ജിദ്ദ: 29 വർഷത്തിലേറെയായി ഗൾഫ് രാജ്യങ്ങളിലുടനീളമുള്ള തമിഴ് ജനതക്ക് വിവിധ സേവനങ്ങൾ നൽകിവരുന്ന സംഘടനയായ ഇന്ത്യൻ വെൽഫെയർ ഫോറം (ഐ.ഡബ്ല്യു.എഫ്) സ്വാതന്ത്ര്യ ദിനത്തിന്റെ 78ാം വാർഷിക സ്മരണാർത്ഥം തമിഴ്നാട് സർക്കാറിന്റെ ഐഡി കാർഡ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
ജിദ്ദയിലെ ശറഫിയയിലെ ലക്കി ദർബാർ ഹോട്ടൽ ഹാളിൽ നടന്ന ക്യാമ്പിൽ കുടുംബങ്ങളുൾപ്പെടെ നിരവധി തമിഴ് ജനത പങ്കെടുത്തു. വിദേശത്ത് താമസിക്കുന്ന തമിഴ് ജനതക്ക് സൗജന്യ ഐഡന്റിറ്റി കാർഡ് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചതാണ്.
നേരത്തേ ജിദ്ദയിലെ അൽഖുംറ, ഫൈസലിയ, ശറഫിയ അബീർ ഓഡിറ്റോറിയം, ജിദ്ദയിൽനിന്ന് 60 കിലോമീറ്റർ അകലെ അൽ ബറക, മക്ക, മദീന, യാംബു, ബുറൈദ, ദമ്മാം, റിയാദ് എന്നിവിടങ്ങളിലെല്ലാം ഇന്ത്യൻ വെൽഫെയർ ഫോറം ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നതായി ഭാരവാഹികൾ അറിയിച്ചു.
ടീം ഇന്ത്യക്കൊപ്പം ഹജ്ജ് വളന്റിയർ സേവനം, അടിയന്തര രക്തദാന ക്യാമ്പുകൾ, മൃതദേഹങ്ങൾ സംസ്കരിക്കൽ, അസീസിയ ദഅവ സെന്ററിൽ പ്രതിവാര ഇസ്ലാമിക് ക്ലാസുകൾ, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി നിരവധി സെമിനാറുകളും വർക്ക്ഷോപ്പുകളും, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണം തുടങ്ങിയവയും ഇന്ത്യൻ വെൽഫെയർ ഫോറത്തിന് കീഴിൽ നടന്നുവരുന്നതായി ജിദ്ദ റീജിയൻ പ്രസിഡന്റ് അബ്ദുൾ മജീദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.