ഒരുപാട് പ്രവാസികളെപോലെ സഹോദരിമാരെ കെട്ടിച്ചയക്കാനുള്ള ബാധ്യതയും സഹായത്തിനായി ആരുടെയെങ്കിലും മുന്നിൽ കൈനീട്ടരുതെന്ന പിതാവിെൻറ നിർബന്ധവുമാണ് 18ാം വയസ്സിൽ പ്രവാസിയായി തീരാൻ ഇടയാക്കിയത്. 18 വയസ്സിനുള്ളിൽ പഠിച്ചെടുത്ത ഏക കൈത്തൊഴിൽ തുന്നൽപണി ആയിരുന്നു. ടെയ്ലറിങ് വിസയിൽ ഞങ്ങൾ മൂന്നുപേരാണ് സൗദിയിലെത്തിയത്.
മദീനയിലേക്കായിരുന്നു ആദ്യവരവ്. എയർപോർട്ടിലിറങ്ങിയ ഞങ്ങളെ മറ്റൊരു മലയാളി വന്ന് അദ്ദേഹത്തിെൻറ റൂമിലേക്ക് കൊണ്ടുപോയി. ഏറെ സൗകര്യങ്ങളുള്ള ആ മുറിയിൽ രണ്ടുദിവസം തങ്ങി. അതിനുശേഷം കഫീൽ നിർദേശിച്ച ഒഴിഞ്ഞസ്ഥലത്ത് വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള താമസസ്ഥലത്ത് കൊണ്ടുപോയാക്കി ആ മലയാളി പോയി. പിറ്റേന്ന് അദ്ദേഹം തലേദിവസം കാണിച്ചുതന്ന ഞങ്ങളുടെ തൊഴിലിടമായ ടെയ്ലറിങ് കടയിലേക്ക് പോയി.
എനിക്ക് അവിടെ കിട്ടിയ ജോലി ഞാൻ അന്നേവരെ കേട്ടിട്ടില്ലാത്ത 'തദ്രീസ്' (മുത്ത് തുന്നൽ) ആയിരുന്നു. ദുഹ്ർ നമസ്കാരത്തിന് കടയടച്ചപ്പോൾ താമസസ്ഥലത്തേക്ക് മടങ്ങി. പക്ഷേ, ഞങ്ങൾക്ക് ആ സ്ഥലം കണ്ടെത്താനായില്ല. ഏറെ തിരഞ്ഞശേഷം ക്ഷീണിതരായ ഞങ്ങൾ ടെയ്ലറിങ് കടയിലേക്കുതന്നെ തിരിച്ചുപോകാൻ തീരുമാനിച്ചു. തിരിച്ചുനടക്കുമ്പോൾ അസർ നമസ്കാരത്തിന് കടയടക്കാൻ തുടങ്ങുന്ന ഒരു ബഖാല (പലവ്യഞ്ജനക്കട) കണ്ടു. ഞങ്ങളുടെ പരാധീനതകൾ കണ്ണൂർക്കാരനായ ആ കടക്കാരനോട് പറഞ്ഞു. ദയാലുവായ അദ്ദേഹം അവിടെനിന്ന് കുറച്ച് ആപ്പിളും എടുത്ത് അദ്ദേഹത്തിെൻറ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ദേഹം അന്ന് മുറിച്ച് കഷണങ്ങളാക്കി തന്ന ആപ്പിൾ തിന്നതേ ഓർമയുള്ളൂ.
ആ റൂമിലെ കാർപെറ്റിൽ കിടന്നുറങ്ങിപ്പോയി. അത്രയധികം ഞങ്ങൾ ക്ഷീണിച്ച് അവശരായിരുന്നു. ആ ആപ്പിൾ കഷണങ്ങൾ ക്ഷീണത്തെ അകറ്റി. ആപ്പിൾ മാത്രമല്ല, ആ നല്ലവനായ ബഖാലക്കാരെൻറ സ്നേഹവുമാണ് ഞങ്ങളുടെ വിശപ്പകറ്റിയത്. എെൻറ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണത്. ബഖാലക്കാരനായ ആ കണ്ണൂർക്കാരെൻറ മുഖം ഇന്നും ഓർമയിൽ തിളങ്ങിനിൽക്കുന്നു. എഴുന്നേറ്റശേഷം വീണ്ടും കടയിലേക്ക് പോയി. രാത്രിയായപ്പോൾ ആ കണ്ണൂർക്കാരൻ തന്നെ വന്നു ഞങ്ങളെയും കൂട്ടി താമസസ്ഥലം കണ്ടുപിടിക്കാൻ സഹായിച്ചു. ആ വലിയ മനുഷ്യന് നല്ലതുവരട്ടെ. എെൻറ ൈകയിൽ ആകെയുണ്ടായിരുന്നത് 300 റിയാലായിരുന്നു.
ബാക്കിയുള്ളവരുടെയും ൈകയിൽ അത്രയൊക്കെ തന്നെയാണുണ്ടായിരുന്നത്. എനിക്ക് പരിചയക്കാരോ കുടുംബക്കാരോ ആയി വേറെ ആരും മദീനയിലുണ്ടായിരുന്നില്ല. അവിടെ ഞങ്ങളുടെ അടുത്ത് കോഴിക്കട നടത്തിയിരുന്ന മറ്റൊരു മലയാളി സുഹൃത്ത് സൗജന്യമായി തന്നിരുന്ന കോഴിക്കഷണങ്ങളും ഒരു റിയലിെൻറ ഖുബുസുമായി ഞങ്ങൾ വിശപ്പകറ്റി ജീവിച്ചുകൊണ്ടിരുന്നു. കടയിൽനിന്ന് വല്ലപ്പോഴും 30 റിയാൽ കിട്ടിയിരുന്നു. പിന്നീടാണ്, കഫീൽ തങ്ങളെ കൂലി തരാതെ പറ്റിക്കുകയായിരുന്നു എന്ന് മനസ്സിലായത്. ആ ദുരിതജീവിതത്തിൽ പട്ടിണികിടന്ന് മരിക്കാതിരിക്കാൻ സഹായിച്ച ഇൗ രണ്ട് മലയാളി സുഹൃത്തുക്കളെയും ഇന്നും എന്നും ഓർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.