ഹജ്ജ്; മക്കക്കും മദീനക്കുമിടയിൽ അൽഹറമൈൻ ട്രെയിൻ സർവിസുകൾ വർധിപ്പിച്ചു

ജിദ്ദ: മക്കക്കും മദീനക്കുമിടയിൽ അൽഹറമൈൻ ട്രെയിൻ സർവിസുകളുടെ എണ്ണം സൗദി റെയിൽവേ വർധിപ്പിച്ചു. ഹജ്ജ് സീസണിൽ തീർഥാടകർക്ക് കൂടുതൽ യാത്ര സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് സർവിസുകൾ വർധിപ്പിച്ചത്. മക്കക്കും മദീനക്കും ഇടയിൽ പ്രതിദിനം 126 ട്രിപ്പുകൾ എന്ന തോതിൽ ഹജ്ജ് സീസണിൽ 3,400 സർവിസുകൾ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഈ വർഷത്തെ ഹജ്ജ് സീസണിന് കമ്പനി അംഗീകരിച്ച എല്ലാ പ്രവർത്തന പദ്ധതികളും പൂർണമായും നടപ്പാക്കുന്നതിനുള്ള നീക്കം ആരംഭിച്ചതായി ‘സാർ’ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് എൻജിനീയർ റയാൻ അൽഹർബി പറഞ്ഞു. മക്ക ഹറമൈൻ എക്‌സ്‌പ്രസ് ട്രെയിൻ സ്റ്റേഷനിൽനിന്ന് ട്രെയിനിലെ തീർഥാടകരെ ഹറമിലേക്കും തിരിച്ചും നേരിട്ട് എത്തിക്കാൻ ബസ് സർവിസുണ്ട്. ഹറമൈൻ എക്സ്പ്രസ് ട്രെയിൻ കഴിഞ്ഞ റമദാൻ സീസണിൽ എട്ട് ലക്ഷത്തിലധികം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. കൃത്യത 95 ശതമാനമാണ്. 35 ട്രെയിനുകളുള്ള അൽഹറമൈൻ ട്രെയിൻ പദ്ധതി ലോകത്തിലെ ഏറ്റവും വേഗതയേറിയ പത്ത് ഇലക്ട്രിക് ട്രെയിൻ സർവിസുകളിലൊന്നാണ്.

ജിദ്ദയിൽ സുലൈമാനിയ, കിങ് അബ്ദുൽ അസീസ് വിമാനത്താവളം, റാബിഖിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നീ സ്റ്റേഷനുകളിലൂടെയാണ് മക്കയേയും മദീനയേയും ബന്ധിപ്പിക്കുന്ന അൽഹറമൈൻ ട്രെയിൻ സർവിസ് നടത്തുന്നത്.

Tags:    
News Summary - Hajj; Al Haramain has increased the number of train services between Makkah and Madinah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.