യാംബു: സൗദി അറേബ്യയിൽ ഒക്ടോബർ മാസത്തെ വാർഷിക പണപ്പെരുപ്പം 1.6 ശതമാനമായി കുറഞ്ഞെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. 2022 ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന പണപ്പെരുപ്പ നിരക്ക് 1.6 ശതമാനമായിരുന്നു. ഈ വർഷം സെപ്റ്റംബറിലെ 1.7 ശതമാനത്തിൽനിന്ന് ഒക്ടോബറിൽ പണപ്പെരുപ്പം 0.1 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. പണപ്പെരുപ്പം ഈ വർഷം തുടർച്ചയായ അഞ്ചാം മാസവും താഴുന്ന പ്രവണത തുടരുന്നതായി അധികൃതർ വ്യക്തമാക്കി.
16 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതാണ് രേഖപ്പെടുത്തിയത്. മേയിൽ 2.8 ശതമാനത്തിൽ നിന്ന് ജൂണിൽ 2.7 ശതമാനമായും ജൂലൈയിൽ 2.3 ശതമാനമായും ആഗസ്റ്റിൽ രണ്ട് ശതമാനമായും സെപ്റ്റംബറിൽ 1.7 ശതമാനമായും ഒക്ടോബറിൽ 1.6 ശതമാനമായും കഴിഞ്ഞ അഞ്ച് മാസമായി ഉപഭോക്തൃ വില സൂചികയിലെ മാറ്റം രേഖപ്പെടുത്തിയിരുന്നു.
ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് വിവിധ ഇന്ധനങ്ങൾ എന്നിവയുടെ വിലയിൽ ഒമ്പത് ശതമാനവും ഭക്ഷണപാനീയങ്ങളുടെ വില 0.4 ശതമാനവും വർധിച്ചതിന്റെ ഫലമായി പണപ്പെരുപ്പ നിരക്ക് വാർഷികാടിസ്ഥാനത്തിൽ ഉയർന്നതായി അതോറിറ്റി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഒക്ടോബറിൽ വീടുകളുടെ യഥാർഥ വാടക 9.3 ശതമാനം വർധിച്ചതായി അതോറിറ്റി ചൂണ്ടിക്കാണിക്കുന്നു. ഇത് അപ്പാർട്മെൻറ് വാടക വിലയിൽ 14.9 ശതമാനം വർധനയെയാണ് സൂചിപ്പിക്കുന്നത്.
പാൽ, പാലുൽപന്നങ്ങൾ, മുട്ട എന്നിവയുടെ വില 4.4 ശതമാനം വർധിച്ചതിനെ തുടർന്ന് ഭക്ഷണ-പാനീയങ്ങളുടെ വിലയിൽ 0.8 ശതമാനം വർധന രേഖപ്പെടുത്തിയതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണ, പാനീയ വിലകൾ, കഴിഞ്ഞവർഷം ഭൂരിഭാഗവും വിലവർധനയുടെ മുൻനിരയിലായിരുന്നു. അതേസമയം വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും ഫർണിച്ചറുകൾക്കും വീട്ടുപകരണങ്ങൾക്കും വില കുറഞ്ഞു. പണപ്പെരുപ്പ നിരക്കിലെ സ്ഥിരത സൗദി സമ്പദ് വ്യവസ്ഥയുടെ ശക്തിയെയും അതിവേഗത്തിൽ നടപ്പാക്കിയ സാമ്പത്തിക നടപടിക്രമങ്ങളുടെയും നടപടികളുടെയും ഫലപ്രാപ്തിയെ പ്രതിഫലിപ്പിക്കുന്നു. പണപ്പെരുപ്പ നിരക്കിലെ ആഗോള വർധനയെ നേരിടാൻ രാജ്യം നേരത്തേതന്നെ നടപടികൾ സ്വീകരിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.