റിയാദ്: റഫയിലെ സൈനിക ആക്രമണവും മറ്റു നടപടികളും ഉടൻ അവസാനിപ്പിക്കണമെന്ന് ഇസ്രായേലിനോട് ഉത്തരവിട്ട അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനത്തെ സൗദി അറേബ്യ, മുസ്ലിം വേൾഡ് ലീഗ്, അറബ് പാർലമെന്റ് എന്നിവർ സ്വാഗതം ചെയ്തു. വംശഹത്യ കുറ്റകൃത്യങ്ങളും അതിനുള്ള ശിക്ഷയും സംബന്ധിച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര കോടതിയുടെ തീരുമാനം.
ഫലസ്തീൻ ജനതയുടെ ധാർമികവും നിയമപരവുമായ അവകാശങ്ങളിലേക്കുള്ള ചുവടുവെപ്പായ ഈ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്ന് ‘എക്സ്’ അക്കൗണ്ടിലൂടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഫലസ്തീൻ ജനതയ്ക്കെതിരായ എല്ലാത്തരം ആക്രമണങ്ങളും അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോടുള്ള ആഹ്വാനം ആവർത്തിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഫലസ്തീൻ നഗരമായ റഫയിലെ സൈനിക അധിനിവേശ പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനത്തെ അറബ് പാർലമെന്റും സ്വാഗതം ചെയ്തു. ഫലസ്തീനിനൊപ്പം നിൽക്കുകയും ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളെ വിചാരണ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ നിലപാടുകളെ അഭിനന്ദിക്കുന്നു. ഗസ്സയിലെ സ്ഥിതിഗതികളുടെ ഗൗരവം സ്ഥിരീകരിക്കുന്നതാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെന്നും അവിടെ സാധാരണക്കാർ പട്ടിണി നേരിടുന്നുണ്ടെന്നും അറബ് പാർലമെന്റ് പറഞ്ഞു. ഇസ്രായേലിന്റെ ആക്രമണം തടയാൻ അന്താരാഷ്ട്ര സമൂഹത്തോടും സുരക്ഷാ സമിതിയോടും അന്താരാഷ്ട്ര കക്ഷികളോടും അവരുടെ നിയമപരവും മാനുഷികവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് അറബ് പാർലമെന്റ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനങ്ങൾ നടപ്പിലാക്കാൻ ഇസ്രായേലിനെ നിർബന്ധിപ്പിക്കണം. ഗസ്സയിൽ ഉടനടി വെടിനിർത്തുകയും കൂടുതൽ ദാരുണവും വഷളാകുന്നതുമായ അവസ്ഥകളും പട്ടിണിയും ഒഴിവാക്കാൻ ഗസ്സയുടെ എല്ലാ ഭാഗങ്ങളിലും മാനുഷിക സഹായങ്ങളെത്തിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും അറബ് പാർലമെന്റ് പറഞ്ഞു.
മുസ്ലിം വേൾഡ് ലീഗും തീരുമാനത്തെ സ്വാഗതം ചെയ്തു. ഫലസ്തീൻ ജനതയുടെ മനുഷ്യാവകാശവും നിയമപരവുമായ അവകാശങ്ങളിലേക്കുള്ള ക്രിയാത്മകമായ ചുവടുവയ്പാണിതെന്ന് മുസ്ലിം വേൾഡ് ലീഗ് ഊന്നിപ്പറഞ്ഞു. തീരുമാനം നടപ്പാക്കുന്നതിലും ആക്രമണം നിർത്തുന്നതിലും ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ പ്രവർത്തിക്കുന്നതിലും അവരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നത് ഉറപ്പാക്കുന്നതിലും അന്താരാഷ്ട്ര സമൂഹം അതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത മുസ്ലിം വേൾഡ് ലീഗ് ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.