റിയാദ്: റിയാദിൽ അന്താരാഷ്ട്ര പ്രതിരോധ പ്രദർശനമേള രണ്ടാം പതിപ്പിന് തിരശ്ശീല വീണപ്പോൾ ഒപ്പുവെച്ചത് 2,600 കോടി റിയാലിന്റെ (ഏകദേശം 700 കോടി ഡോളർ) 61 വാങ്ങൽ കരാറുകൾ. 116 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 773 പ്രദർശകരുടെയും 441 ഔദ്യോഗിക പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ റിയാദ് മൽഹമിൽ നടന്ന പ്രദർശനമേളയിലാണ് ഇത്രയും കരാറുകൾ ഒപ്പുവെച്ചത്. 1,06,000 ആളുകൾ പ്രദർശനമേള സന്ദർശിച്ചു. മേളദിനങ്ങളിൽ 17 വ്യവസായിക പങ്കാളിത്ത കരാറുകൾ ഉൾപ്പെടെ 73 കരാറുകളിലാണ് ഒപ്പുവെച്ചത്.
മൂന്നാം പതിപ്പ് 2026-ൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര പ്രതിരോധ പ്രദർശനമെന്ന ആഗോള പരിപാടിക്ക് സൽമാൻ രാജാവും കിരീടാവകാശിയും നൽകിയ നിരന്തര താൽപര്യം വിജയം കൈവരിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തി ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് ഗവർണർ എൻജി. അഹ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഒഹാലി സമാപനചടങ്ങിൽ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ, സുരക്ഷ പ്രദർശനങ്ങൾക്കിടെ പ്രത്യേക അന്താരാഷ്ട്ര പ്രദർശനം സംഘടിപ്പിക്കാനുള്ള സൗദി ഭരണകൂടത്തിന്റെ ആഗ്രഹം പ്രതിഫലിപ്പിക്കുന്നതായിരുന്നു. ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖരെയും വിദഗ്ധരെയും ഫലപ്രദമായി ബന്ധിപ്പിക്കുന്നതിൽ പ്രദർശനം വിജയിച്ചതായി അദ്ദേഹം പറഞ്ഞു. ഈ പതിപ്പ് രാജ്യത്തിലെ പ്രതിരോധ, സുരക്ഷ വ്യവസായ വിപണിയിലേക്ക് ആഗോള വിപണികളുടെ വാതിലുകൾ തുറന്നിട്ടതായും അൽഒഹാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.