ബജറ്റ് എയർലൈനുകളിലെ യാത്ര ശരിക്കും ദുരിതമയമായി മാറുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോടുനിന്ന് റിയാദിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എനിക്ക് കുടുംബസമേതം യാത്ര ചെയ്യേണ്ടിവന്നു. ഒരു മയവുമില്ലാത്ത പെരുമാറ്റമാണ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത്. ഭക്ഷണം കിട്ടാത്ത ബജറ്റ് എയർലൈനായതിനാൽ അൽപം ലഘുഭക്ഷണവും കുടിവെള്ളവും കൈവശം കരുതിയിരുന്നു. രണ്ടു നേന്ത്രപ്പഴം മാത്രമാണ് ലഘുഭക്ഷണ പൊതിയിലുണ്ടായിരുന്നത്. ഏഴു കിലോ ഹാൻഡ് ബാഗല്ലാതെ ലഘുഭക്ഷണവും കുടിവെള്ളവും പോലും കൈയിൽ കൊണ്ടുപോകാൻ പാടില്ലെന്ന് ഉദ്യോഗസ്ഥർ വാശിപിടിച്ചു.
എല്ലാ വിമാനക്കമ്പനികളിലും ഈ നിയമം കർശനമാണെന്നും മറ്റ് സെക്ടറുകളിലേക്കുള്ള യാത്രക്കാർ ഇത് പാലിക്കുന്നുണ്ടെന്നും ഗൾഫിലേക്ക് പോകുന്നവർ മാത്രമാണ് അനാവശ്യ തർക്കങ്ങളുണ്ടാക്കുന്നതെന്നും കൂടി അവർ പറഞ്ഞപ്പോൾ, പത്തനംതിട്ടയിൽനിന്ന് കുടുംബത്തോടൊപ്പം കോഴിക്കോട് എയർപോർട്ടുവരെ യാത്ര ചെയ്ത എനിക്ക്, അരമണിക്കൂർ അവരോട് പോരടിക്കേണ്ടിവന്നു. ഒടുവിൽ ആ കുടിവെള്ളവും പഴവും അവിടെ ഉപേക്ഷിക്കേണ്ടിവന്നു. വല്യുപ്പ അസുഖബാധിതനായതിനാൽ നാട്ടിൽ പോയതായിരുന്നു. അതിനിടയിൽ വല്യുപ്പ മരണപ്പെടുകയും ചെയ്തു. ആ ദുഃഖത്തിൽനിന്ന് വിടുതൽ നേടാതെയുള്ള മടക്കയാത്രയായിരുന്നു. അതിനിടയിലെ ഈ അസുഖകരമായ അനുഭവം കൂടിയായപ്പോൾ ആകെ മാനസിക പ്രയാസത്തിലായിപ്പോയി. പത്തനംതിട്ടയാണ് എന്റെ സ്വദേശം. അവിടെനിന്ന് 300 കിലോമീറ്ററിലധികം യാത്ര ചെയ്ത് കരിപ്പൂരിൽ വന്ന് റിയാദിലേക്കുള്ള വിമാനം പിടിക്കേണ്ട ഗതികെട്ട അവസ്ഥയാണ് ഇപ്പോൾ തെക്കൻ ജില്ലക്കാർക്കുള്ളത്.
യഥാർഥത്തിൽ ഞങ്ങൾക്ക് ഏറ്റവും അടുത്തുള്ള എയർപോർട്ട് തിരുവനന്തപുരമാണ്. എന്നാൽ, റിയാദിലേക്ക് അവിടെനിന്ന് നേരിട്ട് വിമാനങ്ങളില്ല. കണക്ഷൻ വിമാനങ്ങൾ പോലും വേണ്ടത്രയില്ല. ഒടുവിൽ നിവൃത്തികെട്ടാണ് കരിപ്പൂരിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റെടുത്തത്. ബജറ്റ് എയർലൈൻ എന്ന് കരുതി ടിക്കറ്റ് നിരക്കിൽ വലിയ കുറവൊന്നുമില്ല. എന്നാൽ, ഭക്ഷണമില്ല. അര ലിറ്ററിന്റെ അരക്കുപ്പി വെള്ളം മാത്രം വിമാനത്തിനുള്ളിൽ കിട്ടും.
അഞ്ചേകാൽ മണിക്കൂറാണ് കരിപ്പൂരിൽനിന്ന് റിയാദിലേക്കുള്ള യാത്രാസമയം. ചെക്ക് ഇൻ കഴിഞ്ഞ് ടെർമിനലിൽ കയറിയതു മുതൽ റിയാദിലെത്തി പുറത്തിറങ്ങുന്നതുവരെ ഏഴെട്ടു മണിക്കൂർ സമയം വായുമാത്രം ഭക്ഷിച്ചിരിക്കേണ്ടിവരുന്ന ഗതികേടിൽനിന്ന് രക്ഷപ്പെടാൻ തൊണ്ട നനക്കാനും വിശപ്പിന് ചെറിയൊരു ശമനം വരുത്താനുമാണ് കുടിവെള്ളവും രണ്ടു നേന്ത്രപ്പഴവും കൈയിൽ കരുതിയത്. ടെർമിനലിനുള്ളിലെ ഷോപ്പുകളിൽനിന്ന് ഒരു കുപ്പിവെള്ളം വാങ്ങൽ പോലും വലിയ പണച്ചെലവുള്ളതാണ്.
അതുകൊണ്ടാണ് ഒരു കുപ്പിവെള്ളവും ആ രണ്ടു നേന്ത്രപ്പഴവും കരുതിയത്. എന്നാൽ, ഉദ്യോഗസ്ഥരുടെ പിടിവാശിയിൽ അതെല്ലാം ഉപേക്ഷിച്ച് വിമാനത്തിൽ കയറേണ്ടിവന്നു. ബാഗേജ് ചെക്ക് ഇൻ സമയത്ത് കൗണ്ടറിലിരുന്ന ഉദ്യോഗസ്ഥൻ പ്രത്യേകതരം സ്നേഹത്തോടെ എന്തെങ്കിലും ചെയ്തുതരേണ്ടതുണ്ടോ എന്ന് ചോദിച്ചിരുന്നു. അതെന്താണെന്ന് മനസ്സിലായില്ലെങ്കിലും വേറെ ഒന്നും വേണ്ട, ഞങ്ങളുടെ ബോഡിങ് പാസ് തന്നാൽ മതി എന്ന് മറുപടി പറഞ്ഞു. അതോടെ ആ ഉദ്യോഗസ്ഥന്റെ മുഖം മങ്ങി. അതിനുശേഷമാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം പരുഷമായത്. കൈക്കൂലി വാങ്ങി പ്രത്യേക സൗകര്യം ഏർപ്പെടുത്തിക്കൊടുക്കുന്ന ഏർപ്പാടിനാണോ ‘എന്തെങ്കിലും ചെയ്തുതരേണ്ടതുണ്ടോ’ എന്നു ചോദിച്ചതെന്ന് ഇപ്പോൾ സംശയം തോന്നുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.