മീഡിയവൺ ഒരുക്കുന്ന 'ഹലാ ജിദ്ദ'; ഏറ്റവും വലിയ ഇന്ത്യൻ കാർണിവലിനൊരുങ്ങി ജിദ്ദ നഗരം

ജിദ്ദ: സൗദി ജനറൽ എന്റർടെയ്മെന്റ് അതോറിറ്റിയുടെ അനുമതിയോടെ റാകോ ഇവന്റ്സുമായി സഹകരിച്ച് മീഡിയവൺ ചാനൽ സൗദിയിലൊരുക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ കാർണിവലിനൊരുങ്ങി ജിദ്ദ നഗരം.

'ഹലാ ജിദ്ദ' എന്ന പേരിൽ ഡിസംബർ ആറ്, ഏഴ് തിയതികളിലായി ജിദ്ദ റിഹേലിയിലെ വിശാലമായ 'ദി ട്രാക്ക്' ഗ്രൗണ്ടിലൊരുക്കുന്ന മേളയിൽ വിദ്യാഭ്യാസ, ബിസിനസ് പ്രദർശനങ്ങൾ, ഭക്ഷ്യമേള, കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങൾ, വിവിധ കലാപരിപാടികൾ, പ്രഭാഷണങ്ങൾ, ശില്പശാലകൾ തുടങ്ങിയവയുണ്ടാകും.

ഫുഡ് കോർണറുകൾക്ക് പുറമേ വിദ​ഗ്ധർ പങ്കെടുക്കുന്ന പാചക വർക് ഷോപ്പുകൾ ഹലാ ജിദ്ദയുടെ സവിശേഷതയായിരിക്കും. വിവിധ മേഖലകളിൽ വിജയം കൈവരിച്ച പ്രമുഖരെ മേളയിൽ ആദരിക്കും. പ്രശസ്തർ പങ്കെടുക്കുന്ന സം​ഗീതവിരുന്ന് ഹലാ ജിദ്ദയുടെ മുഖ്യ ആകർഷണമാണ്. രണ്ട് ദിവസവും നാട്ടിൽ നിന്നുള്ള ജനപ്രിയ സംഗീത ബാൻഡുകൾ പരിപാടിയുടെ ഭാ​ഗമാകും. നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന ഹലാ ജിദ്ദയിൽ 20 ഓളം പരിപാടികളുണ്ടാകും. സൗദി അറേബ്യയിൽ ഒരു ഇന്ത്യൻ ടെലിവിഷൻ ചാനൽ ഒരുക്കുന്ന ഏറ്റവും വലിയ കാർണിവലായിരിക്കും ഹലാ ജിദ്ദ.

രണ്ട് ദിനങ്ങളിലും ഉച്ച മുതൽ അർധരാത്രി വരെ സന്ദർശകർക്ക് വിവിധ പരിപാടികൾ ഒരേ സമയം കാണുകളും പങ്കെടുക്കുകയും ചെയ്യാം. തത്സമയ സമ്മാനങ്ങളും ഇതിനുണ്ടാകും. കുഞ്ഞുങ്ങൾ, വിദ്യാർഥികൾ, ബാച്ചിലേഴ്സ്, കുടുംബങ്ങൾ എന്നിങ്ങിനെ എല്ലാ വിഭാഗക്കാർക്കുമുള്ള വിഭവങ്ങൾ നിറയുന്നതാകും ഹലാ ജിദ്ദ. രണ്ട് ദിവസവും ട്രന്റിങ് ഗാനങ്ങളുമായി സിനിമാ പിന്നണി ഗായകരെത്തും.

മലയാളികളുടെ പ്രിയങ്കരരായ ഷാൻ റഹ്മാൻ, സിത്താര, വിധുപ്രതാപ്, സച്ചിൻ വാര്യർ, മിഥുൻ ജയരാജ്, നിരഞ്ജ് സുരേഷ്, സയനോര ഫിലിപ്പ് എന്നിവർ നയിക്കുന്ന 'ഉയിരേ ബാൻഡ്', മാപ്പിളപ്പാട്ടിന്റെ അലകളുമായി നടി അനാർക്കലി മരക്കാർ, അഫ്സൽ, കണ്ണൂർ ശരീഫ്, രഹ്ന, ബാദുഷ, ദാന റാസിഖ് എന്നിവർ അണിനിരക്കുന്ന 'പതിനാലാം രാവ്'. ഹിന്ദി സൂപ്പർഷോ സരിഗമ താരങ്ങളായ ശ്രേയ ജയദീപ്, വൈഷ്ണവ് എന്നിവരുടെ 'ഗീത് മൽഹാർ', തമിഴിലെ പ്രസിദ്ധ പാട്ടുകാരനായ പ്രദീപ് കുമാറിന്റെ ബാൻഡ് എന്നിവയാണ് ഹലാ ജിദ്ദയിലരങ്ങേറുന്ന സംഗീത പെരുമഴ. പരിപാടികളുടെ അവതാരകരായി മിഥുൻ രമേശ്, ജീവ, കലേശ് എന്നിവരുമെത്തും.

കേരളത്തിലേയും സൗദിയിലേയും റസ്റ്റാറന്റുകളും നാടൻ രുചികളും ഒന്നുചേരുന്ന ഫുഡ് കോർട്ട് ഭക്ഷണപ്രിയർക്കായി ഒരുക്കുന്നുണ്ട്. പ്രവാസികൾക്ക് ഗൃഹാതുരത്വത്തിന്റെ പെരുന്നാൾ സമ്മാനിക്കുന്ന വിവിധ പരിപാടികൾ ഫുഡ്കോർട്ടിലെത്തും.

വിദ്യാർഥികൾക്കായി ചിത്രരചന, സംഗീത മത്സരം എന്നിവയും കുഞ്ഞുങ്ങൾക്കായി ഫൺസോണും ഉണ്ടാകും. വിദ്യാർഥികൾക്ക് ടിവി വാർത്ത വായിക്കാൻ അവസരം നൽകുന്ന 'യു.ആർ ഒൺ എയർ' പരിപാടിയിലെ പ്രധാന ആകർഷണമാകും. യുവജനങ്ങൾക്കായി കേരള ബ്ലാസ്റ്റേഴ്സ് കോച്ചായിരുന്ന ഇവാൻ വുകുമനോവിച് പങ്കെടുക്കുന്ന സൂപ്പർ ഷൂട്ടൗട്ട്, താരങ്ങളെത്തുന്ന കമ്പവലി, വിവിധ നാടൻ കലാമത്സരങ്ങൾ എന്നിവയുണ്ടാകും. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി ഷെഫ് പിള്ള മേൽനോട്ടം വഹിക്കുന്ന കുക്കറി ഷോ, മെഹന്ദി ഫെസ്റ്റ്, വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങിലെത്തും. എല്ലാ ഇനങ്ങളിലും പ്രവാസികൾക്ക് ഫ്രീ രജിസ്ട്രേഷൻ മുഖേന ഭാഗമാകാം.

ആഗോള ബ്രാൻഡുകളാണ് ഹലാ ജിദ്ദക്ക് പിന്തുണയുമായി രംഗത്തുള്ളത്. സ്റ്റാളുകളോടെ വിവിധ സ്ഥാപനങ്ങൾക്കും ഹലാ ജിദ്ദയുടെ ഭാഗമാകാം.

സൗദി മന്ത്രാലയത്തിലെ പ്രമുഖരും ഇന്ത്യൻ സമൂഹവും നിറയുന്ന ഹലാ ജിദ്ദയിലേക്ക് സൗദി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പ്രവേശനം. 25 റിയാൽ മാത്രമായിരിക്കും മേള സന്ദർശിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രവേശന ഫീസ്. ഇതുവഴി രണ്ട് ദിവസത്തെ ഇരുപതോളം പരിപാടികളിൽ പങ്കെടുക്കാം. സൗദിയിലെ വിവിധ സ്ഥാപനങ്ങൾ വഴിയും മീഡിയവൺ കോർഡിനേറ്റർമാർ വഴിയും അടുത്ത ദിവസങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാക്കും. 

Tags:    
News Summary - 'Hala Jeddah'; The city of Jeddah is gearing up for the biggest Indian carnival organized by MediaOne

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.