റിയാദ്: നിയുക്ത ഇറാൻ പ്രസിഡൻറ് ഡോ. മസ്ഊദ് പെസെഷ്കിയാനെ സൽമാൻ രാജാവും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അഭിനന്ദിച്ചു. ഇറാനിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച അവസരത്തിലാണിത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഈ ആഹ്ലാദകരമായ അവസരത്തിൽ ആത്മാർഥ അഭിനന്ദനങ്ങളും ആശംസകളും നേരുകയാണെന്ന് സൽമാൻ രാജാവ് അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. ഇരുസഹോദര രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നത് തുടരാനും പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സമാധാനവും വർധിപ്പിക്കുന്നതിന് ഏകോപനവും കൂടിയാലോചനയും തുടരാനും ഞങ്ങൾ ആഗ്രഹിക്കുന്നു. താങ്കൾക്ക് നല്ല ആരോഗ്യവും സന്തോഷവും ഇറാനിലെ സഹോദരങ്ങളായ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നുവെന്നും അഭിനന്ദന സന്ദേശത്തിൽ കുറിച്ചു.
ഇറാൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച അവസരത്തിൽ എന്റെ ആത്മാർഥമായ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നുവെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പറഞ്ഞു. രണ്ട് രാജ്യങ്ങളെയും ജനങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന നമ്മുടെ പൊതുതാൽപര്യങ്ങൾക്ക് അനുസൃതമായി ബന്ധങ്ങൾ വികസിപ്പിക്കാനും ആഴത്തിലാക്കാനുമുള്ള എന്റെ താൽപര്യം ഊന്നിപ്പറയുന്നുവെന്നും കിരീടാവകാശി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.