റിയാദ്: എന്റെ ജീവനു വേണ്ടി ലോകമാകെയുള്ള മനുഷ്യസ്നേഹികൾ പ്രാർഥനയും പണവും സമയവും കൊണ്ട് സഹായിച്ചതിന് ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി പറയുകയാണെന്ന് റിയാദിലെ ജയിലിൽനിന്ന് അബ്ദുൽ റഹീം. എന്നെ നേരിട്ടറിയുകയോ എന്നെ കാണുകയോ എന്റെ കുടുംബത്തെ അറിയുകയോ ഒന്നും ചെയ്യാത്ത ലോകത്തിന്റെ പലഭാഗത്തുള്ള മനുഷ്യരാണ് എനിക്ക് വേണ്ടി പണം അയച്ചത്. അവർക്കൊന്നും പണമായി തിരിച്ചുകൊടുക്കാൻ എനിക്ക് സാധിക്കില്ല. അത്ര ചെറിയ തുകയല്ലല്ലോ അത്... റിയാദ് ക്രിമിനൽ കോടതി ചൊവ്വാഴ്ച വധശിക്ഷ റദ്ദ് ചെയ്ത ശേഷം ജയിലിൽനിന്ന് റിയാദിലുള്ള സുഹൃത്തുമായി ടെലിഫോണിൽ സംസാരിക്കുേമ്പാഴാണ് അബ്ദുൽ റഹീം മനസ്സ് തുറന്നത്.
ആ കടം ഞാൻ എന്റെ പ്രവൃത്തി കൊണ്ട് വീട്ടാൻ ശ്രമിക്കുമെന്നും അതാണ് എനിക്കിപ്പോൾ പറയാൻ കഴിയുകയെന്നും റഹീം പറഞ്ഞു. 18 വർഷത്തിനു ശേഷം ഞാൻ കേട്ട ഒരാശ്വാസ വാർത്തയാണ് വധശിക്ഷ റദ്ദാക്കിയ കോടതി തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തയറിഞ്ഞ് സഹ തടവുകാരെല്ലാം വന്ന് കെട്ടിപ്പിടിച്ചു. ചിലർ പൊട്ടിക്കരഞ്ഞു. അവരുടെ കൂടി പ്രാർഥനയാണ് ഫലം കണ്ടത്. രാവിലെ കോടതിയിലേക്ക് പോകുമ്പോൾ തന്നെ എന്നെപോലെ അവരും പ്രതീക്ഷയിലായിരുന്നു. അവരോട് കൂടി നന്ദി പറയേണ്ടതുണ്ട്.
എനിക്കു വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെട്ട ഏറെ മനുഷ്യസ്നേഹികളുണ്ട്. അവരെയെല്ലാം കാണണമെന്ന് ആഗ്രഹമുണ്ട്. 18 വർഷക്കാലം ഒരു മടുപ്പും കൂടാതെ എനിക്കൊപ്പംനിന്ന ചിലരുണ്ട്. അവരോട് ഞാൻ നന്ദി പറയുന്നില്ല. ഞാനും ഉമ്മയും കണ്ണുകലങ്ങി പ്രാർഥിച്ച ദൈവം അവന്റെ പ്രതിനിധികളായി അയച്ചവരാണ് അവർ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഉമ്മയെ കാണുന്നതും ഒന്നുചേർത്ത് പിടിക്കുന്നതുമാണ് മനസ്സ് നിറയെ, ആ കാഴ്ചയാണ് കണ്ണിലെപ്പോഴും കാണുന്നത്. അതെത്രയും പെട്ടെന്ന് സാധ്യമാകാനാണ് ഞാനിപ്പോൾ പ്രാർഥിക്കുന്നത്. ഞാനാഗ്രഹിക്കുന്നു, ആ നിമിഷം സാധ്യമാകാൻ പ്രാർഥനകളുമായി കൂടെ തുടരണമെന്നും റഹീം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.