കണ്ണൂർ: നവോദയ സാംസ്കാരികവേദി രണ്ടാമത് കോടിയേരി ബാലകൃഷ്ണൻ സമഗ്ര സംഭാവന പുരസ്കാരം മുൻ മന്ത്രി പാലോളി മുഹമ്മദ്കുട്ടിക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമർപ്പിച്ചു. തദ്ദേശ സ്വയം ഭരണരംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്കാരം. ഇതോടൊപ്പം മികച്ച പ്രവർത്തനം കാഴ്ചവച്ച സംസ്ഥാനത്തെ മൂന്ന് കുടുംബശ്രീ സി.ഡി.എസുകൾക്കുള്ള പുരസ്കാര വിതരണവും നടന്നു.
കണ്ണൂർ കുറുമാത്തൂർ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൻ എൻ. റീജ, കാസർകോട് കിനാലൂർ കരിന്തളം പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൻ ഉഷ രാജു, പൊന്നാനി നഗരസഭ സി.ഡി.എസ് ചെയർപേഴ്സൻ എം. ധന്യ എന്നിവരും മറ്റ് അംഗങ്ങളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
പൊന്നാനി എ.വി. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
വയനാട് ദുരന്തത്തിൽ മരിച്ചവർക്കുള്ള അനുശോചനത്തോടെയായിരുന്നു തുടക്കം. മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പ്രഭാഷണം നടത്തി. ‘കില’ മുൻ ഡയറക്ടർ ഡോ. ജോയ് ഇളമൺ ജൂറി പ്രഖ്യാപനം നടത്തി. വയനാട് ദുരന്തപശ്ചാത്തലത്തിൽ ആഘോഷ പരിപാടി ഒഴിവാക്കിയിരുന്നു. ആഘോഷത്തിന് നീക്കിവെച്ച തുകയും ചേർത്ത് ഒന്നാംഘട്ടമായി 110 ലക്ഷം രൂപ ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
കണ്ണൂർ കുറുമാത്തൂർ പഞ്ചായത്ത് സി.ഡി.എസും പൊന്നാനി നഗരസഭ സി.ഡി.എസും പുരസ്കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കോടിയേരി ബാലകൃഷ്ണന്റെയും പാലോളിയുടെയും രാഷ്ട്രീയ ജീവിതം വരച്ചുകാട്ടിയ വിഡിയോ പ്രദർശിപ്പിച്ചു.
സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ പവനൻ മൂലക്കീൽ, നന്ദിനി മോഹൻ, രാജേഷ് ആനമങ്ങാട്, മോഹനൻ വെള്ളിനേഴി, നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര, കെ.വി. അബ്ദുൽ ഖാദർ, ബിനീഷ് കോടിയേരി, പി.കെ. ഖലീമുദ്ദീൻ, അഡ്വ. ഇ.സിന്ധു എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം കൺവീനർ എം.എം. നയീം സ്വാഗതവും ഷമീം നാണത്ത് നന്ദിയും പറഞ്ഞു. നവോദയ വൈസ് പ്രസിഡൻറ് സജീഷ്, ജോയിൻറ് സെക്രട്ടറി നൗഫൽ വെളിയംകോട്, കുടുംബവേദി പ്രസിഡൻറ് ഷാനവാസ്, ട്രഷറർ അനു രാജേഷ്, പ്രജീഷ് കറുകയിൽ, ഷാഹിദ ഷാനവാസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.