മനംകവർന്ന് 'ജിദ്ദ സീസൺ 2022'; ഇന്ത്യയടക്കം വിവിധ രാജ്യക്കാർക്ക് പ്രത്യേക പരിപാടികൾ

ജിദ്ദ: ഈദാഘോഷത്തിന്‍റെ പൊലിമയിൽ സന്ദർശകരുടെ മനംകവർന്ന് ജിദ്ദ സീസൺ 2022 വിനോദ പരിപാടികൾ തുടരുന്നു. പെരുന്നാൾ ദിവസം കോർണിഷിൽ ജിദ്ദ ആർട്ട് പ്രൊമെനേഡിൽ ആരംഭിച്ച സീസൺ പരിപാടികൾ കാണാൻ വിവിധ രാജ്യക്കാരായ നിരവധി പേരാണ് എത്തുന്നത്. ഇന്ത്യയുൾപ്പടെ വിവിധ രാജ്യക്കാർക്ക് ആസ്വദിക്കാൻ കഴിയുന്ന നിരവധി പരിപാടികൾ ഇനിയുള്ള ദിവസങ്ങളിൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ആദ്യ മൂന്ന് ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞതായാണ് റിപ്പോർട്ട്. ഒമ്പത് സ്ഥലങ്ങളിലാണ് ജിദ്ദ സീസൺ പരിപാടികൾ അരങ്ങേറുന്നത്. തുടക്കത്തിൽ ജിദ്ദ ആർട്ട് പ്രൊമെനേഡ് മേഖലയിലാണ് പരിപാടികൾ. വരും ദിവസങ്ങളിലായി മറ്റ് സ്ഥലങ്ങളിലും പരിപാടികൾ ആരംഭിക്കും. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ ആരംഭിച്ച ലോകോത്തര സർക്കസ് ടീമായ 'സർക്യു ഡു' സോലൈൽ ഷോ ആസ്വദിക്കാൻ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് എത്തിയത്.

ജിദ്ദ സീസൺ പരിപാടികൾ ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി കൺസൽറ്റൻറ് നൗഷിൻ വസീം വിശദീകരിക്കുന്നു

ജിദ്ദയിലെ ആദ്യത്തെ അന്താരാഷ്ട്ര ഷോ ആദ്യ ദിവസങ്ങളിൽ തന്നെ ജനപങ്കാളിത്തം കൊണ്ടും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. 25 സാങ്കേതിക വിദഗ്ധരുടെ പിന്തുണയോടെ 39 കലാകാരന്മാരാണ് സർഗാത്മകതയിലും പുതുമയും സസ്പെൻസും സമന്വയിച്ച അമ്പരിപ്പിക്കുന്ന പ്രകടനങ്ങൾ അവതരിപ്പിക്കുന്നത്. മരണചക്രം, വിമാനം, ബാലൻസ് ഷോ, തൂക്കുതുണി, ഹീലിയം ഷോ, സൈക്കിളുകൾ, കടലാസ് കൊടുങ്കാറ്റ് തുടങ്ങിയ അക്രോബാറ്റിക് പ്രകടനങ്ങൾ അവതരിപ്പിക്കുന്നതിൽ ഉൾപ്പെടും.

കരിമരുന്ന് പ്രയോഗം ആയിരങ്ങളെയാണ് ആകർഷിക്കുന്നത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിവിധതരം കലാപ്രകടനങ്ങളും നടന്നുവരുന്നുണ്ട്. ഹയ്യ് ശാത്വിയിലെ കൾച്ചറൽ ക്ലബിൽ നടന്ന 'ലംബീ ഫിൽ ജാഹിലിയ' എന്ന പ്രമുഖ ഇൗജിപ്ഷ്യൻ കാലാകാരന്മാർ അവതരിപ്പിച്ച നാടകം കാണാൻ നിരവധി സ്വദേശികളും വിദേശികളും എത്തി. വരും ദിവസങ്ങളിൽ ജിദ്ദ സീസൺ പരിപാടികൾക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


അതേസമയം, ജിദ്ദ സീസൺ രണ്ടാം പതിപ്പിനോടനുബന്ധിച്ച് ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ഇന്തോനോഷ്യ, ഫിലിപൈൻസ് എന്നീ രാജ്യക്കാർക്കായി പ്രത്യേക പരിപാടികളുണ്ടായിരിക്കുമെന്ന് ജനറൽ എന്‍റർടൈൻമെന്‍റ് അതോറിറ്റി കൺസൾട്ടന്‍റ് നൗഷിൻ വസീം പറഞ്ഞു. രാജ്യത്തെ ഒരോ മേഖലയുടെയും സാംസ്കാരിക, പൈതൃക തനിമകളുടെ പ്രകടനത്തോടൊപ്പം എല്ലാവരിലും സന്തോഷവും ആനന്ദവുമുണ്ടാക്കുകയാണ് സീസൺ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനായി ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും നൗഷിൻ വസീം പറഞ്ഞു.

Tags:    
News Summary - Jeddah Season 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.