ജിദ്ദ: മലപ്പുറം ജില്ല കെ.എം.സി.സി 'ബാബു നഹ്ദിയുമായി സംവാദം' എന്ന പരിപാടി സംഘടിപ്പിച്ചു. കെ.എം.സി.സി വിദേശത്ത് ചരിത്രം രചിക്കുകയായിരുന്നില്ല; മറിച്ച് ഒരു പുതിയ സംസ്കാരത്തിന് തുടക്കമിടുകയായിരുന്നുവെന്ന് കെ.എം.സി.സി ജില്ല ചെയർമാൻ കൂടിയായ ഹസ്സൻ സിദ്ദീഖ് എന്ന ബാബു നഹ്ദി പറഞ്ഞു. നാട്ടിൽ ഇറയും തറയും മുട്ടുന്ന കുടിലുകളിൽ നിന്ന് പട്ടിണി മാറ്റുക എന്ന ലക്ഷ്യത്തോടെ ജീവൻ പണയം വെച്ച് വൻകരകൾ താണ്ടി സൗദിയിലും മറ്റു ഗൾഫ് നാടുകളിലും എത്തി, മരുഭൂമിയിൽ ചോര നീരാക്കി ഗൾഫിനെ ഇന്ന് കാണുന്ന മിന്നുന്ന രൂപത്തിലേക്ക് പരിവർത്തിപ്പിക്കുന്നതിൽ പ്രവാസി മലയാളികളുടെ പങ്ക് വിവരണാതീതമാണെന്ന് ബാബു നഹ്ദി പറഞ്ഞു. ഗൾഫ് കുടിയേറ്റത്തിന്റെ തുടക്കത്തിൽ റോഡ് അടിച്ചുവാരുന്ന ജോലിയായിരുന്നു സാധാരണക്കാരന് ലഭിക്കാവുന്ന ഏറ്റവും നല്ല ജോലി. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള വളരെ കുറച്ചു പേർക്ക് മാത്രമായിരുന്നു അന്ന് ഉയർന്ന ശമ്പളമുള്ള ജോലി ലഭിച്ചിരുന്നത്. അതിനിടക്ക് കമ്പനി സെക്രട്ടറി ജോലികൾ പോലെയുള്ള മിഡിൽ ടൈപ് ജോലികൾ ഉണ്ടായിരുന്നില്ല.
അന്ന് നിരക്ഷരരായിരുന്ന മലയാളികൾ കിട്ടുന്ന തുഛമായ ശമ്പളത്തിൽ നിന്ന് ഒരു ചെറിയ തുക മാറ്റിവെക്കുകയും നാട്ടിലെ പള്ളി, മദ്റസ, പാവപ്പെട്ട പെൺകുട്ടികളുടെ കല്യാണം തുടങ്ങിയ നാട്ടിലെ പൊതുവിഷയങ്ങൾക്ക് ചെറിയ തുക നീക്കിവെക്കുകയും ചെയ്യുമായിരുന്നു. സാവധാനം മലയാളികൾ സംഘടന സംവിധാനത്തിൽ വരികയും ചന്ദ്രിക റീഡേഴ്സ് ഫോറം, കെ.എം.സി.സി തുടങ്ങിയ സംഘടനകൾ രൂപവത്കരിക്കുകയും ചെയ്തു. അന്ന് കാര്യമായി ഉണ്ടായിരുന്ന സൗദിയിലെ മറ്റു സംഘടനകൾ എസ്.വൈ.എസും ഇസ്ലാഹി സെന്ററുമായിരുന്നു. പിന്നീടാണ് കെ.എം.സി.സി ജീവകാരുണ്യപ്രവർത്തനം ഏറ്റെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് പതിറ്റാണ്ടിനു ശേഷം പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ബാബു നഹ്ദിയെ ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ ഉപഹാരം നൽകി ആദരിച്ചു. ഇല്യാസ് കല്ലിങ്ങൽ, ഉനൈസ് തിരൂർ, ജലാൽ തേഞ്ഞിപ്പലം, നാസർ കാടാമ്പുഴ, അബ്ബാസ് വേങ്ങൂർ, വി.വി. അഷ്റഫ്, സുൽഫിക്കർ ഒതായി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും ജില്ല സെക്രട്ടറി സാബിൽ മമ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.