ദമ്മാം-: ചിത്ര, ദൃശ്യ, ഡിസൈൻ കലാരംഗത്തെ പ്രതിഭകൾക്ക് കഴിവുകൾ പ്രകടിപ്പിക്കാനും വ്യത്യസ്തമായ കണ്ടെത്തലുകൾ അവതരിപ്പിക്കാനും കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചർ (ഇത്റ) സംഘടിപ്പിക്കുന്ന ആർട്ട് പ്രൈസിനുവേണ്ടി സൃഷ്ടികൾ സമർപ്പിക്കുന്നതിന് തുടക്കമായി. അഞ്ചാം തവണയാണ് ലോകമെമ്പാടുമുള്ള അറബ് ചിത്രകാരന്മാർക്കായി വലിയ സമ്മാനത്തുക പ്രഖ്യാപിച്ച മത്സരമേള സംഘടിപ്പിക്കുന്നത്. മികച്ച അവതരണങ്ങൾക്ക് ലക്ഷം ഡോളറാണ് സമ്മാനം. അറബ് ലീഗിൽ അംഗങ്ങളായ 22 രാജ്യങ്ങളിലെ കലാകാരന്മാർക്കും കലാകൂട്ടായ്മകൾക്കും മത്സരത്തിൽ പങ്കെടുക്കാം.
അൽജീരിയ, ബഹ്റൈൻ, ഖമറൂസ്, ജിബൂതി, ഈജിപ്ത്, ഇറാഖ്, ജോർഡൻ, കുവൈത്ത്, ലബനാൻ, ലിബിയ, മോറിത്താനിയ, മൊറോക്കോ, ഒമാൻ, ഫലസ്തീൻ, ഖത്തർ, സൗദി അറേബ്യ, സോമാലിയ, സുഡാൻ, സിറിയ, തുനീഷ്യ, യു.എ.ഇ, യമൻ എന്നീ രാജ്യങ്ങളിലുള്ള കലാകാരന്മാർക്കാണ് അവസരം. ഈ രാജ്യങ്ങളിലൊന്നിൽ കുറഞ്ഞത് 10 വർഷമെങ്കിലും താമസിച്ചിട്ടുള്ള സ്വദേശികളല്ലാത്ത കലാകാരന്മാർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. ഫെബ്രുവരി ഒന്നുമുതൽ ഏപ്രിൽ ഒന്നു വരെയാണ് സൃഷ്ടികൾ സമർപ്പിക്കാനുള്ള സമയം. മേയ് 15ന് വിജയിയെ പ്രഖ്യാപിക്കും. ജൂണിൽ നടക്കുന്ന ഇത്റ അഞ്ചാം വാർഷികാഘോഷത്തിൽ ഈ സൃഷ്ടികൾ അവതരിപ്പിക്കും. ഇവ ഇത്റയുടെ കലാശേഖരത്തിലേക്ക് കൂട്ടുകയും ചെയ്യും.
ചിത്രകാരന്മാർ, ഡിസൈനർമാർ, ശിൽപികൾ, ഇൻസ്റ്റലേഷൻ കലാകാരന്മാർ, ക്യുറേറ്റർമാർ, അക്കാദമിക് വിദഗ്ധർ, കലാചരിത്രകാരന്മാർ എന്നിവരടങ്ങുന്ന ആഗോള വിദഗ്ധരുടെ പാനൽ ആയിരിക്കും സൃഷ്ടികൾ വിലയിരുത്തുക. 2017ൽ ആരംഭിച്ച ആർട്ട് പ്രൈസിന്റെ ആദ്യ മൂന്ന് പതിപ്പുകളിൽ തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടികൾ ആർട്ട് ദുബൈയിൽ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം തിരഞ്ഞെടുത്ത കലാരൂപം ദറഇയ ബിനാലെയിൽ അവതരിപ്പിച്ചു. കലാരംഗത്ത് കൂടുതൽ ജീവസ്സുറ്റ, മൂല്യങ്ങളുള്ള കലാസൃഷ്ടികൾ രൂപപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഇത്റയിലെ മ്യൂസിയം മേധാവി ഫറ അബുഷുല്ലൈഹ് പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഏറ്റവും വലിയ ആർട്ട് പ്രൈസ് എന്ന നിലയിൽ, പ്രധാനപ്പെട്ടതും അർഥവത്തായതുമായ സൃഷ്ടികൾ രൂപപ്പെടുത്തുന്നതിന് അറബ് കലാകാരന്മാരെ പ്രേരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ കഴിയുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്റ ആർട്ട് പ്രൈസ് ലക്ഷ്യമിടുന്നത് സർഗാത്മക ചിന്തയെ പ്രചോദിപ്പിക്കാനും സാംസ്കാരിക ചക്രവാളങ്ങൾ വിശാലമാക്കാനും കലയിൽ ഉറച്ചുനിൽക്കാനുമുള്ള ആത്മവിശ്വാസം നൽകുകയാണെന്നും അവർ കൂട്ടിച്ചേർത്തു. യു.എ.ഇയിൽനിന്നുള്ള അയ്മാൻ സൈദി പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയ ‘മീം’ അവതരിപ്പിച്ചാണ് സമ്മാനം നേടിയത്. 2019ൽ ലണ്ടനിൽ നിന്നെത്തിയ ഡാനിയ അൽ-സലേഹ് അറബിക് ശബ്ദങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ, ഓഡിയോ-വിഷ്വൽ അവതരണമായ ‘സൗതം’ അവതരിപ്പിച്ചാണ് ജേതാവായത്.
മൂന്നാം പതിപ്പിൽ സൗദിയിൽനിന്നുള്ള ഫഹദ് ബിൻ നായിഫ് തന്റെ ‘റഖ്ം’ ഇൻസ്റ്റലേഷനിലൂടെ ജേതാവായി. ബർലിൻ ആസ്ഥാനമായുള്ള തുനീഷ്യൻ-യുക്രെയ്നിയൻ ആർട്ടിസ്റ്റ് നാദിയ കാബി-ലിങ്കെ 2022ൽ സമ്മാനാ ർഹയായി. ജീവിതയാത്രയിൽ കോവിഡ് എങ്ങനെ പ്രതിഫലിച്ചുവെന്നും ഇതിനിടയിൽ മാനവികത എങ്ങനെ പുരോഗതിയെയും സാമ്പത്തിക വളർച്ചയെയും അളക്കുന്നു എന്നതിനെയും പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ കലാരൂപം. ആവേശപൂർവമായ പ്രതികരണമാണ് ഇത്റ ആർട്ട് പ്രൈസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.