ജിദ്ദ: ഗൾഫ്, മധ്യേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള ഏകോപനവും കൂടിയാലോചനയും ശക്തിപ്പെടുത്തേതുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഉസ്ബെക്ക് തലസ്ഥാനമായ താഷ്കന്റിൽ നടന്ന ഗൾഫ് സഹകരണ കൗൺസിലിലെ രാജ്യങ്ങളും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ചർച്ചയുടെ രണ്ടാം മന്ത്രിതല യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്.
പൊതുമൂല്യങ്ങൾ, താൽപര്യങ്ങൾ, ആഴത്തിലുള്ള ചരിത്ര ബന്ധങ്ങൾ എന്നിവ അടിസ്ഥാനമാക്കി ഗൾഫ്, മധ്യേഷ്യൻ രാജ്യങ്ങൾ ഏകോപനവും കൂടിയാലോചനയും ശക്തിപ്പെടുത്തണം. മേഖലയെ സുരക്ഷിതവും സുസ്ഥിരവും സമൃദ്ധവുമായ മേഖലയാക്കുന്നതിന് ഗൾഫ്, മധ്യേഷ്യൻ രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമാധാനം സ്ഥാപിക്കുക, ചർച്ചകളിലൂടെയുള്ള പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുക, സുരക്ഷ, സ്ഥിരത, വികസനം എന്നിവയെ പിന്തുണയ്ക്കുക എന്നീ രംഗത്ത് ഗൾഫ്, മധ്യേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള വിശാലമായ സമവായം മന്ത്രി സൂചിപ്പിച്ചു.
അന്തർദേശീയമായി അംഗീകരിക്കപ്പെട്ട ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഉറപ്പുനൽകുന്നതിനും യോജിച്ച ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. അറബ് സമാധാന സംരംഭത്തിനും അന്താരാഷ്ട്ര നിയമത്തിന്റെയും തത്ത്വങ്ങൾക്കനുസൃതമായി ചർച്ചകളിലൂടെ സമാധാനം കൈവരിക്കണം. മേഖലയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരേണ്ടതുണ്ട്.
ഫലസ്തീനിൽ സുസ്ഥിരമായ ഒരു വെടിനിർത്തലിന് ശ്രമിക്കേണ്ടതുണ്ട്. ഗസ്സയിലെ ഉപരോധം പിൻവലിക്കേണ്ടതിെൻറയും അടിയന്തര മാനുഷിക, ദുരിതാശ്വാസ സഹായവും എത്തിക്കേണ്ടതിെൻറയും ആവശ്യകത വിദേശകാര്യ മന്ത്രി പ്രസംഗത്തിൽ ഉൗന്നിപറഞ്ഞു. ഫലസ്തീനികളുടെ നിർബന്ധിത കുടിയിറക്ക് തടയണമെന്നും ഫലസ്തീൻ ജനതയ്ക്കെതിരായ ഇസ്രായേൽ ആക്രമണം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹവും രക്ഷാസമിതിയും ആവശ്യപ്പെടേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.