാളം, ബിസ്ക്റ്റ് ഈറ്റിങ്, ബലൂണും മിഠായിയും തുടങ്ങി ഒട്ടേറെ കളികളിൽ എല്ലാവരും പങ്കാളികളായി. പാട്ടും ഡാൻസും ആരവവും ആഘോഷത്തിന് പൊലിമ പകർന്നു. എല്ലാവർക്കും ഓർമഫലകങ്ങൾ സമ്മാനിച്ചു. രാവിലെ 10 ഓടെ ഷീബ സതീശന്റെ ആമുഖ പ്രഭാഷണത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഹിബ ഫാത്തിമ ഈശ്വരപ്രാർഥന നിർവഹിച്ചു.
സീനത്ത് മുഹമ്മദ് കുട്ടി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. പോസിറ്റിവ് വൈബ് സ്ഥാപകനും പ്രസിഡൻറുമായ സൈനുൽ ആബിദ് തോരപ്പ (റിയാദ്) ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളും ഉദ്ദേശ്യങ്ങളും വിശദീകരിച്ചു. ഷബ്ന അമീർ, പ്രേമൻ, ബാഹ്ജത് നജീബ്, ലുബീന അഫ്സൽ, ജിൽസൺ ആന്റണി, ജുമൈല ബീവി, ഹസീന ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. സന്തോഷ് ഭാസ്കർ സംഗമത്തിന്റെ അവലോകനം നിർവഹിച്ചു. സുധീഷ് സ്വാഗതവും റംല നിലമ്പൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.