ജിദ്ദ: അവധിക്കായി നാട്ടിലെത്തി കോവിഡിെൻറ പശ്ചാത്തലത്തിൽ തിരിച്ചുപോകാനാകാതെ കുടുങ്ങിയ പ്രവാസികളുടെ തൊഴിൽ സംരക്ഷിക്കുന്നതിനായി ബന്ധപ്പെട്ട രാജ്യങ്ങളുമായി നയതന്ത്രതലത്തിൽ ആവശ്യമായ സഹായം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനത്തിെൻറ തുടക്കം മുതൽ ഏറ്റവും കൂടുതൽ തൊഴിൽനഷ്ടവും വരുമാനം മുടങ്ങുകയും ചെയ്തത് ചെറുകിട സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർക്കും സാധാരണക്കാർക്കുമാണ്.
രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയുടെ നെടുന്തൂണായി വർത്തിക്കുന്ന പ്രവാസികളുടെ ജോലിയും വരുമാനവും മുടങ്ങുന്നത് ഗുരുതര സാമ്പത്തിക തകർച്ചക്ക് കാരണമായേക്കും. പ്രയാസം നേരിടുന്ന പൗരന്മാരെ സന്ദിഗ്ധ ഘട്ടത്തിൽ സഹായിക്കുന്നതിൽ ബന്ധപ്പെട്ട ഏജൻസികൾ ഉത്തരവാദിത്തത്തോടെ നടപടികൾ കൈക്കൊള്ളുമെന്നും ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.
തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്ത് ഒന്നോ രണ്ടോ വർഷങ്ങൾക്കുശേഷം ചുരുങ്ങിയ കാലത്തെ അവധിയിൽ നാട്ടിലെത്തി തിരികെ പോകാൻ കഴിയാതെ വിഷമിച്ച ആയിരക്കണക്കിനാളുകൾക്കാണ് തൊഴിൽനഷ്ടം സംഭവിച്ചത്.
എന്നാൽ, മറ്റു രാജ്യങ്ങളിലൂടെയുള്ള യാത്രസാധ്യതകൾ പ്രയോജനപ്പെടുത്തി ഏതു വിധേനയും തൊഴിലെടുക്കുന്ന രാജ്യങ്ങളിലേക്കെത്താൻ വൻ തുക ചെലവഴിക്കേണ്ട അവസ്ഥയിലാണ് ഒട്ടുമിക്കയാളുകളും. നിലവിലെ സാഹചര്യത്തിൽ അത്തരം യാത്രസാധ്യതകളും നിലച്ചിരിക്കുകയാണ്. അതേസമയം, സാമ്പത്തിക പരാധീനതകൾ മൂലം തിരിച്ചുപോക്ക് മുടങ്ങുകയും തൊഴിൽ നഷ്ടപ്പെടുകയും ചെയ്യുന്ന പലരും ജീവിതവൃത്തിക്കുപോലും വഴിയില്ലാതെ ഉഴലുകയാണ്.
ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഗൾഫ് രാജ്യങ്ങളുമായി നയതന്ത്രതലത്തിൽ ബന്ധപ്പെട്ടു പാവപ്പെട്ട പ്രവാസികളുടെ തൊഴിൽ നിലനിർത്തുന്നതിനും വിസ കാലാവധി നീട്ടിക്കിട്ടുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഈ വിഷയം സംബന്ധിച്ച് ഇന്ത്യൻ എംബസി, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വിദേശകാര്യ മന്ത്രാലയം, പ്രവാസികാര്യ മന്ത്രാലയം എന്നിവർക്ക് ഇന്ത്യൻ സോഷ്യൽ ഫോറം നിവേദനം സമർപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.