റിയാദ്: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൻ റിയാദിലെ കേളി കലാസാംസ്കാരിക വേദി സെക്രട്ടേറിയറ്റ് അനുശോചനം രേഖപ്പെടുത്തി. സി.പി.ഐയുടെ വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ കാനം രാജേന്ദ്രന് സി.പി.ഐയുടെ കരുത്തനായ നേതാക്കളില്‍ ഒരാളായിരുന്നുവെന്ന് അനുശോചനക്കുറിപ്പിൽ പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ സർക്കാറിനെ നല്ലരീതിയിൽ നയിക്കുന്നതിൽ ഒരു സഖ്യകക്ഷിയുടെ സെക്രട്ടറി എന്നനിലയിൽ നിസ്തുലമായ സേവനമാണ് കാനം നടത്തിയിട്ടുള്ളത്. സൗമ്യ സ്വഭാവക്കാരനായി കണപ്പെടാറുള്ള കാനം പാർട്ടി നിലപാടുകളിൽ കണിശക്കാരനായിരുന്നു എന്നും കേളി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിെൻറ വേർപാടിൽ കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ കേളി കലാസാംസ്കാരിക വേദിയും പങ്കു ചേരുന്നതായും കുറിപ്പിൽ പറഞ്ഞു.
ജുബൈൽ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ജുബൈലിലെ വിവിധ സാമൂഹിക, രാഷ്ട്രീയ സംഘടനാ നേതാക്കൾ അനുശോചിച്ചു. സി.പി.ഐയുടെ അച്ചടക്കമാർന്ന പ്രവർത്തനത്തിന് വെളിയം ഭാർഗവനും സി.കെ. ചന്ദ്രപ്പനും ഒപ്പം കാനം രാജേന്ദ്രന്റെയും പങ്ക് വിലമതിക്കാനാവാത്തതാണെന്ന് നവയുഗം നേതാവ് ടി.സി. ഷാജി പറഞ്ഞു. ഉറച്ച നിലപാടുകളുണ്ടായിരുന്ന അദ്ദേഹം പാർട്ടിയിൽ ഒരു തിരുത്തൽ ശക്തിയായിയിരുന്നു. വിയോഗം സി.പി.ഐ.ക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും തീർത്താൽ തീരാത്ത നഷ്ടമാണ്.
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായിരുന്നു കാനം എന്ന് നവയുഗം നേതാവ് ഉമേഷ് കളരിക്കൽ പറഞ്ഞു. അദ്ദേഹത്തിെൻറ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക്, വിശിഷ്യ കേരള രാഷ്ട്രീയത്തിന് നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിക്കുക. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭരണത്തുടർച്ചക്ക് അദ്ദേഹം നൽകിയ സംഭാവന വലുതാണ്.
വേര്‍പാട് രാഷ്ട്രീയ കേരളത്തിന് കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കെ.എം.സി.സി നേതാവ് ഷംസുദ്ദീൻ പള്ളിയാളി അഭിപ്രായപ്പെട്ടു. നിയമസഭാംഗമെന്ന നിലയില്‍ ഏറെ ശ്ലാഘനീയമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ എന്നും ഇടപെട്ടിരുന്ന അദ്ദേഹം രാഷ്ട്രീയ എതിർപ്പുകളെ പോലും വളരെ ക്രിയാത്മകമായിട്ടാണ് നേരിട്ടത്.
കരുത്തനായ സംഘാടകനും തൊഴിലാളി യൂനിയൻ നേതാവുമായിരുന്നു കാനം രാജേന്ദ്രനെന്ന് ഐ.എം.സി.സി നേതാവ് മുഫീദ് കൂരിയാടൻ പറഞ്ഞു. വ്യക്തമായ നിലപാടുകളുള്ള ഒരു കമ്യൂണിസ്റ്റുകാരൻ കൂടിയായിരുന്നു. വിയോഗം ഇടതു ജനാധിപത്യ മുന്നണിക്കും രാഷ്ട്രീയ കേരളത്തിനും തീരാ നഷ്ടമാണ്.
തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ സാധാരണക്കാരുടെ ജീവിത സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ നേതാവായിരുന്നു കാനം രാജേന്ദ്രൻ എന്ന് പ്രവാസി വെൽഫെയർ ജുബൈൽ കമ്മിറ്റി ജുബൈൽ നേതാവ് നിയാസ് നാരകത്ത് അഭിപ്രായപ്പെട്ടു. കേരള രാഷ്ട്രീയത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച അദ്ദേഹത്തിെൻറ വിയോഗം കേരളത്തിലെ പൊതുമണ്ഡലത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.