റിയാദ്: ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദിൽ ചേർന്ന ദേശീയ പ്രതിനിധി സമ്മേളനമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. രാജ്യത്തിെൻറ അഖണ്ഡതക്കും ഐക്യത്തിനും പരിക്കേൽപിച്ച് തങ്ങളുടെ ഫാഷിസ്റ്റ് അജണ്ട പൂർത്തിയാക്കാൻ വെമ്പൽ കൊള്ളുന്ന സംഘ്പരിവാര ശക്തികൾക്ക് പ്രചോദനമേകുന്ന പ്രവണതയാണ് ഭരണകൂടങ്ങളിൽനിന്നും രാജ്യത്തെ ചില നീതിപീഠങ്ങളിൽനിന്നും ഉണ്ടാകുന്നതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
രാജ്യത്തെ വിവിധ സമുദായങ്ങൾ സൗഹൃദത്തോടെ ജീവിക്കുന്നതിനെ അസഹിഷ്ണുതയോടെ കാണുകയും ആർ.എസ്.എസ് അജണ്ട പ്രകാരം ഇതരസമുദായങ്ങളെ ശത്രുക്കളാക്കി അവരുടെ ആരാധനാലയങ്ങൾ തകർക്കുന്നതും വിശ്വാസ സ്വാതന്ത്ര്യം ഹനിക്കുന്നതും തുടരുകയാണ്. ബാബ്റി മസ്ജിദ് തകർത്ത് സത്യത്തിനും നീതിക്കും വിരുദ്ധമായി ക്ഷേത്രം പണിയാൻ ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തതിെൻറ തുടർച്ചയാണ് മഥുരയിലെ ഷാഹി മസ്ജിദിെൻറ നേർക്കും ഹിന്ദുത്വർ അക്രമത്തിന് ഒരുങ്ങുന്നത്. ബാബരി മസ്ജിദിലോ ഷാഹി മസ്ജിദിലോ അവസാനിക്കുന്നതല്ല ഹിന്ദുത്വ ലക്ഷ്യം. ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകിയിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുത്തു. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ യശസ്സോടെ നിന്നിരുന്ന രാജ്യത്തിെൻറ പൊതുസ്വത്തുക്കൾ കുത്തക ഭീമന്മാരുടെ കറവപ്പശുക്കളാക്കി മാറ്റി ജനങ്ങളെ വഞ്ചിക്കുകയും അതുമൂലം സാമ്പത്തിക മേഖല മൂക്കുകുത്തിയ അവസ്ഥയിലെത്തുകയും ചെയ്തിരിക്കുകയാണ്.
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം നൂറ്റി ഒന്നാം സ്ഥാനത്താണ്. ഇന്ധന വില വർധനമൂലം കോടിക്കണക്കായ ആളുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ ഭരണകർത്താക്കൾക്ക് സമയമില്ലെന്നും യോഗം കുറ്റപ്പെടുത്തി. കഴിഞ്ഞ മൂന്നു വർഷത്തെ സൗദിയിലെ വിവിധ പ്രവിശ്യകളിലെ സോഷ്യൽ ഫോറം പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. വെൽഫെയർ പ്രവർത്തനങ്ങളിലും കോവിഡ് രൂക്ഷമായ കാലത്തും സോഷ്യൽ ഫോറം വളൻറിയർമാർ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ യോഗം പ്രശംസിച്ചു.
പ്രവാസികളുടെ തൊഴിൽ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുകയും വിവിധ പ്രവിശ്യകളിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മറവുചെയ്യുന്നതും നാട്ടിലേക്കയക്കുന്നതുമടക്കം നിരവധി സേവനങ്ങളാണ് ഫോറം വളൻറിയർമാർ നടത്തിയത്. പതിനായിരക്കണക്കിന് ആളുകൾക്ക് ഭക്ഷ്യപദാർഥങ്ങൾ എത്തിക്കാനും രക്തദാനമടക്കമുള്ള സേവനങ്ങൾ ചെയ്യാനും വളൻറിയർമാർ നടത്തിയ പ്രവർത്തനങ്ങളാണ് മീഡിയ വൺ ബ്രേവ് ഹാർട്ട് അവാർഡിന് സോഷ്യൽ ഫോറത്തെ അർഹമാക്കിയതെന്നും കൗൺസിൽ വിലയിരുത്തി. പുതിയ ഭാരവാഹികളായി അഷ്റഫ് മൊറയൂർ (പ്രസി.), അഷ്റഫ് പുത്തൂർ കർണ്ണാടക (ജന. സെക്ര.), നസ്റുൽ ഇസ്ലാം ചൗധരി ആസാം, മുഹമ്മദ് സലാഹുദ്ദീൻ കർണാടക (വൈ. പ്രസി.), അബ്ദുൽ ഗനി, ഇ.എം. അബ്ദുല്ല കേരളം (സെക്ര.), റംജുദ്ദീൻ അബ്ദുൽ വഹാബ് തമിഴ്നാട് (എക്സി. മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു. ഇസ്മാഈൽ പാണാവള്ളി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.