ജിദ്ദ ഇന്ത്യൻ സ്‌കൂൾ ഭരണസമിതിയിലേക്ക് വനിതയടക്കം നാലംഗങ്ങൾക്കായി അപേക്ഷ ക്ഷണിച്ചു

ജിദ്ദ: ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയിൽനിന്നും കഴിഞ്ഞ ദിവസം ഒഴിവാക്കിയ നാലംഗങ്ങൾക്ക് പകരം പുതിയ അംഗങ്ങളെ ഉൾപ്പെടുത്താൻ രക്ഷിതാക്കളിൽനിന്ന്​ അപേക്ഷ ക്ഷണിച്ചു. ഏഴംഗങ്ങളുള്ള സമിതിയിൽനിന്ന്​ ഇക്കഴിഞ്ഞ വ്യഴാഴ്‌ചയാണ്‌ ചെയർമാനുൾപ്പെടെ നാലുപേരെ ഒഴിവാക്കി അറിയിപ്പ് ഇറക്കിയത്. ഒഴിവാക്കിയ അംഗങ്ങളിൽ ഏക മലയാളി പ്രതിനിധിയും ഉൾപ്പെട്ടിരുന്നു. ഈ ഒഴിവുകൾ നികത്താനാണ് പുതിയ അപേക്ഷ ക്ഷണിച്ചുള്ള അറിയിപ്പ് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുസഫ്ഫർ ഹസൻ പുറത്തിറക്കിയത്.

പുതുതായി തിരഞ്ഞെടുക്കുന്നവരിൽ ഒരാൾ സ്ത്രീ ആയിരിക്കണമെന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. യാതൊരുവിധ ആനുകൂല്യങ്ങളോ പ്രതിഫലമോ ഇല്ലാതെ സ്‌കൂളി​െൻറ ഉന്നമനത്തിന് വേണ്ടി സേവനം ചെയ്യാൻ താൽപ്പര്യമുള്ളവരിൽനിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള രക്ഷിതാക്കൾക്ക് സെപ്​റ്റംബർ 15 മുതൽ 30 ബുധനാഴ്ച വരെ പ്രവർത്തി ദിനങ്ങളിൽ ഉച്ചക്ക് 12 മുതൽ രണ്ട് വരെ സ്‌കൂളിൽനിന്ന്​ അപേക്ഷ ഫോറം ലഭിക്കുന്നതാണ്.

അപേക്ഷകർ ജിദ്ദ നിവാസികളും അക്കാദമിക, ഭരണ നിർവഹണ, സാങ്കേതിക, സാമ്പത്തിക രംഗങ്ങളിൽ മികച്ച യോഗ്യതയും പ്രവർത്തി പരിചയമുള്ളവരും പ്രശസ്തമായ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രൊഫഷനലുകളുമായിരിക്കണം. സ്‌കൂളിൽ ഒരു വർഷത്തിൽ കുറയാത്ത രക്ഷാകർതൃത്വം ഉണ്ടായിരിക്കണം.

എന്നാൽ, നിലവിൽ 11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാൻ അർഹതയില്ല. അഞ്ച് വർഷം പൂർത്തിയാക്കിയ ഡിഗ്രി, പി.ജി, എം.ബി,ബി.എസ് യോഗ്യതയുള്ളവരും സർട്ടിഫിക്കറ്റുകൾ ഇന്ത്യൻ എംബസിയോ മറ്റു ഇന്ത്യൻ ഉന്നത സ്ഥാപനങ്ങളോ സാക്ഷ്യപ്പെടുത്തിയിരിക്കണം.

നിലവിൽ സ്‌കൂളിൽ ജോലി ചെയ്യുന്നവരോ അവരുടെ ബന്ധുക്കളോ മുൻ ജീവനക്കാരോ മറ്റു സ്‌കൂൾ ഭരണ സമിതി അംഗങ്ങളോ ആവാൻ പാടില്ല. ജോലി ചെയ്യുന്ന സ്ഥാപനത്തി​െൻറ അംഗീകാര പത്രവും 8000 റിയാലിൽ കുറയാത്ത മാസ ശമ്പളം ലഭിക്കുന്നുണ്ടെന്ന സൗദി ചേംബർ ഓഫ് കൊമേഴ്‌സ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം.

സ്‌കൂളി​െൻറ പുരോഗതി, കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തൽ എന്നിവ ലക്ഷ്യമിട്ട്​ താൻ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെന്തെല്ലാമെന്ന് 100 വാക്കിൽ കവിയാതെ വിശദീകരിച്ച കുറിപ്പും ഹാജരാക്കണം. വിശദമായ ബയോഡാറ്റയും അസ്സൽ രേഖകളുമടക്കം അപേക്ഷ ഒക്ടോബർ ഒന്നിന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ സ്‌കൂൾ പ്രിൻസിപ്പൽക്ക് സമർപ്പിക്കണം.

Tags:    
News Summary - Jeddah Indian School Board has invited applications for four members, including women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.