ബിരുദപഠനം കഴിഞ്ഞു, ഇനിയെന്ത് എന്ന് ആലോചിച്ച് അധികം സമയം കളയാൻ ഉണ്ടായിരുന്നില്ല. അന്നത്തെ ട്രെൻഡിങ് ആയിട്ടുള്ള കമ്പ്യൂട്ടർ ഹാർഡ്വെയർ കോഴ്സിന് ചേർന്നു. മക്കരപ്പറമ്പ ഗവൺമെൻറ് ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്കൂളിൽ ആദ്യമായി കമ്പ്യൂട്ടർ പഠിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നത്. മൂവായിരത്തിലധികം വരുന്ന കുട്ടികളിൽ വെറും 40 കുട്ടികൾക്കാണ് അതിനുള്ള അവസരം. അങ്ങനെ അന്നു മുതൽ തന്നെ കമ്പ്യൂട്ടറിനെ അടുത്തറിയാൻ തുടങ്ങിയതുകൊണ്ട് ഹാർഡ്വെയർ കോഴ്സിന് ചേരുമ്പോൾ അതൊരു അഡ്വാേൻറജായി തോന്നിയിരുന്നു. ഉച്ചവരെയാണ് ക്ലാസ്, അത് കഴിഞ്ഞാൽ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതിനാൽ ഫ്രൻഡ്സിെൻറ കൂടെ കറങ്ങി വൈകുന്നേരമാകും വീട്ടിൽ എത്താൻ. അങ്ങനെയാണ് ഞങ്ങൾ ബാബു കാക്ക എന്ന് വിളിക്കുന്ന ഇദ്രീസ് ബയാെൻറ മലപ്പുറം കുന്നുമ്മലിലുള്ള ഇൻറർനെറ്റ് കഫെയിൽ എത്തുന്നത്. അവിടെ ആവശ്യക്കാർക്ക് കമ്പ്യൂട്ടർ അസംബിൾ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നതുകൊണ്ട് അതെെൻറ ഹാർഡ്വെയർ പഠനത്തിന് സഹായകരവുമായി.
അങ്ങനെ ഞാൻ അവിടത്തെ ഒരു അംഗമായി മാറിയപ്പോൾ ബാബുക്ക ഒരുദിവസം എന്നോട് ചോദിച്ചു ഉച്ചക്ക് ക്ലാസ് കഴിഞ്ഞാൽ നിനക്ക് രാത്രി വരെ കടയിൽ നിന്നുകൂടെ എന്ന്. മാസത്തിൽ 2000 രൂപ ശമ്പളവും തരാം എന്നു പറഞ്ഞപ്പോൾ ഞാൻ പിന്നെ ഒന്നും നോക്കിയില്ല. കുറച്ച് ആഴ്ചകൾ അങ്ങനെ കടന്നുപോയി... യാഹൂ മെസെഞ്ചർ കത്തിനിൽക്കുന്ന കാലമാണ്. ഒരു ദിവസം ഒരു മെസേജ് വരുന്നു... എെൻറ പേര് ശരീഫ് ബാബു എന്നാണ്, ഞാൻ നിെൻറ ബാബുകാക്കാെൻറ സുഹൃത്താണ് എന്നും പറഞ്ഞുകൊണ്ട്. എനിക്ക് ഒരു സഹായം വേണം... ഞാൻ നിെൻറ പേരിൽ കുറച്ചു പണം അയക്കാം, നീ അത് കളക്ട് ചെയ്തു ഞാൻ പറയുന്ന സ്ഥലത്ത് അടക്കാമോ എന്ന്... അത് ഞാൻ സന്തോഷത്തോടെ ചെയ്തു.
പിന്നീടുള്ള കുറച്ചു ദിവസങ്ങളിൽ എന്തെങ്കിലും കുശലാന്വേഷണങ്ങൾ ഉണ്ടായതൊഴിച്ചാൽ വലിയൊരു ബന്ധം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അവിചാരിതമായി എന്നോട് അദ്ദേഹം ചോദിച്ചു, നിനക്ക് ഗൾഫിൽ വരാൻ ഇഷ്ടമാണോ എന്ന്? ഉണ്ട് എന്ന് മറുപടി പറഞ്ഞെങ്കിലും സാധാരണ ഒരു ചോദ്യമായിട്ടു മാത്രമേ ഞാൻ അതിനെ കണ്ടുള്ളൂ... കാരണം വിസക്കുള്ള ഭീമമായ തുക സ്വപ്നം കാണാൻപോലും ഞാൻ പ്രാപ്തനായിരുന്നില്ല... അങ്ങനെ സംസാരം തുടർന്നപ്പോൾ അദ്ദേഹം കാര്യമായിട്ടാണ് എന്ന് മനസ്സിലാക്കിയ ഞാൻ എെൻറ സാമ്പത്തികമായ നിസ്സഹായാവസ്ഥ അദ്ദേഹത്തെ അറിയിച്ചു... അതിന് അദ്ദേഹം പറഞ്ഞ മറുപടി 'ഉള്ളത് എന്തെങ്കിലും ഇപ്പൊ തന്നാൽ ബാക്കിയുള്ളത് ഞാൻ കൂട്ടിയിട്ട് കഫീലിന് കൊടുക്കാം... പിന്നെ നീ ഇവിടെ വന്നിട്ട് ജോലിയൊക്കെ ചെയ്തു സാലറി കിട്ടുമ്പോൾ കടം വീട്ടിയാൽ മതി... അത് നിനക്ക് ഓക്കേ ആണെങ്കിൽ വീട്ടിൽ സംസാരിച്ചിട്ട് നാളെത്തന്നെ തിരുവനന്തപുരത്ത് പോയി മെഡിക്കൽ എടുക്കണം, അവിടെയുള്ള ഒരു ട്രാവൽ ഏജൻസിയിലേക്കാണ് വിസയുടെ വകാല അയച്ചിട്ടുള്ളത്.' കേട്ടപ്പോൾ എനിക്കെന്താണ് പറയേണ്ടത് എന്നറിയാത്ത ഒരു അവസ്ഥയിലായി...
ഒറ്റക്ക് അത്ര ദൂരം പോയ പരിചയം ഇല്ലെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിെൻറ ഒരു സുഹൃത്തിനെ ബന്ധപ്പെടാനും അയാളുടെ കൂടെ പോയാൽ മതിയെന്നും പറഞ്ഞു... പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുക്കലും അത്യാവശ്യം വേണ്ടുന്ന ഡ്രസ് പാക്ക് ചെയ്യലും ഒക്കെയായി തിരൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് തീവണ്ടി കയറി... മെഡിക്കൽ എല്ലാം കഴിഞ്ഞു വന്ന് അധികം കഴിയാതെ ടിക്കറ്റ് ശരിയായി... അങ്ങനെ ഞാനും സുഹൃത്ത് സന്തോഷും കൂടെ 2005 ഒക്ടോബർ മാസം നാലാം തീയതി കൊച്ചിയിൽനിന്ന് ദമ്മാമിലേക്കു പറന്നു... അദ്ദേഹം ഞങ്ങളെ എയർപോർട്ടിൽ വന്നു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി... പിന്നീട് അങ്ങോട്ട് മെഡിക്കൽ എടുക്കാനും ഇഖാമ എടുക്കാനും ജോലി ശരിയാക്കാനും എല്ലാം അദ്ദേഹം ഒരു കൂടപ്പിറപ്പിനെപ്പോലെ ഓടി നടന്നു... ഇടയ്ക്കിടെ വണ്ടിയും കൊണ്ട് വന്നു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകും... അദ്ദേഹത്തിെൻറ പ്രിയ പത്നി മിംഷ ഇത്ത ഉണ്ടാക്കുന്ന രുചികരമായ ഭക്ഷണം കഴിപ്പിക്കും...
ഇഖാമയൊക്കെ കിട്ടി അദ്ദേഹത്തിെൻറ അനിയൻ ജോലി ചെയ്യുന്ന ജിദ്ദയിലെ കമ്പനിയിൽ ജോലി ശരിയായപ്പോൾ അങ്ങോട്ട് മാറേണ്ടിവന്നു... പിന്നീട് റിയാദിലേക്കും ജോലി ആവശ്യാർഥം മാറേണ്ടിവന്നെങ്കിലും ഇപ്പോഴും ഇടയ്ക്കിടെ ദമ്മാമിൽ പോയി അദ്ദേഹത്തെ കാണും. ഫോണിലൂടെ എല്ലാ കാര്യങ്ങളും സംസാരിക്കും. ഒരു േജ്യഷ്ഠെൻറ സ്ഥാനത്തുനിന്നും എല്ലാ കാര്യങ്ങളും പറയും... എങ്കിലും ഇപ്പൊൾ എെൻറ ഈ പ്രവാസം പതിനേഴാം വർഷത്തിലേക്കു കടക്കുമ്പോഴും എനിക്ക് ഇന്നും പിടികിട്ടാത്ത ഒരു കാര്യമുണ്ട്... യാതൊരു ബന്ധവുമില്ലാത്ത, കുറഞ്ഞ നാളത്തെ ചാറ്റിങ് പരിചയം മാത്രമുള്ള എനിക്കുവേണ്ടി വിസയെടുത്തു, യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ജോലി ശരിയാക്കിത്തന്നു, ഒരു അനിയനെപ്പോലെ കൂടെ കൂട്ടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകമെന്താണ് എന്ന്... ഇതുവരെ അദ്ദേഹത്തോട് ഞാനതു ചോദിച്ചിട്ടില്ല. എങ്കിലും ഞങ്ങൾ തമ്മിലുള്ള ആ ആത്മബന്ധം ഇന്നും അനുസ്യൂതം തുടരുന്നു.
അനുഭവമെഴുതൂ, സമ്മാനം നേടൂ
സൗദി പ്രവാസികൾ തങ്ങളുടെ സുഹൃത്തുമായുള്ള വൈകാരികമായ, ഒരിക്കലും മറക്കാനാവാത്ത, അനുഭവങ്ങൾ പങ്കുവെക്കൂ. ജീവിതത്തെ സ്വാധീനിച്ച, വഴിത്തിരിവ് സൃഷ്ടിച്ച ആ സുഹൃത്തിനെ, അല്ലെങ്കിൽ ആ സൗഹൃദാനുഭവത്തെ കുറിച്ച് എഴുതിയ കുറിപ്പോ, മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയയോ 'ഗൾഫ് മാധ്യമ'ത്തിന് അയക്കുക. 100 വാക്കിൽ കവിയാത്തതായിരിക്കണം കുറിപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ നിങ്ങളുടെയും സുഹൃത്തിെൻറയും ചിത്രം സഹിതം ഗൾഫ് മാധ്യമം പത്രത്തിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കും. വിഡിയോ ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. ഏറ്റവും മികച്ച കുറിപ്പിനും വിഡിയോക്കും വെവ്വേറെ സമ്മാനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.