ജിദ്ദ: സൗദി ജനറൽ എന്റർടെയ്മെന്റ് അതോറിറ്റിയുടെ അനുമതിയോടെ റാകോ ഇവന്റ്സുമായി സഹകരിച്ച് 'ഹലാ ജിദ്ദ' എന്ന പേരിൽ മീഡിയവൺ ചാനൽ ഡിസംബർ ആറ്, ഏഴ് തിയതികളിലായി ജിദ്ദയിലൊരുക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ കാർണിവലിൽ വിവിധ മത്സരങ്ങളും ഉണ്ടായിരിക്കും. കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിങ്ങനെ എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കുന്ന തരത്തിലാണ് ആവേശകരമായ മത്സരങ്ങൾ ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഷൂട്ട്, ടഗ് ഓഫ് വാർ, യു ആർ ഓൺ എയർ, സ്റ്റാർ ഷെഫ്, ലിറ്റിൽ പിക്കാസോ, പിച്ച് പെർഫെക്റ്റ്, മെഹന്തി റാസ് എന്നിങ്ങനെയാണ് മത്സരങ്ങൾ.
സൂപ്പർ ഷൂട്ട് എന്ന പേരിലുള്ള ഷൂട്ട് ഔട്ട്, ടഗ് ഓഫ് വാർ (വടംവലി) മത്സരങ്ങളിൽ ഏഴ് അംഗ ടീമായും മറ്റു മത്സരങ്ങളിൽ വ്യക്തിപരമായുമാണ് പങ്കെടുക്കേണ്ടത്. ടീം മത്സരങ്ങളിൽ 10 പേർക്ക് വരെ രജിസ്റ്റർ ചെയ്യാം. വിവിധ ക്ലബ്ബുകളുടെ പേരിൽ ടീം ആയി ഈ മത്സരങ്ങളിൽ പങ്കെടുക്കാം. സൂപ്പർ ഷൂട്ട് മത്സരത്തിൽ ആവേശമായി കേരള ബ്ലാസ്റ്റേഴ്‌സ് ആശാൻ ഇവാൻ വുകുമനോവിച്ചുമുണ്ടാവും. വിജയികൾക്ക് അദ്ദേഹം സമ്മാനം വിതരണം ചെയ്യും. വാർത്താ വായന കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി 17 വയസ് വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മത്സരമാണ് 'യു ആർ ഓൺ എയർ'.
ചാനൽ സ്റ്റുഡിയോയിൽ വാർത്ത വായിക്കുന്ന തരത്തിലായിരിക്കും ഇതിന്റെ അവതരണം. ഇവയിൽ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കുന്ന എൻട്രികൾ മീഡിയവൺ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പ്രദർശിപ്പിക്കും. ഏറ്റവും പ്രഗത്ഭരായ പാചകക്കാർക്ക് അവരുടെ പാചക വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്നതിനുള്ള വേദിയാണ് 'സ്റ്റാർ ഷെഫ്' എന്ന പേരിലൊരുക്കിയിരിക്കുന്ന പാചക മത്സരം. 18 വയസ് മുതൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. 18 വയസിന് താഴെയുള്ളവർക്കായി 'ജൂനിയർ സ്റ്റാർ ഷെഫ്' എന്ന പേരിലും പാചക മത്സരം ഒരുക്കുന്നുണ്ട്. പാചക പ്രതിഭകൾക്ക് 'ഷെഫ് തിയേറ്റർ' എന്ന പേരിലൊരുക്കുന്ന പ്രത്യേക വേദിയിൽ പ്രശസ്ത പാചക വിദഗ്ദൻ ഷെഫ് പിള്ളയുമായി സംവദിക്കാനുള്ള അവസരവുമുണ്ടാവും.
നാല് മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്കായി നടത്തുന്ന 'ലിറ്റിൽ പിക്കാസോ' കളറിങ്, പെൻസിൽ ഡ്രോയിങ് മത്സരം രണ്ടു കാറ്റഗറിയായിട്ടായിരിക്കും നടക്കുക. നാല് മുതൽ ഏഴ് വയസ് വരെ ജൂനിയർ വിഭാഗത്തിൽ കളറിങ് മത്സരവും എട്ട് മുതൽ 12 വയസ് വരെ സീനിയർ വിഭാഗത്തിൽ പെൻസിൽ ഡ്രോയിങ് മത്സരവുമായിരിക്കും. ഏറ്റവും നല്ല പാട്ടുകാരെ കണ്ടെത്താനുള്ള മത്സരമാണ് 'പിച്ച് പെർഫെക്റ്റ്'. രണ്ടു കാറ്റഗറിയായിട്ടായിരിക്കും ഈ മത്സരം നടക്കുക. സ്ത്രീ, പുരുഷൻ വേർതിരിവില്ലാതെ 17 വയസ് വരെ ജൂനിയർ വിഭാഗത്തിലും 18 നും അതിനു മുകളിലും പ്രായമുള്ളവർ സീനിയർ വിഭാഗത്തിലുമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ ഹലാ ജിദ്ദ ഫെസ്റ്റിവലിൽ ഒരുക്കുന്ന പ്രത്യേക വേദിയിൽ വെച്ചായിരിക്കും ഫൈനൽ മത്സരത്തിൽ പങ്കെടുക്കുക. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിക്കുന്നതാണ് 'മെഹന്തി റാസ്' എന്ന പേരിലുള്ള മൈലാഞ്ചി മത്സരം. ഒരു മണിക്കൂർ സമയം കൊണ്ട് ഏറ്റവും നന്നായി ഇന്ത്യൻ ബ്രൈഡൽ ഡിസൈനുകളിൽ മൈലാഞ്ചി ഇടുന്നവരായിരിക്കും വിജയികൾ.
മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളുമുണ്ടാവും. മത്സരങ്ങൾക്ക് പുറമെ കുട്ടികൾക്കായി വിവിധ വിനോദ പരിപാടികൾ ഒരുക്കികൊണ്ടുള്ള 'ഫൺ ആൻഡ് കിഡ്സ് സോൺ', വ്യവസായ വിദഗ്ധരുമായി നേരിട്ട് ബന്ധപ്പെടാനായി 'ബിസിനസ് കണക്റ്റ്' വേദികളും ഹലാ ജിദ്ദ ഫെസ്റ്റിവലിൽ ഒരുക്കുന്നുണ്ട്. ഇവയിൽ 'ഫൺ ആൻഡ് കിഡ്സ് സോൺ' ഒഴികെ മറ്റുള്ള എല്ലാ ഇനങ്ങൾക്കും മുൻകൂട്ടി രജിസ്‌ട്രേഷൻ നിര്ബന്ധമാണ്. https://halajeddah.mediaoneonline.com എന്ന വെബ്സൈറ്റ് വഴിയാണ് സൗജന്യമായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടത്. മത്സര നിബന്ധനകളും വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ആദ്യം പേര് നൽകുന്നവർക്ക് മുൻഗണന എന്ന രീതിയിലായിരിക്കും രജിസ്ട്രേഷൻ. നിശ്ചിത എൻട്രികൾ ലഭിച്ചു കഴിഞ്ഞാൽ രജിസ്‌ട്രേഷൻ അവസാനിപ്പിക്കുമെന്നും മത്സരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 0564060115 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഹലാ ജിദ്ദ ഫെസ്റ്റിവൽ സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.