habibi habibiആകസ്മികമായി മുന്നിലെത്തുന്ന ചില അപരിചിതർ നൽകുന്ന സ്നേഹവും കരുതലും, ചിലപ്പോൾ വർഷങ്ങളോളം തോളിൽ കൈയിട്ടു ഒന്നിച്ചു നടന്ന സൗഹൃദങ്ങൾക്ക് നൽകാനാകില്ല. ഒരു ആപത്തിൽപെട്ട് അന്തിച്ചു നിൽക്കുേമ്പാൾ ഒരു അജ്ഞാതൻ മുന്നിലെത്തുന്നു, ആവശ്യമായ സഹായം നൽകി മറയുന്നു.
അപ്പോഴും അപരിചിതനായ അയാൾ പക്ഷേ, മനസ്സിൽ അവശേഷിപ്പിക്കുന്നത് ചിരപരിചിതനെക്കാൾ വലിയ സൗഹൃദ അനുഭവവും ഓർമയും. അങ്ങനെ ആപത്തിലെ മിത്രങ്ങളായി എത്തി മറഞ്ഞ നിരവധി അപരിചിതരുടെ അനുഭവം മരുഭൂ നാട്ടിൽ പ്രവാസിയായി എത്തിയ ശേഷം ജീവിതത്തിലുണ്ടായിട്ടുണ്ട്. മനസ്സിനെ ഏറെ സ്പർശിച്ച ഒരു അപൂർവ അനുഭവത്തിെൻറ ഓർമ പങ്കുവെക്കാം. ഏതാനും വർഷം മുമ്പാണ്, സൗദി അറേബ്യയിൽ പ്രവാസം തുടങ്ങുന്ന കാലം. കിഴക്കൻ പ്രവിശ്യയിൽനിന്ന് റിയാദിലേക്ക് ആദ്യമായി ഒരു യാത്ര പോയി.
നാട്ടിൽ നിന്നെത്തിയ വിശേഷങ്ങളും അതുപോലെ റിയാദ് കാഴ്ച വിശേഷങ്ങളും പങ്കുവെച്ച് വാഹനത്തിലിരിക്കവെ, നഗരത്തിൽനിന്ന് ൈഹവേയിലേക്ക് കടക്കാനുള്ള എക്സിറ്റ് മാറിപ്പോയതറിഞ്ഞില്ല.
രാത്രിയിൽ ആയതു കൊണ്ട് കൃത്യമായി റോഡ് മനസ്സിലാക്കാൻ കഴിയാതെ ഞങ്ങൾ ചെന്നുപെട്ടത് മരുഭൂമിയിൽ. മണലിൽ ഞങ്ങളുടെ വാഹനത്തിെൻറ ചക്രം താഴ്ന്നു പോയിരുന്നു.
ചുറ്റും അന്ധകാരവും വിജനതയും മാത്രം. ജീവിതം അവിടെ അവസാനിച്ചു എന്ന് തോന്നിയപ്പോൾ അകലെനിന്നും ഒരു വാഹനത്തിെൻറ പ്രകാശം ഞങ്ങളിലേക്ക് അടുക്കുന്നു.
ദൈവദൂതനെപോലെ ഒരു 'കാട്ടറബി' അതാ ഞങ്ങൾക്ക് മുന്നിൽ. കേട്ട കഥകളിൽ വില്ലൻ പരിവേഷം ആയിരുന്നു ഇങ്ങനെ വന്നെത്തുന്ന അറബി വേഷങ്ങൾക്ക്. അതുകൊണ്ട് തന്നെ ഉള്ളിൽ ചെറുതല്ലാത്ത ഭയവും ഉണ്ടായിരുന്നു. എന്നാൽ ആ മനുഷ്യെൻറ സ്നേഹവും സഹാനുഭൂതിയും ഞങ്ങളെ വലിയ ഒരാപത്തിൽനിന്നും രക്ഷിച്ചു.
മണലിൽ കുടുങ്ങിയ വാഹനം വലിച്ചു കയറ്റാൻ സഹായിക്കുകയും കൃത്യമായ മാർഗനിർദേശം നൽകി ഞങ്ങളെ ശരിയായ പാതയിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
അതിനിടയിൽ തെൻറ കൈയിൽ കരുതിയ ഖുബ്സും വെള്ളവും നൽകാനും അയാൾ മറന്നില്ല. 'നന്ദി' എന്ന രണ്ടക്ഷരം ആ മനുഷ്യനു മുന്നിൽ ചെറുതാകുന്നതു പോലെ തോന്നിപ്പോയി. സത്യത്തിൽ ആ അപരിചിതനെ ഞങ്ങൾ എന്നും കൃതജ്ഞതയോടെ ഓർക്കുന്നു. അപരിചിതർ നമുക്ക് വേണ്ടപ്പെട്ടവർ ആകുന്നതു ഇതുപോലുള്ള അവസരങ്ങളിലാണ്.
പ്രവാസം ഏതൊരു മലയാളിക്കും മറക്കാൻ പറ്റാത്ത ഒരുപാട് അനുഭവങ്ങൾ പകർന്നു തരുന്ന ജീവിതാവസ്ഥയാണ്. ഉറ്റവരെയും ഉടയവരെയും വിട്ട് ജന്മനാട്ടിൽ നിന്നകലെ ജീവിതപ്രാരാബ്ധങ്ങളെ സധൈര്യം നേരിടുന്ന ഓരോ പ്രവാസിക്കും പറയാനുണ്ടാകും ഒരായിരം അനുഭവങ്ങൾ. ആ അനുഭവങ്ങളിൽ ഏറ്റവും അവിസ്മരണീയം ആയിരിക്കും 'സൗഹൃദം'. സൗദി അറേബ്യൻ മണ്ണിനും അപരിചിതനായ നല്ലവനായ സുഹൃത്തിനും ഹൃദയത്തിെൻറ ഭാഷയിൽ ഒരായിരം നന്ദി.
അനുഭവമെഴുതൂ, സമ്മാനം നേടൂ
സൗദി പ്രവാസികൾ തങ്ങളുടെ സുഹൃത്തുമായുള്ള വൈകാരികമായ, ഒരിക്കലും മറക്കാനാവാത്ത, അനുഭവങ്ങൾ പങ്കുവെക്കൂ.
ജീവിതത്തെ സ്വാധീനിച്ച, വഴിത്തിരിവ് സൃഷ്ടിച്ച ആ സുഹൃത്തിനെ, അല്ലെങ്കിൽ ആ സൗഹൃദാനുഭവത്തെ കുറിച്ച് എഴുതിയ കുറിപ്പോ, മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയയോ 'ഗൾഫ് മാധ്യമ'ത്തിന് അയക്കുക.
100 വാക്കിൽ കവിയാത്തതായിരിക്കണം കുറിപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ നിങ്ങളുടെയും സുഹൃത്തിെൻറയും ചിത്രം സഹിതം ഗൾഫ് മാധ്യമം പത്രത്തിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കും.
വിഡിയോ ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. ഏറ്റവും മികച്ച കുറിപ്പിനും വിഡിയോക്കും വെവ്വേറെ സമ്മാനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.