ദമ്മാം: അന്താരാഷ്ട്ര മത്സര പരീക്ഷകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന ഷഹീൻ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ദമ്മാമിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് പരിശീലന പരിപാടി ആരംഭിക്കുന്നു. 35 വർഷം മുമ്പ് കർണാടകയിൽ ആരംഭിച്ച ഷഹീൻ ഗ്രൂപ് നീറ്റ്/ജെ.ഇ.ഇ കോച്ചിങ്, സ്കൂൾ എജുക്കേഷൻ എന്നിവയിലാണ് പരിശീലനം നൽകുന്നത്. ദമ്മാമിലെ അറ്റ്ലസ് ഇന്റർനാഷനൽ സ്കൂളുമായി സഹകരിച്ചാണ് പരിശീലന പരിപാടി ആരംഭിക്കുക.
നീറ്റ് പരീക്ഷക്കുള്ള പരിശീലന കേന്ദ്രമാണ് അറ്റ്ലസ് സ്കൂളിൽ ആദ്യം ആരംഭിക്കുന്നത്. ശാസ്ത്രീയമായി രൂപകൽപന ചെയ്ത മൊഡ്യൂളുകൾ, പരിചയസമ്പന്നരായ ഫാക്കൽറ്റികൾ, റെഗുലർ പ്രാക്ടീസ് ടെസ്റ്റുകൾ, ശക്തമായ മെൻററിങ് സിസ്റ്റം എന്നിവ പരിശീലനത്തിന്റെ ഭാഗമാകും. മത്സരപരീക്ഷകൾക്ക് നേരത്തേ തയാറെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ആറാം ക്ലാസ് മുതൽ ഫൗണ്ടേഷൻ കോഴ്സുകൾ ലഭ്യമാകും. വിദ്യാർഥികളെ അവരുടെ അക്കാദമിക് നേട്ടങ്ങൾ വർധിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനവും ലഭ്യമാണ്.
വിദ്യാഭ്യാസരംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ അനുഭവപരിചയമുള്ള പ്രഗത്ഭരായ അക്കാദമിക വിദഗ്ധരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ശനിയാഴ്ച പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യും. ദമ്മാമിൽ നടന്ന വാർത്താസമ്മേളനത്തിൽ ദാവൂദ് മുഹമ്മദലി, ആലിക്കുട്ടി ഒളവട്ടുർ, എം.എം. അബ്ദുൽ മജീദ്, ഡോ. ഫറാസ് അഹമ്മദ്, ഫൈസുദ്ദീൻ, ഷക്കീൽ ഹാഷ്മി, സൈഫുല്ല ഷരീഫ്, പി.എം. ഫയാസ്, ആരിഷ് റഹ്മാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.