റിയാദ്: അറേബ്യൻ ആകാശത്ത് പൂർണചന്ദ്രനെ സാക്ഷിനിർത്തി സൗദി തലസ്ഥാന നഗരിയിൽ സംഗീതമഴ പെയ്യിച്ച് റിയാദ് ബീറ്റ്സിലെ ‘ന്യൂജൻ മ്യൂസിക് ടീം’. മരുഭൂമിയിലെ വരണ്ട കാറ്റിലൊരു മരുപ്പച്ചയായി സൗദി പാരമ്പര്യ വേഷമണിഞ്ഞ് അരങ്ങിലെത്തിയ ജാസിം ജമാൽ അറബി ഗാനവുമായി തുടങ്ങി ഖവാലിയിലൂടെ ആ മഴപ്പെയ്ത്തിന് തുടക്കമിടുകയായിരുന്നു. റിയാദിന്റെ ഹൃദയമിടിപ്പറിഞ്ഞ വിധു പ്രതാപ് ‘ഹൃദയം’ സിനിമയിലെ ‘ദർശനാ...’ എന്നു തുടങ്ങുന്ന ഗാനവുമായി അരങ്ങിലെത്തിയപ്പോൾ സദസ്സിലെ ഹൃദയങ്ങൾ ഒരുമിച്ചാണ് താളംപിടിച്ചത്.
ഷാർജ ടു ഷാർജ സിനിമയിലെ ‘പതിനാലാം രാവിന്റെ പിറപോലെ വന്നല്ലോ...’ എന്ന പാട്ടിലെത്തിയപ്പോൾ സദസ്സ് താളമടിച്ചുതുടങ്ങി. ചിലർ വിധുവിന്റെ നടനമുദ്രകൾക്കൊപ്പം ചുവടുവെക്കാൻ തുടങ്ങിയ കാഴ്ച ഹരം കൊള്ളിക്കുന്നതായിരുന്നു. മലയാളികളുടെ ഹൃദയം തൊട്ട പിന്നണി ഗായിക ആൻ ആമി ഒരു തമിഴ് നമ്പറുമായാണ് വേദിയിലേക്കുള്ള വരവറിയിച്ചത്. ആമി പ്രഗല്ഭയായ ഡബിങ് ആർട്ടിസ്റ്റ് കൂടിയാണെന്ന് അവതാരകൻ മിഥുൻ രമേഷ് പറഞ്ഞപ്പോൾ സദസ്സ് കരഘോഷം മുഴക്കി. ഒന്നിലധികം സിനിമകളിൽ കല്യാണി പ്രിയദർശന് ശബ്ദം നൽകിയിരിക്കുന്നത് ആൻ ആമിയാണ്.
സംഗീതലോകത്ത് ഉദിച്ചുയരുന്ന താരമായ ശിഖ പ്രഭാകരൻ ഊർജസ്വലതയും സ്വരമാധുര്യവുംകൊണ്ട് റിയാദ് ബീറ്റ്സ് വേദിയെ ഇളക്കിമറിച്ചു. ‘ഇരട്ട’ എന്ന ചിത്രത്തിലെ ‘താരാട്ടായ് ഈ ഭൂമി...’ എന്ന ഗാനവുമായി തുടങ്ങിയ ശിഖ, ജാസിമിനോടൊപ്പം ചേർന്ന് അക്ഷരാർഥത്തിൽ വേദി കീഴടക്കുന്ന കാഴ്ചക്കാണ് റിയാദ് സാക്ഷ്യംവഹിച്ചത്. ജീവിത പങ്കാളി ഫൈസൽ റാസിയോടൊപ്പം ശിഖയും ഭാഗമായ ഉറുമി ബാൻഡിന്റെ ഒഫിഷ്യൽ കവർ സോങ് ‘നാരി നാരി...’ എന്നു തുടങ്ങുന്ന ഗൃഹാതുരത്വമുറങ്ങുന്ന അറബി പാട്ടിന്റെ ഇന്ത്യൻ വേർഷൻ ശിഖയും ജാസിമും ചേർന്ന് ആലപിച്ചത് ആസ്വാദകരുടെ ഞരമ്പുകളെ ത്രസിപ്പിച്ചു.
തൊണ്ണൂറുകളിൽ ജനിച്ചവരുടെ ചുണ്ടുകളിലെ സ്ഥിരസാന്നിധ്യമായ ‘ലജ്ജാവതിയേ...’ എന്ന ഗാനത്തിലൂടെ സദസ്സിനെ കൈയിലെടുത്ത വിധു, അടുത്തകാലത്തിറങ്ങിയ ആർ.ഡി.എക്സ് സിനിമയിലെ പാട്ടിന് സദസ്സിന്റെ മഴത്തുള്ളി ശബ്ദം കേൾപ്പിച്ച കൈയടിയുടെ അകമ്പടിയും സദസ്സിലേക്കിറങ്ങിയുള്ള ഗായകന്റെ ചുവടുകളും ആവേശമുണർത്തി. മലബാർ കല്യാണത്തിന്റെ മൊഞ്ചുമായി വന്ന് സോഷ്യൽ മീഡിയ റീലുകളിലെ സ്ഥിരം ചേരുവയായി മാറിയ സുലേഖ മൻസിൽ സിനിമയിലെ ഗാനം ജാസിമും ശിഖയും ചേർന്ന് ആലപിച്ചത് പിറകെ വരാനിരിക്കുന്ന ഗാനങ്ങളുടെ ട്രെൻഡ് സെറ്റ് ചെയ്യുന്നതായിരുന്നു.
പിന്നാലെ വന്ന ആൻ ആമിയുടെ ‘ഹബീബി ഹബീബി...’ എന്ന അറബി ഗാനത്തിന് റിയാദിലെ കുരുന്നുകളുടെ ഡാൻസിന്റെ അകമ്പടിയും ഉണ്ടായിരുന്നു. ‘മാഫി ഖൽബി ഖൈറുല്ലാഹ്...’ എന്ന ശിഖയുടെ താരാട്ടുപാട്ട്, തട്ടുപൊളിപ്പൻ പാട്ടുകളിൽനിന്ന് സദസ്സിനൊരു വിടുതൽ നൽകുന്നതായിരുന്നു. അടുത്ത കാലത്ത് വിടപറഞ്ഞ ഒരുകാലത്തെ മാപ്പിളപ്പാട്ടുകളിലെ സ്ത്രീരത്നങ്ങളായിരുന്ന വിളയിൽ ഫസീല, റംല ബീഗം എന്നിവർക്ക് ആദരാഞ്ജലിയർപ്പിച്ച് പാടിയ ‘വമ്പുറ്റ ഹംസ റളിയല്ലാഹ്...’ എന്ന മാപ്പിളപ്പാട്ട് സദസ്സിനെ വൈകാരികമായി സ്വാധീനിച്ചു.
മാപ്പിളപ്പാട്ടുകളിലെ എക്കാലത്തെയും മികച്ചവയായ ഫാസ്റ്റ് നമ്പറുകളുമായി സദസ്സിനെ പലതവണ ഇളക്കിമറിച്ചാണ് ജാസിമും ശിഖയും റിയാദ് ബീറ്റ്സിന്റെ വേദിയിൽനിന്ന് വിടപറഞ്ഞത്. തമിഴ് സൂപ്പർ സോങ് ‘മുസ്തഫ മുസ്തഫ...’ എന്ന ഗാനം വിധു പ്രതാപും ആൻ ആമിയും മിഥുനും ശിഖയും ജാസിമും ഒരുമിച്ചാലപിച്ച് റിയാദിന്റെ ഞരമ്പുകളെ ത്രസിപ്പിച്ചു ഹൃദയങ്ങൾ കീഴടക്കിയാണ് സംഗീതനിശക്ക് തിരശ്ശീല വീഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.