ജീസാൻ: ജീസാനിൽ നിന്ന് 130 കി.മി അകലെ അൽ റെയ്തിനടുത്ത് വാദി ലജബ് താഴ്വര പ്രകൃതിയുടെ വർണ വിസ്മയം കൊണ്ട് സന്ദർശകർക്ക് മറക്കാനാകാത്ത അനുഭവങ്ങൾ നൽകും. സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് താഴ്വര നൽകുന്ന കുളിരും പ്രകൃതിദത്തമായ കാഴ്ച്ചകളും ആസ്വദിക്കാൻ എത്തുന്നത്. 300ൽ പരം മീറ്റർ ഉയരമുള്ള രണ്ട് പർവതങ്ങൾ പിളർന്നു മാറിയ പോലെയുള്ള ഇടുങ്ങിയ ഇടനാഴിയാണ് വാദി ലജബിലേക്കുള്ള പ്രവേശന കവാടം. ഏകദേശം അഞ്ച് കിലോമീറ്ററോളം ഉള്ളിലേക്ക് നീണ്ടുകിടക്കുന്ന താഴ്വരയിലേക്ക് എത്തുമ്പോൾ മറ്റൊരു ലോകത്ത് എത്തിയ പ്രതീതി.
ഇരു വശങ്ങളിലുമായി ഇടതൂർന്നു നിൽക്കുന്ന മരങ്ങൾ, ശുദ്ധജലം പ്രവഹിക്കുന്ന ചെറുതും വലുതുമായ നീരുറവകൾ, മത്സ്യമുള്ള ചെറുതടാകങ്ങൾ, വൈവിധ്യമാർന്ന ജന്തുജാലങ്ങൾ, തടാകങ്ങളിൽ നീന്തുവാനും സാഹസികത ആഗ്രഹിക്കുന്നവർക്ക് മലമുകളിലേക്ക് കയറുവാനുമുള്ള സൗകര്യം എന്നിവ പ്രകൃതി ഒരുക്കിയ വിഭവങ്ങളിൽ ചിലതാണ്. സൗദി അറേബ്യയുടെ ജീവനാഡി പോലെ ഒരിക്കലും വറ്റാത്ത, മലമുകളിൽ നിന്ന് ഉത്ഭവിക്കുന്ന നീരുറവയാണ് പ്രദേശത്തെ ജീവസ്സുറ്റതാക്കുന്നത്. സൗദിയുടെ ടൂറിസം ഭൂപടത്തിൽ വാദി ലജബ് സ്ഥാനം പിടിച്ചതോടെ മേഖലയിൽ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനുള്ള വികസന പ്രവർത്തങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വാദി ലജബ് സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ പ്രഭാതത്തിൽ തന്നെ അവിടെ എത്തിച്ചേരണം. മൂന്നു മണിക്ക് ശേഷം അപ്രതീക്ഷിതമായി കാലാവസ്ഥാവ്യതിയാനം വരാനുള്ള സാധ്യത ഉണ്ട്. ഇടതൂർന്ന മരങ്ങൾ ഉള്ളതു കൊണ്ട് നാലു മണിയോടെ പ്രദേശത്തു ഇരുട്ട് വീഴും .
ജിസാൻ ബെയിഷ് ഹൈവേയിൽ മഹല്ലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് അൽ ഹഗ്‌ക്യു വഴി അൽ റയ്‌തിലേക്കാണ് പോകേണ്ടത്. വാദി ലജബ് താഴ്വരക്ക് അടുത്ത് കടകൾ കുറവായതിനാൽ വാഹനത്തിൽ അത്യാവശ്യ ഭക്ഷണ സാധനങ്ങൾ കരുതണം.
‘ഫോർ വീൽ’ വാഹനങ്ങളിൽ വരുന്നവർക്ക് വാഹനത്തിൽ തന്നെ താഴ്വരയിലേക്ക് പ്രവേശിക്കാം. മറ്റു വാഹനങ്ങൾ പ്രവേശന കവാടത്തിൽ നിർത്തി ഒരു കിലോമീറ്റർ കാൽനടയായി പോയാൽ താഴ്വരയിൽ എത്താം. സൗദിയിൽ എത്തിയിട്ട് ഇങ്ങനെ ഒരു പ്രദേശം സദർശിച്ചില്ലായിരുന്നെങ്കിൽ വലിയ നഷ്ടമാവുമായിരുന്നു എന്നാണ് സന്ദർശകരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.