അബഹ: കടുത്ത പ്രമേഹം മൂലം കാലിലുണ്ടായ വ്രണത്തെ തുടർന്ന് കാൽ മുറിക്കാൻ നിർദേശിച്ച, രണ്ടു വർഷത്തോളമായി ഖമീസ് മുശൈത്തിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്തുവരുകയായിരുന്ന തിരുവനന്തപുരം കണിയാപുരം സ്വദേശി ഷമീർ വഹാബ് നാടണഞ്ഞു.
ഭാരിച്ച സാമ്പത്തിക ബാധ്യതയെ തുടർന്ന് റെന്റ് എ കാർ കമ്പനി യാത്രാവിലക്ക് ഏർപ്പെടുത്തിയതും ജോലി നഷ്ട്ടപെട്ടതിനെത്തുടർന്ന് സ്പോൺസർ ഹുറൂബ് ആക്കിയതും നാട്ടിലേക്കുള്ള യാത്രക്ക് തടസ്സമായി. തുടർന്ന് ഖമിസ് മുശൈത്തിലെ അസീർ തിരുവനന്തപുരം കൂട്ടായ്മയുടെ ഇടപെടിലാണ് ഇദ്ദേഹത്തിന് നാടണയാനായത്. മദീനയിലുള്ള റെന്റ് എ കാർ കമ്പനിയുമായി കൂട്ടായ്മയുടെ പ്രവർത്തകർ സംസാരിച്ച് ഇദ്ദേഹം കൊടുക്കാനുണ്ടായിരുന്ന മൂന്നു ലക്ഷം രൂപയോളം വരുന്ന തുക മൂന്നിൽ ഒന്നായി കുറക്കുകയായിരുന്നു.
തുടന്ന് യാത്രാവിലക്ക് മാറ്റുകയും അബഹ നാടുകടത്തൽ കേന്ദ്രത്തിന്റെയും ഇന്ത്യൻ കോൺസുലേറ്റിന്റെയും സഹായത്തോടെ എക്സിറ്റ് വിസ കരസ്ഥമാക്കി. കണിയാപുരം സ്വദേശികളായ പ്രവാസി സുഹൃത്തുക്കളും അസീർ തിരുവനന്തപുരം കൂട്ടായ്മ പ്രവർത്തകരും ചേർന്ന് കഴിഞ്ഞ ദിവസം അബഹയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ ഇദ്ദേഹത്തെ നാട്ടിലയച്ചു. അസീർ തിരുവനന്തപുരം ജില്ല കൂട്ടായ്മയുടെ നേതാക്കളായ അൻസാരി റഫീഖ്, നിയാസ്, സഫറുല്ല, സിയാദ് എന്നിവരുടെ നേതൃത്വത്തിലാണ് അദ്ദേഹത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.