ജിദ്ദ: ദേശീയ ദിനത്തോടനുബന്ധിച്ച് അസോസിയേഷൻ ഫോർ റെസിഡന്റ്‌സ് കമ്യൂണിറ്റീസ് ജിദ്ദയിൽ സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിൽ സിറിയൻ ടീമിനെതിരെ ഇന്ത്യൻ ടീം വിജയിച്ചു. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതിനാൽ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്.
ഇന്ത്യൻ ടീമിനുവേണ്ടി അനീസ്, നിയാസ്, ഷഫീഖ്, സനൂപ്, അസ്‌ലം എന്നിവരുടെ പെനാൽറ്റി കിക്കുകൾ ലക്ഷ്യം കണ്ടപ്പോൾ സിറിയൻ നിരയിൽനിന്നും അവസാന കിക്കെടുത്ത ഫായിസിന്റെ കിക്ക് ഗോൾകീപ്പർ നിദിൽ ഷാൻ (കാളികാവ്) തട്ടിയകറ്റുകയായിരുന്നു. സമീർ, ശിഹാബ്, സനൂപ്, മുഹമ്മദ്, ഗോൾ കീപ്പർ അബ്ദുൽസലാം എന്നിവരുടെ ശക്തമായ പ്രതിരോധനിരയിൽ വിള്ളലുണ്ടാക്കാൻ മത്സരാരംഭം മുതൽ സിറിയൻ മുന്നേറ്റ നിര കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല. ലക്ഷ്യം കാണാനാവാതെ സിറിയൻ ടീം പിൻവലിഞ്ഞുതുടങ്ങുന്നിടത്ത് നിന്നും നിയാസ് (പക്രു), അസ്‌ലം, റെനീഷ്, സുധീഷ് എന്നിവർ പന്തിന്റെ നിയന്ത്രണം കൈയിലെടുത്തതോടെ ഇന്ത്യൻ നിരയുടെ ആക്രമണം ആരംഭിച്ചു.
രണ്ടാം പകുതിയിൽ ഇന്ത്യൻ താരങ്ങളുടെ മികച്ച നീക്കങ്ങളിൽ സിറിയൻ പ്രതിരോധനിരക്ക് താളം തെറ്റി. ഫോർവേഡ് നിയാസ് എടത്തനാട്ടുകരയുടെ സുന്ദരമായ പാസ് അനീസ് കരുവാരകുണ്ട് സിറിയൻ വലയിലെത്തിച്ച് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. മത്സരം അവസാനിക്കാൻ അഞ്ചു മിനിറ്റ് ബാക്കിനിൽക്കെ നിയാസ് ചുവപ്പു കാർഡ് കണ്ട് പുറത്തുപോയതിനാൽ ശേഷിക്കുന്ന സമയം ഇന്ത്യൻ ടീം പത്തു പേരുമായാണ് കളിച്ചത്. രണ്ട് മിനിറ്റ് ബാക്കിനിൽക്കെ ഇന്ത്യൻ ടീം സമനില വഴങ്ങി.
ജിദ്ദയിലെ ഇന്ത്യൻ ഫുട്ബാൾ ക്ലബായ എ.സി.സിയാണ് ടീമിനെ ഒരുക്കിയത്. എ.സി.സി താരങ്ങൾക്കു പുറമെ മറ്റു ക്ലബുകളിലുള്ള മികച്ച കളിക്കാരെയും ടീമിൽ ഉൾപ്പെടുത്തിയിരുന്നു. അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.പി. സിദ്ദീഖ് (കണ്ണൂർ), സിറിയൻ കോച്ച് മുസ്തഫ എന്നിവർ വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. അസോസിയേഷൻ അംഗം മൊറോക്കൻ സ്വദേശി റഷീദ് അബുറഹ്ഹാൽ ആയിരുന്നു മാച്ച് കമീഷണർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.