റിയാദ്: കേളി കുടുംബവേദിയുടെ നേതൃത്വത്തില്‍ കുട്ടികൾക്കും വനിതകൾക്കുമായി ആരംഭിക്കുന്ന കലാ അക്കാദമി പ്രമുഖ മാപ്പിളപ്പാട്ട് കലാകാരി കണ്ണൂര്‍ സീനത്ത് ഉദ്ഘാടനം ചെയ്തു. കുടുംബവേദി ‘ജ്വാല 2023’ എന്ന പേരിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതദിന പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് നടന്നത്. റിയാദിലെ കുട്ടികൾക്കും വനിതകൾക്കും പ്രായഭേദമന്യേ തികച്ചും സൗജന്യമായി ക്ലാസിക്കല്‍ വെസ്റ്റേണ്‍ നൃത്തരൂപങ്ങള്‍, സംഗീതം, ചിത്രകല, വാദ്യോപകരണ സംഗീതം, ആയോധനകലകള്‍ തുടങ്ങിയവയിലുള്ള പരിശീലനത്തിനാണ് കലാ അക്കാദമി ആരംഭിച്ചത്.
മൂന്നു പതിറ്റാണ്ട് കാലത്തിലേറെയായി മാപ്പിളപ്പാട്ട് കലാരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ വനിതാസാന്നിധ്യം കണ്ണൂർ സീനത്തിനെ ചടങ്ങിൽ ആദരിച്ചു. വ്യവസ്ഥാപിത പ്രതികൂല സാമൂഹിക സാഹചര്യങ്ങളോട് പടപൊരുതിയാണ് ഒരു സ്ത്രീ എന്ന നിലയില്‍ താൻ കലാരംഗത്ത് നിലയുറപ്പിച്ചത് എന്ന കണ്ണൂർ സീനത്തിന്റെ വാക്കുകൾ വനിതകൾക്ക് ഏറെ പ്രചോദനം നൽകുന്നതായിരുന്നു. കുടുംബവേദിയുടെ ഉപഹാരമായി ഷാൾ അണിയിച്ചും ഫലകം സമ്മാനിച്ചും കുടുംബവേദി സെക്രട്ടറി സീബ കൂവോടും പ്രസിഡന്റ് പ്രിയ വിനോദും കണ്ണൂർ സീനത്തിനെ ആദരിച്ചു.
ചടങ്ങിന്റെ ഭാഗമായി കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗവും ചിത്രകാരിയുമായ വിജില ബിജു, മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ചിത്രം തത്സമയം സ്റ്റേജിൽ വരച്ചത് കാണികൾക്കും അതിഥികള്‍ക്കും കൗതുകം പകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.