റിയാദ്: പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ‘ഗ്ലോബൽ കോറൽ റീഫ് ഇനിഷ്യേറ്റിവി’ന്റെ 2025 മുതൽ മൂന്ന് വർഷത്തേക്ക് അധ്യക്ഷസ്ഥാനം സൗദി അറേബ്യക്ക് ലഭിച്ചു. ജിദ്ദയിൽ നടന്ന ഇനിഷ്യേറ്റിവിന്റെ 38ാമത് യോഗത്തിലാണ് തിരഞ്ഞെടുപ്പുണ്ടായത്.
ഉയർന്ന സാങ്കേതിക കഴിവുകളോടും പവിഴപ്പുറ്റുകളുടെ സംരക്ഷണമേഖലയിൽ സൗദി നടത്തിയ ശ്രമങ്ങളും അംഗരാജ്യങ്ങളുടെ വിലമതിപ്പും ഏറ്റവും പ്രധാനപ്പെട്ട ആഗോള ഇവന്റുകൾ ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ കഴിവിലുള്ള വിശ്വാസവും എടുത്തുകാണിക്കുന്നതാണിതെന്ന് ചെങ്കടലിലെ പവിഴപ്പുറ്റുകളുടെയും കടലാമകളുടെയും സംരക്ഷണത്തിനുള്ള ജനറൽ ഫൗണ്ടേഷൻ സി.ഇ.ഒ ഡോ. ഖാലിദ് ഇസ്ഫഹാനി പറഞ്ഞു.
ഈ സംരംഭത്തിന്റെ അധ്യക്ഷനാകുന്നത് സമുദ്ര പരിസ്ഥിതി, ജൈവ വൈവിധ്യം, ആവാസ വ്യവസ്ഥ എന്നിവ സംരക്ഷിക്കുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു. എല്ലാ പ്രാദേശിക, അന്തർദേശീയ തലങ്ങളിലും പവിഴപ്പുറ്റുകളുടെ സംരക്ഷണമേഖലയിൽ രാജ്യത്തിന്റെ മുൻകൈയെടുത്ത ശ്രമങ്ങളെ ഇത് എടുത്തുകാണിക്കുന്നു. പ്രാദേശികമായും അന്തർദേശീയമായും പവിഴപ്പുറ്റുകളുടെ സംരക്ഷണമേഖലയിൽ ശ്രദ്ധേയമായ പുരോഗതി കൈവരുത്തുന്ന അസാധാരണമായ ഒരു സെഷൻ അവതരിപ്പിക്കാൻ ബന്ധപ്പെട്ട എല്ലാ അധികാരികളുമായും സഹകരിച്ച് സൗദി പ്രവർത്തിക്കുമെന്ന് സി.ഇ.ഒ പറഞ്ഞു.
പവിഴപ്പുറ്റുകളും അവയുടെ ആവാസ വ്യവസ്ഥകളും സംരക്ഷിക്കുന്ന മേഖലയിൽ ഒരു പ്രമുഖ ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ സൗദിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ഇത് സംഭാവന ചെയ്യും. അടുത്ത മൂന്ന് വർഷത്തേക്കുള്ള പദ്ധതിക്കായി രാജ്യം ഒരു റോഡ് മാപ്പ് അവതരിപ്പിച്ചതായി സി.ഇ.ഒ ചൂണ്ടിക്കാട്ടി. അധ്യക്ഷ പദവിയിലായിരിക്കുമ്പോൾ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും സജീവമാക്കുന്നതിനും സുപ്രധാന ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കും.
13ാം സെഷന്റെ അധ്യക്ഷൻ എന്ന നിലയിൽ യു.എസ് ഗവൺമെന്റ് നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും സി.ഇ.ഒ പറഞ്ഞു. 45 അംഗ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ഇന്റർനാഷനൽ കോറൽ റീഫ് ഇനിഷ്യേറ്റിവ് (ഐ.സി.ആർ.ഐ). ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകളുടെ 75 ശതമാനവും ഇനിഷ്യേറ്റിവിന്റെ നിരീക്ഷണ പരിധിയിലാണ്. 2022ലാണ് സൗദി അറേബ്യ ഈ സംരംഭത്തിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.