ജിദ്ദ: 43ാം കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ മികച്ച പ്രകടനവുമായി കിർഗിസ്താനിൽ നിന്നുള്ള അബ്ദുല്ല ഇഡോസോവ്. ഖുർആൻ മനഃപാഠമാക്കുന്നതിലും പാരായണം ചെയ്യുന്നതിലും ജൂറിയെയും വേദിയിലുള്ളവരെയും അമ്പരപ്പിച്ച പ്രകടനമാണ് അബ്ദുല്ല ഇഡോനോവ് കാഴ്ചവെച്ചത്.
ഇതോടെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര മത്സരം 43ാം സെഷനിൽ പങ്കെടുക്കാൻ അവസരം ലഭിച്ച വിശിഷ്ട മത്സരാർഥിയായിരിക്കുകയാണ്. ഖുർആൻ മുഴുവൻ മനഃപാഠമാക്കിയതുപോലെ അബ്ദുല്ലക്ക് അതിലെ അധ്യായങ്ങളുടെ (സൂറത്ത്) എണ്ണം, വാക്യം, ഭാഗം, പേജിന്റെ അവസാനവും തുടക്കവും, സൂറ അവതരിച്ച സ്ഥലം എന്നിവയെല്ലാം ഹൃദിസ്ഥമാണ്. പന്ത്രണ്ടാം വയസ്സിലാണ് ഖുർആൻ മനഃപാഠമാക്കാൻ തുടങ്ങിയതെന്നും മൂന്നു വർഷത്തിനുശേഷം അത് പൂർണമായും സാധിച്ചെന്നും അബ്ദുല്ല പറഞ്ഞു.
ഗ്രാമങ്ങളിലും നഗരങ്ങളിലും തുടർന്ന് ദേശീയ തലങ്ങളിലും മത്സരങ്ങളിൽ പങ്കെടുത്തു. അതിലെല്ലാം ഒന്നാം സ്ഥാനം നേടിയ ശേഷമാണ് ഈ മത്സരത്തിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത്. ഖുർആൻ മുഴുവനായി മനഃപാഠമാക്കാൻ ദൈവം എന്നെ അനുഗ്രഹിച്ചുവെന്നും അതിനുശേഷം പഠനം നിർത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖുർആന്റെ അവതരണം നടന്ന സ്ഥലങ്ങൾ, സൂറത്തുകളുടെ ക്രമം, വാക്യങ്ങൾ, പേജ്, പേജിന്റെ തുടക്കവും അവസാനവും, സൂറത്തിന്റെ തുടക്കവും അവസാനവും എന്നിവ സംബന്ധിച്ച് പഠനം തുടർന്നു.
ഖുർആൻ മനഃപാഠമാക്കിയ എല്ലാവരുടെയും സ്വപ്നമാണ് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം. കാരണം, അത് ഇരുഹറമുകളുടെ ഭൂമിയിൽ സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൽ അസീസ് അൽ സഊദ് രാജാവിന്റെ പേരാണ് വഹിക്കുന്നതെന്നും അബ്ദുല്ല പറഞ്ഞു.
മത്സരത്തിന്റെ അവസാന യോഗ്യത റൗണ്ടിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. മക്കയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ, അത് കണ്ടില്ല. ഈ മത്സരം വിശുദ്ധ ഭവനം സന്ദർശിക്കാനുള്ള ആഗ്രഹം നിറവേറ്റിയതായും അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.