ദമ്മാം: കെ.എം.സി.സി നാഷനൽ കമ്മിറ്റി കായികവിഭാഗം സംഘടിപ്പിച്ച സി. ഹാഷിം എൻജി. സ്മാരക നാഷനൽ സോക്കർ ടൂർണമെൻറിന്റെ ദമ്മാമിലെ മത്സരങ്ങൾക്ക് അൽ-തറജ് സ്റ്റേഡിയത്തിൽ തുടക്കം. സാംസ്കാരിക ഘോഷയാത്രയുടെയും കലാകായിക പ്രകടനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അരങ്ങേറിയ മത്സരത്തിൽ ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ റിയാദിനും ദിമ ടിഷ്യു ഖാലിദിയ്യക്കും തകർപ്പൻ ജയം. റിയാദ്-ഡർബി പോരാട്ടത്തിൽ കറിപോട്ട് റോയൽ ഫോക്കസ് ലൈൻ എഫ്.സിക്കെതിരെ ഏകപക്ഷീയമായ നാല് ഗോളുകൾക്കായിരുന്നു യൂത്ത് ഇന്ത്യയുടെ വിജയം. യൂത്ത് ഇന്ത്യക്കായി ഹാട്രിക് ഗോൾ നേടിയ രാജുവാണ് ടീമിന്റെ വിജയശിൽപി.
രണ്ടാം മത്സരത്തിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ്.സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഡിമ ടിഷ്യു ഖാലിദിയ്യ എഫ്.സി ടൂർണമെൻറിൽ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കിയതോടെ സെമി സാധ്യത നിലനിർത്തി. ബദർ എഫ്.സിക്കായി ഹസ്സൻ ആദ്യ ഗോൾ നേടി. ഏറെ വൈകാതെ സന്തോഷ് ട്രോഫി താരം റഹീം കാടാമ്പുഴ, മുൻ കാലിക്കറ്റ് യൂനിവാഴ്സിറ്റി ക്യാപ്റ്റൻ ഇനാസ് റഹ്മാൻ, അജ്മൽ റിയാസ്, യാസീൻ, റിൻഷിഫ് എന്നിവരിലൂടെ ഖാലിദിയ്യ മത്സരം തങ്ങളുടെതാക്കി തീർത്തു.
തകർപ്പൻ ഹാഫ് വോളി ഷോട്ടിന്റെ മനോഹര ഗോളിലൂടെ വി.പി. സുഹൈൽ ഖാലിദിയക്കായി ആദ്യ ഗോൾ മടക്കി. സുഹൈൽ രണ്ടാം ഗോളും നേടിയതോടെ ഖാലിദിയ മത്സരത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു. റഹീമിന്റെ അസിസ്റ്റിൽ സുബൈർ മൂന്നാം ഗോളും യാസീന്റെയും ഇനാസിന്റെയും റിൻഷിഫിന്റെയും മുന്നേറ്റങ്ങൾക്കൊടുവിൽ അജ്മലിന്റെ തന്നെ മറ്റൊരു അസിസ്റ്റിൽ റഹീം ഖാലിദിയ്യക്കായി നാലാം ഗോളും നേടി ഖാലിദിയ മത്സരം സ്വന്തമാക്കി. രണ്ട് ഗോളുകൾ നേടുക വഴി മത്സരത്തിന്റെ ഗതി നിർണയിച്ച സുഹൈലിനെ കംഫർട്ട് ട്രാവൽസ് മാൻ ഒഫ് ദ മാച്ച് പുരസ്കാരത്തിനായി തെരഞ്ഞെടുത്തു.
രണ്ട് മാച്ചുകളിൽനിന്നായി രണ്ട് ജയത്തോടെ ആറ് പോയിൻറുമായി ഗ്രൂപ്പിൽ ഖാലിദിയ്യ ഒന്നാമതെത്തി. യൂത്ത് ഇന്ത്യക്ക് മൂന്നും ഫോക്കസ് ലൈൻ എഫ്.സിക്കും ബദർ എഫ്.സിക്കും ഒരോ പോയിൻറുകളാണ് നിലവിലുള്ളത്. ടൂർണമെൻറിന്റെ കിക്കോഫ് പ്രവാസി ഭാരതീയ പുരസ്കാര ജേതാവും ഇറാം ഗ്രൂപ്പ് സി.എം.ഡിയുമായ ഡോ. സിദ്ദീഖ് അഹമ്മദ് നിർവഹിച്ചു. ടൂർണമെൻറ് കമ്മിറ്റി വർക്കിങ് ചെയർമാൻ ഖാദർ വാണിയമ്പലം അധ്യക്ഷത വഹിച്ചു. കൺവീനർ ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും സ്വാഗത സംഘം ട്രഷറർ സിദ്ദീഖ് പാണ്ടികശാല നന്ദിയും പറഞ്ഞു.
നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ അലി പാലത്തിങ്ങൽ, ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ഷമീർ കൊടിയത്തൂർ എന്നിവർ സംസാരിച്ചു. സഹീർ മജ്ദാൽ അവതാരകനായിരുന്നു. സാംസ്കാരിക ഘോഷയാത്രയിൽ ഡോ. സിദ്ദീഖ് അഹമ്മദ്, ഉസ്മാനലി പാലത്തിങ്ങൽ, ഡോ. ടി.പി. മുഹമ്മദ്, ഉസ്മാൻ അലി പാലത്തിങ്ങൽ, ആലിക്കുട്ടി ഒളവട്ടൂർ, മാലിക് മഖ്ബൂൽ, മുജീബ് ഉപ്പട, സമീർ കൊടിയത്തൂർ, വിൽഫ്രഡ് ആൻഡ്രൂസ്, സക്കീർ വള്ളക്കടവ് എന്നിവർ ചേർന്ന് സല്യൂട്ട് സ്വീകരിച്ചു.
ഒപ്പന, കോൽക്കളി, അറബിക് ഡാൻസ്, വിവിധ നിശ്ചല ദൃശ്യങ്ങൾ, സ്കൗട്ട്, കരാട്ടെ, ഫ്ലവർ ഡാൻസ്, ശിങ്കാരിമേളം തുടങ്ങി വിവിധ കലാരൂപങ്ങളും അരങ്ങേറി. അഷ്റഫ് ഗസൽ, റഹ്മാൻ കാരയാട്, മജീദ് കൊടുവള്ളി, അമീറലി കൊയിലാണ്ടി, ടി.ടി. കരീം, ഉമർ ഓമശ്ശേരി, ഹമീദ് വടകര, കെ.പി. ഹുസൈൻ, അഷ്റഫ് ആളത്ത്, ഫൈസൽ കൊടുമ, അറഫാത്ത് കാസർകോട്, അസീസ് എരുവാട്ടി, ഖാദർ അണങ്കൂർ, ഫസൽ മഞ്ചേരി, റുഖിയ റഹ്മാൻ, ഹാജറ സലിം, സുമയ്യ ഫസൽ, സാജിത നഹ, ഫൗസിയ റഷീദ്, റിഫാന ആസിഫ്, ഷാനിബ ഉമർ തുടങ്ങിയവർ സാംസ്കാരിക ഘോഷയാത്രക്ക് നേതൃത്വം നൽകി. ജംഷി ചുള്ളിയോട്, മുജീബ് കൊളത്തൂർ തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു. ജൗഹർ കുനിയിൽ, സഹീർ മുസ്ലിയാരങ്ങാടി, ആസിഫ് കൊണ്ടോട്ടി, മുഹമ്മദ് കരിങ്കപ്പാറ, ജമാൽ ആലമ്പാടി, റസാഖ് ബാവു, റിയാസ് വണ്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.