ജിദ്ദ: ജിദ്ദ സീസണിന്റെ ഭാഗമായി ഒരുക്കുന്ന ഇന്ത്യൻ കലാപരിപാടികൾ ജൂൺ രണ്ടിന് വ്യാഴാഴ്ച അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. മേയ് 13ന് നടക്കേണ്ടിയിരുന്ന പരിപാടികളാണ് യു.എ.ഇ പ്രസിഡൻറിന്റെ നിര്യാണത്തെ തുടർന്ന് ജൂൺ രണ്ടിലേക്കു മാറ്റിയത്. ജിദ്ദയിലെ അമീർ മാജിദ് പാർക്കിലാണ് പരിപാടി അരങ്ങേറുന്നത്. പ്രവേശനം സൗജന്യമാണെങ്കിലും ഓൺലൈൻവഴി നേരത്തേ രജിസ്റ്റർ ചെയ്യണം. അതേസമയം, ജിദ്ദ സീസൺ പരിപാടികളുടെ പ്രധാന വേദികളിലൊന്നായ അമീർ മാജിദ് പാർക്കിൽ വിവിധതരം കലാപരിപാടികളും ഷോകളും തുടരുകയാണ്.
ദിവസവും വൈകീട്ട് നാലു മണി മുതൽ രാത്രി 12 വരെയാണ് പാർക്ക് ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. രസകരമായ നിരവധി കലാസാംസ്കാരിക വിനോദപരിപാടികളോടെ പാർക്ക് ദിവസവും സന്ദർശകരെ സ്വീകരിക്കുന്നു. 'സംസ്കാരങ്ങളുടെ സംഗമം' എന്ന ശീർഷകത്തിൽ വാരാന്ത്യ അവധി ദിവസങ്ങളിൽ വിവിധ രാജ്യക്കാരുടെ കലാപരിപാടികളും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന ഇന്തോനേഷ്യൻ പരിപാടികൾ കാണാൻ നിരവധി പേരാണ് പാർക്കിലെത്തിയത്.
'ഇന്തോനേഷ്യയിലേക്കുള്ള യാത്ര' എന്ന എന്ന ശീർഷകത്തിലാണ് ഇന്തോനേഷ്യൻ സാംസ്കാരിക, കലാ, വിനോദപരിപാടികൾ അരങ്ങേറിയത്. ജനങ്ങൾ തമ്മിലുള്ള സാംസ്കാരിക പരസ്പരാശ്രിതത്വം ശക്തിപ്പെടുത്തുന്നതിനും രാജ്യങ്ങളിലെ നാഗരികതകൾ, സംസ്കാരങ്ങൾ, വൈവിധ്യമാർന്ന കലകൾ എന്നിവ പരിചയപ്പെടുത്തുന്നതിനും സീസണിലെ പ്രവർത്തനങ്ങളും പരിപാടികളും വൈവിധ്യവത്കരിക്കാനും ലക്ഷ്യമിട്ടാണ് വിവിധ രാജ്യങ്ങളുടെ പരിപാടികൾ സീസണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.