റിയാദ്: ദുബൈയിൽനിന്നും പ്രസിദ്ധീകരണം ആരംഭിക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ മുഖ പത്രമായ 'സുപ്രഭാതം' പത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച ലീഗ് കേരള നേതാക്കളുടെ നടപടി ധിക്കാരവും ഭീഷണിയുമാണെന്ന് ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസ്താവിച്ചു. ലീഗ് രാഷ്ട്രീയത്തിനു അഹിതകരമായ വാർത്തകളും അപ്രിയ സത്യങ്ങളും പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന ധാർഷ്ട്യമാണ് ബഹിഷ്കരണത്തിന്റെ ഹേതു.
മുത്തലാഖ് ബില്ല് പാർലമെന്റിൽ ചർച്ചക്കുവന്നപ്പോൾ അതുമായി ബന്ധപ്പെട്ട വിയോജിപ്പുകൾ രേഖപ്പെടുത്താതെ കല്യാണം കൂടാൻ പോയവരാണ് സുപ്രഭാതത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്നും ബോധപൂർവം വിട്ടുനിന്നതിനെ സാധുകരിക്കാൻ ന്യായങ്ങൾ പറയുന്നത്. സമസ്തയും അതിന്റെ പണ്ഡിത നേതൃത്വവും ലീഗിന്റെ ചൊൽപ്പടിക്ക് നിൽക്കണമെന്ന ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ നിലപാട് അംഗീകരിക്കാൻ കഴിയാത്തതാണ്. സമസ്തയെന്നത് കേരളീയ സുന്നി മുസ് ലിംങ്ങളുടെ മാതൃ സംഘടനയാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടേയും ഉപ സംഘടനയല്ലയെന്ന സത്യം ലീഗ് നേതൃത്വം ഉൾക്കൊള്ളാൻ തയാറാകണം. ലീഗ് മുഖപത്രത്തിലടക്കം ഇടതുപക്ഷ സർക്കാറിന്റെ പരസ്യം നൽകുന്നതാണ് വർത്തമാന കാലത്തെ മാധ്യമ പ്രവർത്തനമെന്നത് 'സുപ്രഭാതം' പത്രത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ചവർ മനസ്സിലാക്കണമെന്നും ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. സൗദി ഐ.എം.സി.സി നേതാക്കളായ സൈദ് കള്ളിയത്ത്, ഹനീഫ് അറബി, റാഷിദ് കോട്ടപ്പുറം, സൈനുദ്ദീന് അമാനി, ഇസ്ഹാഖ് തയ്യിൽ എന്നിവരും, വിവിധ പ്രവിഷ്യ കമ്മിറ്റികളിൽനിന്ന് ഗസ്നി വട്ടക്കിണർ, അഫ്സൽ കട്ടപ്പള്ളി, ഇക്ബാൽ നാരിപറ്റ, റഷീദ് ഇരിക്കൂർ, മുനീർ കരുമ്പിൽ, ഹാശിം ഇരിക്കൂർ, സജിമോൻ മക്ക, യാസർ അറഫാത്ത്, മസ്ഹൂദ് തയ്യിൽ ജിദ്ദ എന്നിവരാണ് പ്രസ്താവന ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.