ജുബൈൽ: സൈനിക വ്യവസായ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് സൗദി അറേബ്യ നടപടി തുടങ്ങി. ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസിന്റെ (ജി.എ.എം.ഐ) നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾക്ക് തുടക്കമായത്. രാജ്യത്തെ സൈനിക, പ്രതിരോധ വ്യവസായങ്ങളിൽ നിക്ഷേപം നടത്തുന്ന പ്രാദേശിക അന്തർദേശീയ കമ്പനികളുടെ ചുമതലപ്പെട്ടവർ, മുതിർന്ന ഉദ്യോഗസ്ഥർ, സി.ഇ.ഒമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ്, വ്യവസായ-ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ്, ജനറൽ അതോറിറ്റി ഫോർ ഡിഫൻസ് ഡെവലപ്മെന്റ് ഗവർണർ ഡോ. ഫാലിഹ് അൽ സുലൈമാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
സൈനിക വ്യവസായ മേഖലയിൽ ബന്ധപ്പെട്ട എല്ലാ കക്ഷികളെയും സംയോജിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ പ്ലാറ്റ്ഫോം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മേഖലയിലെ പ്രാദേശിക, അന്തർദേശീയ നിക്ഷേപകർക്ക് ആകർഷകവും ഉത്തേജകവുമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നിക്ഷേപ അവസരങ്ങൾ കണ്ടെത്താനും ചെയ്യാനും ബന്ധപ്പെട്ട അധികാരികൾക്കിടയിൽ സർക്കാർ സംയോജനം ഉറപ്പുവരുത്താനും ഇത് നിക്ഷേപകരെ പ്രാപ്തരാക്കും.
2030ഓടെ പ്രതിരോധ ഉപകരണങ്ങൾക്കും സേവനങ്ങൾക്കുമായി സർക്കാർ ചെലവഴിക്കുന്ന തുകയുടെ 50 ശതമാനത്തിലധികം പ്രാദേശികവത്കരിക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമാണിത്. സൈനിക വ്യവസായങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും വികസനം, ദേശീയ കഴിവുകളുടെ വികസനം, സൗദി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവ സാക്ഷാത്കരിക്കാനും ദേശീയ സമ്പദ്വ്യവസ്ഥയിൽ ഈ മേഖലയുടെ സംഭാവന വർധിപ്പിക്കാനും പദ്ധതി ഉപകരിക്കും.
ഈ മേഖലയുടെ പദ്ധതികളെ പിന്തുണക്കുന്നതിനും അതിന്റെ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി നിരവധി ധാരണപത്രങ്ങളും തന്ത്രപരമായ പങ്കാളിത്തങ്ങളും ചടങ്ങിനോടനുബന്ധിച്ച് പ്രഖ്യാപിച്ചു.
മേഖല വികസിപ്പിക്കുന്നതിലും അതിന്റെ പ്രാദേശികവത്കരണത്തെ പിന്തുണക്കുന്നതിനും പങ്കാളിത്ത നിലവാരം ഉയർത്തുകയാണ് ഈ കരാറുകൾ ലക്ഷ്യമിടുന്നത്. കൂടാതെ, വ്യവസായിക ഉൽപാദനത്തിന്റെ അളവ് വർധിപ്പിച്ച് വ്യവസായങ്ങളുടെ അടിത്തറ വികസിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക വൈവിധ്യവത്കരണ നയം മുന്നോട്ടു കൊണ്ടുപോകാനും സൈനിക-വ്യവസായിക മേഖല ജി.ഡി.പിക്ക് നൽകുന്ന സംഭാവന വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.