റിയാദ്: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) 40ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച റൂബി ജൂബിലി എമിനന്റ് അവാർഡുകൾ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽബുഖാരി വിതരണം ചെയ്തു. വിവിധ രംഗങ്ങളിൽ സ്തുത്യർഹമായ സേവനം നൽകിയ അബ്ദുൽ റഷീദ് ബാഖവി (മതപ്രബോധനം), നാസർ ഹാജി ഓമച്ചപുഴ (വാണിജ്യം), ശിഹാബ് കൊട്ടുകാട് (സാമൂഹിക സേവനം), ഡോ. അബ്ദുൽ അസീസ് (ആതുര മേഖല) എന്നിവർക്കാണ് അവാർഡ് സമ്മാനിച്ചത്. നിരവധി ശിഷ്യഗണങ്ങളുള്ള അബ്ദുൽ റഷീദ് ബാഖവി കർമശാസ്ത്ര അധ്യാപനത്തിനുള്ള ഖത്തറിലെ മർക്കസു ശൈഖ് ഈദ് ബിൻ താനി ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ് ജേതാവാണ്.
ബത്ഹയിൽനിന്ന് ചെറിയ ഇലക്ട്രോണിക് കടയിൽനിന്ന് ആരംഭിച്ച് വ്യവസായിയായി വളർന്ന സ്ട്രോങ് ലൈറ്റ് ഗ്രൂപ് സ്ഥാപകനാണ് നാസർ ഹാജി. അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് ഡയറക്ടർ കൂടിയാണ്. സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ ശിഹാബ് കൊട്ടുകാട് പ്രവാസി ഭാരത് സമ്മാൻ ജേതാവാണ്. നോർക്ക-റൂട്ട്സിന്റെ സൗദി കൺസൾട്ടന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റിയാദ് കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്ന ഡോ. എസ്. അബ്ദുൽ അസീസ് ലഹരിക്കെതിരെ പ്രവർത്തിക്കുന്ന സുബൈർ കുഞ്ഞ് ഫൗണ്ടേഷന്റെ സ്ഥാപകൻ കൂടിയാണ്.
പുകവലി നിർത്തൽ ചികിത്സയിൽ അമേരിക്കയിലെ മാസച്ചുസെറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. സൗദി ദേശീയ മയക്കുമരുന്ന് നിയന്ത്രണ സമിതിയുടെ അംഗീകാരമുള്ള ‘റിസ’ എന്ന ബോധവത്കരണ പരിപാടിക്ക് നേതൃത്വം വഹിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.