റിയാദ്: പെരുന്നാൾ അവധി തുടങ്ങാനിരിക്കെ അവധിക്കാല യാത്രകൾക്കൊരുങ്ങുന്ന പ്രവാസി മലയാളികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയെന്ന് ട്രാവൽ ടൂറിസം രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു. കുറഞ്ഞ കാലത്തിനിടയിൽ മലയാളികളുടെ യാത്രാ സംസ്കാരത്തിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്.
യാത്രകൾക്ക് വേണ്ടി പണം ചെലവിടുന്നത് ധൂർത്താണെന്ന് കരുതുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. വ്യക്തി, കുടുംബം, തൊഴിലാളി, തൊഴിലുടമ, ബിസിനസുകാരൻ, പഠിതാക്കൾ തുടങ്ങി ഒരു ദിവസം മനുഷ്യൻ അണിയുന്ന വ്യത്യസ്ത വേഷങ്ങളുടെ പരിവർത്തനത്തിന് യാത്ര നൽകുന്ന ഊർജവും സാധ്യതയും മലയാളികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആൽബ പറഞ്ഞു.
ലോകത്തിന്റെ വിവിധ കോണുകളിലെ ഏറ്റവും പുതിയ ടൂറിസം ദേശങ്ങളിലേക്ക് സ്വദേശികൾ ഉൾപ്പെടെ വ്യത്യസ്തത രാജ്യക്കാർക്ക് പതിറ്റാണ്ടുകളായി യാത്ര ക്രമീകരിച്ചു നൽകുന്ന വിവിധ ട്രാവൽ ഏജൻസികളുമായി ‘ഗൾഫ് മാധ്യമം’ നടത്തിയ ഓൺ കാൾ സർവേയിലാണ് മലയാളികളുടെ യാത്രാസംസ്കാരം അടിമുടി മാറിയതിന്റെ വിവരങ്ങൾ പങ്കുവെച്ച് മേഖലയിലെ വിദഗ്ധർ സംസാരിച്ചത്.
എല്ലാ ചെലവുകളും കഴിഞ്ഞ് ഒരു തുക നിക്ഷേപത്തിനും മാറ്റിവെച്ച് മിച്ചമുണ്ടെങ്കിൽ യാത്ര ചെയ്യാം എന്ന രീതിയായിരുന്നു ബഹുഭൂരിപക്ഷം മലയാളികളുടേതും. അതെല്ലാം മാറിയെന്നും ഇപ്പോൾ യാത്രാ വായ്പയെടുത്ത് യാത്ര ചെയ്യുന്നതിലേക്ക് മലയാളികൾ മാറിയെന്നും ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു.
സോളോ യാത്രകളും കുടുംബയാത്രകളും സൗഹൃദക്കൂട്ടങ്ങളുമെല്ലാം ഉൾപ്പെടെ വ്യത്യസ്ത രീതിയിലാണ് യാത്രകൾ പോകുന്നത്. സൗദിക്ക് അകത്തെ ചൂട് കുറഞ്ഞ അബഹ ഉൾപ്പെടെയുള്ള മേഖലകളിലേക്കും പെരുന്നാൾ യാത്രകൾ പോകുന്നവരുണ്ട്. സമ്മർ സീസണിൽ ഗൾഫ് രാജ്യങ്ങൾ യാത്രക്കായി തിരഞ്ഞെടുക്കുന്നത് പൊതുവെ കുറവാണ്.
സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ചൂട് 45 ഡിഗ്രിക്ക് മുകളിൽ എത്തുന്നുണ്ട്. ഈ ഘട്ടത്തിൽ ചൂടും ചെലവും കുറഞ്ഞ ജോർജിയ, അസർബൈജാൻ പോലുള്ള രാജ്യങ്ങളിലേക്കാണ് ഗൾഫിലെ യാത്രക്കാർ മുൻഗണന നൽകുന്നത്. സീസൺ പരമാവധി മുതലാക്കാൻ വിമാനക്കമ്പനികളും ട്രാവൽ ഏജൻസികളും ഓഫറുകളുമായി രംഗത്തുണ്ട്. പെരുന്നാൾ അവധി സൗദിയിൽ ചെലവിടാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ രാജ്യത്തിനകത്തെ ടൂറിസ, വിനോദ മേഖലകളും ഒരുങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.