ദമ്മാം: ദിവസങ്ങൾക്കുമുമ്പ് അർബുദ ബാധയെത്തുടർന്ന് മരിച്ച അഭിനേതാവും, കലാകാരനുമായ കൊല്ലം തിരുത്തിക്കര ജോബി ടി. ജോർജി(43) ന്റെ മൃതദേഹം നാട്ടിലേക്കുകൊണ്ടുപോയി. ചൊവ്വാഴ്ച പുലർച്ച 1.50 ന് ദമ്മാമിൽനിന്ന് പുറപ്പെട്ടുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ തിരുവന്തപുരത്തെത്തുന്ന മൃതദേഹം ബന്ധുക്കൾ സ്വീകരിച്ച് മോർച്ചറിയിലേക്കുമാറ്റും. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ വീട്ടിൽ പൊതുദർശനത്തിനുവെക്കും. 11 മണിയോടെ വീടിനു സമീപത്തുള്ള തിരുത്തിക്കര ഇമ്മാനുവേൽ മാർത്തോമ ചർച്ച് സെമിത്തേരിയിൽ ഖബറടക്കും.
രണ്ട് പതിറ്റാണ്ടായി പ്രവാസം നയിച്ചിരുന്ന ജോബി ദമ്മാമിലെ കലാ, സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. കനിവ് സംസ്കാരിക വേദിയുടെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്ന ജോബി ഗായകനായും, അഭിനേതാവായും, അവതാരകനായും തിളങ്ങിയിരുന്നു. സജീവ പ്രവർത്തനങ്ങൾക്കിടയിൽ പെട്ടെന്നാണ് അർബുദബാധ കീഴടക്കുന്നത്. വെല്ലൂരിലെ ചികിത്സക്കുശേഷം തിരികെയെത്തിയ ജോബി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷ നൽകിയിരുന്നുവെങ്കിലും രോഗം അതിവേഗം വീണ്ടും കീഴ്പെടുത്തുകയായിരുന്നു. രണ്ട് ദിവസത്തോളം ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ജോബി തിരികെ ജീവിതത്തിലേക്കെത്താൻ പ്രാർഥനയോടെ കാത്തിരിക്കെയാണ് മരണം കവർന്നത്. ദമ്മാം മാർത്തോമാ ഇടവക അംഗമായിരുന്നു. ഇടവക ട്രസ്റ്റി, അക്കൗണ്ടൻറ്, ആത്മായ ശുശ്രൂഷകൻ, യീവജന സഖ്യം സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു.
സാമൂഹിക പ്രവർത്തകനായ നാസ് വക്കമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ജോബിയുടെ പേരിലുണ്ടായിരുന്ന വാഹനങ്ങൾ മാറ്റിക്കിട്ടുന്നതിനു നടപടിക്രമങ്ങൾ രണ്ട് ദിവസത്തോളം മൃതദേഹം നാട്ടിലെത്തുന്നത് വൈകാൻ കാരണമായതായി നാസ് പറഞ്ഞു. കഴിഞ്ഞ ദിവസം എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതിനുശേഷമാണ് ജോബിയുടെ സ്പോൺസർഷിപ്പിലെത്തിയ ഭാര്യാ മാതാവ് സൗദിയിലുണ്ടെന്ന രേഖകൾ ശ്രദ്ധയിൽപെട്ടത്. നേരത്തേ നാട്ടിലേക്കുപോയ ഇവരുടെ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയതിൽവന്ന തകരാറായിരുന്നു കാരണം. തിങ്കളാഴ്ച അതും ശരിയാക്കിയതോടെയാണ് മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകുന്നതിനുള്ള വഴിതെളിഞ്ഞത്. ആന്തമാൻ സ്വദേശിനിയും നഴ്സുമായിരുന്ന ജിഷയാണ് ഭാര്യ. ഇതിഹാസം നാടുകടത്തിൽ ഷേക്സ്പിയറിന്റെ അമ്മയായി അഭിനയിച്ചത് ജിഷയായിരുന്നു. ദമ്മാം സ്കൂൾ വിദ്യാർഥികളായ ലെവിൻ (13), ലിയാന (9) എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.